ശബരിമല ദര്‍ശനത്തിനുപോയി കാണാതായയാളുടെ മൃതദേഹം നിലയ്ക്കലിനടുത്തുള്ള കമ്പകത്തുംവളവിന് സമീപം കണ്ടെത്തി. ലോട്ടറി വ്യാപാരിയായ പന്തളം മുളമ്പുഴ ശരത് ഭവനില്‍ ശിവദാസന്റെ(60) മൃതദേഹവും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറുമാണ് വ്യാഴാഴ്ച വൈകീട്ട് റോഡിന് സമീപമുള്ള താഴ്ചയില്‍ കണ്ടെത്തിയത്. അപകടമരണമാകാമെന്നാണു പൊലീസ് ഭാഷ്യം. എന്നാല്‍ തുലമാസ പൂജയോട് അനുബന്ധിച്ച് ശബരിമല നട തുറന്നപ്പോഴുണ്ടായ പൊലീസ് നടപടിയിലാണ് ശിവദാസന്‍ കൊല്ലപ്പെട്ടതെന്ന് ബിജെപി ആരോപിക്കുന്നു. ഒക്ടോബര്‍ 18ന് രാവിലെ സ്‌കൂട്ടറില്‍ ശബരിമലയിലേക്ക് പോയതായി ബന്ധുക്കള്‍ പരാതിയില്‍ പറയുന്നു. എല്ലാ മലയാളമാസവും ഒന്നാം തീയതി ശബരിമലയ്ക്ക് പോകാറുള്ളതാണെന്നും അവര്‍ പറഞ്ഞു.
മടങ്ങിയെത്താതിരുന്നതിനെത്തുടര്‍ന്ന് 21ന് പമ്പ, പെരുനാട്, നിലയ്ക്കല്‍ പൊലീസ് സ്‌റ്റേഷനുകളിലും 24ന് പന്തളം പൊലീസ് സ്‌റ്റേഷനിലും പരാതി നല്‍കി. മൃതദേഹം ഇന്ന് രാവിലെ പുറത്തെടുക്കും. ഭാര്യ: ലളിത. മകന്‍: ശരത്. ശിവദാസന്‍ മരിച്ചത് നിലയ്ക്കലിലെ പൊലീസ് നടപടികള്‍ക്കിടെയാണെന്നും മരണവിവരം ഉദ്യോഗസ്ഥര്‍ മറച്ചുവെയ്ക്കുകയായിരുന്നെന്നും ശബരിമല കര്‍മസമിതി ആരോപിച്ചു.
സംഭവത്തില്‍ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെ ബിജെപി ജില്ലാ കമ്മിറ്റി പത്തനംതിട്ട ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം നല്‍കി. ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മസമിതിയും പിന്‍തുണ പ്രഖ്യാപിച്ചു. പരുമല തീര്‍ഥാടകരെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി. യുവതീപ്രവേശനത്തിനെതിരെ പന്തളത്തു നടന്ന നാമജപയാത്രയില്‍ ശിവദാസന്‍ പങ്കെടുത്തിരുന്നു. പൊലീസ് നടപടിക്കിടെയാണ് ശിവദാസനെ കാണാതായതെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ജില്ലാ പൊലീസ് മേധാവി ടി. നാരായണന്‍ പറഞ്ഞു. 16,17 തീയതികളിലാണ് യുവതീപ്രവേശവുമായി ബന്ധപ്പെട്ട പൊലീസ് നടപടികള്‍ ഉണ്ടായത്. ശിവദാസന്‍ 18നാണ് വീട്ടില്‍നിന്ന് ശബരിമലയിലേക്ക് തിരിച്ചത്.
19ന് ഇയാള്‍ ദര്‍ശനം കഴിഞ്ഞ് ഇറങ്ങി അക്കാര്യം ഫോണിലൂടെ വീട്ടിലറിയിച്ചിട്ടുണ്ട്. ഇതിനുശേഷമാണ് കാണാതാകുന്നത്. 25ന് ആണ് പന്തളം സ്റ്റേഷനില്‍ കാണാതായെന്ന പരാതി ലഭിക്കുന്നത്. മരിച്ച നിലയില്‍ കണ്ടെത്തിയ സ്ഥലം ളാഹയിലാണ്. ലാത്തിച്ചാര്‍ജ് നടന്നത് നിലയ്ക്കലും. തെറ്റിദ്ധരിപ്പിക്കുന്ന ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെയും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും ശക്തമായ നടപടിയെടുക്കുമെന്നും ടി. നാരായണന്‍ പറഞ്ഞു. ശിവദാസ് എന്ന അയ്യപ്പഭക്തനെ പൊലീസ് മര്‍ദ്ദിച്ചു കൊന്നു എന്ന് വ്യക്തമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണമെന്നു ബിജെപി അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു. കഴിഞ്ഞ 17 മുതല്‍ കാണാതായ ശിവദാസന്റെ മൃതദേഹം ഇന്നലെ പ്ലാപ്പള്ളി വനത്തില്‍ കണ്ടെത്തുകയായിരുന്നു.
അയ്യപ്പന്റെ ചിത്രം വെച്ച് സൈക്കിളില്‍ ശബരിമലയിലേക്കുള്ള യാത്രാമധ്യേയാണു നിരപരാധിയായ ശിവദാസനെ പിണറായിയുടെ പൊലീസ് അക്രമിച്ചതും അടിച്ചു കൊന്നതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ശിവദാസിനെ കാണാതായ നാള്‍ മുതല്‍ കേസ് ജുഡിഷ്യല്‍ അന്വേഷണത്തിന് വിടണമെന്നു ബിജെപി ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.