ശബരിമല ക്ഷേത്രം ഏറ്റെടുക്കാന്‍ കേന്ദ്രം? നീക്കങ്ങളിലേക്ക് ബിജെപി കടന്നതായാണ് റിപ്പോര്‍ട്ടുകള്‍…    

ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് എന്ന വിശ്വാസി സമൂഹത്തിന്റെ ആവശ്യം പരിഗണിക്കാന്‍ ബിജെപി ദേശീയ നേതൃത്വം. സുപ്രിം കോടതി പുന പരിശോധനാ ഹര്‍ജിയില്‍ തീരുമാനമെടുക്കുന്നത് വരെ കാത്തിരിക്കാതെ കരട് തയ്യാറാക്കല്‍ ഉള്‍പ്പടെയുള്ള നീക്കങ്ങളിലേക്ക് ബിജെപി കടന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഓര്‍ഡിനന്‍സിനായുള്ള കരട് തയ്യാറാക്കാന്‍ മുതിര്‍ന്ന അഭിഭാഷകരെ ചുമതലപ്പെടുത്തിയെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സുപ്രീംകോടതി, ഹൈക്കോടതി എന്നിവിടങ്ങളിലെ മുതിര്‍ന്ന അഭിഭാഷകര്‍ക്കാണ് കരട് തയ്യാറാക്കുന്ന ചുമതല. ശബരിമല കേസില്‍ എന്‍എസ്എസിന് വേണ്ടി ഹാജരായ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും സംഘത്തിലുണ്ട്. ബിജെപി ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശാനുസരണമാണ് നീക്കം.

ആദ്യ രണ്ട് റൗണ്ട് ചര്‍ച്ചകളില്‍ ക്ഷേത്രം ഏറ്റെടുക്കുക എന്ന നിലയിലാണ് തീരുമാനം വന്നിട്ടുള്ളതെന്നാണ് വിവരം. കേരളത്തെ മാത്രം ബാധിക്കുന്ന വിഷയമല്ലെന്നും മറ്റ് തെക്കേയിന്ത്യന്‍ സംസ്ഥാനങ്ങളിലടക്കം ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും ചൂണ്ടിക്കാട്ടി ഏറ്റെടുക്കല്‍ നടപ്പാക്കാമെന്നാണ് കരടിലുള്ളത്. വിശ്വ ഹിന്ദു പരിഷത് രാജ്യവ്യാപകമായി പ്രക്ഷോഭങ്ങള്‍ക്ക് ആഹ്വാനം ചെയ്ത പശ്ചാത്തലത്തില്‍ ഇത് എളുപ്പമാണെന്ന വിലയിരുത്തലാണുള്ളത്.

പുനഃപരിശോധനാ ഹര്‍ജി തള്ളിയാല്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നിലപാടെടുക്കുമെന്ന ചിന്തയാണ് ആദ്യം ക്ഷേത്രം ഏറ്റെടുക്കലിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. അതേസമയം പുനഃപരിശോധനാ ഹര്‍ജിയിലെ കോടതി തീരുമാനത്തിനനുസരിച്ചാകും ഓര്‍ഡിനന്‍സ് വേണ്ടതുണ്ടോ എന്ന് അന്തിമ തീരുമാനം വരിക.

Top