കൊച്ചി: ഷാഫി കോൺഗ്രസിൽ ഏകാധിപതിയാകുന്നു .കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷനേതാവിനും മുകളിൽ കയറി ഭരണം നടത്തുന്നു .ഷാഫി പറമ്പിലിന്‍റെ ഏകാധിപത്യവും ധാർഷ്ട്യവും നിറഞ്ഞ നടപടികളിൽ പ്രതിഷേധിച്ച് പാലക്കാട് കോൺഗ്രസിൽനിന്ന് നേതാക്കളും പ്രവർത്തകരും വ്യാപകമായി കൊഴിഞ്ഞപോകുന്നത് തുടരുന്നു.
ഏറ്റവും ഒടുവിൽ ദളിത് കോൺഗ്രസ് പിരായിരി മണ്ഡലം പ്രസിഡന്റ് കെ എ സുരേഷാണ് കോൺഗ്രസിൽനിന്ന് പുറത്തുവന്നത്. കഴിഞ്ഞ ദിവസം കോൺഗ്രസ് മണ്ഡലം സെക്രട്ടറി ജി ശശിയും പിരായിരി പഞ്ചായത്ത് മെമ്പർ സിത്താരയും പാർട്ടിയിൽനിന്ന് പുറത്തുവന്നിരുന്നു. കോൺഗ്രസിൽനിന്ന് വിട്ടുവന്നവരെല്ലാം ഇടതുമുന്നണിയുടെ സ്വതന്ത്ര സ്ഥാനാർഥി ഡോ. പി സരിനുവേണ്ടി പ്രചരണം ആരംഭിച്ചിട്ടുണ്ട്.
ഷാഫിയുടെ ഏകാധിപത്യ നിലപാടിൽ പ്രതിഷേധിച്ചാണ് പാർട്ടിയിൽനിന്ന് രാജിവെക്കുന്നതെന്ന് കെ എ സുരേഷ് വ്യക്തമാക്കിയിട്ടുണ്ട്. ഷാഫിയുടെ അടുപ്പക്കാർക്ക് മാത്രമാണ് പാർട്ടിയിൽ നേട്ടം. അവഗണനയെക്കുറിച്ച് പല തവണ പരാതി പറഞ്ഞിട്ടും ഫലമുണ്ടായില്ലെന്നു സുരേഷ് കൈരളി ന്യൂസിനോട് പറഞ്ഞു. ഇനി മണ്ഡലത്തിൽ സരിന് വേണ്ടി പ്രവർത്തിക്കുമെന്നും സുരേഷ് വ്യക്തമാക്കി.
കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷനേതാവ് വി ഡി സതീശനും രേഖാമൂലം പരാതി നൽകിയിട്ടും പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെന്ന് കഴിഞ്ഞ ദിവസം കോൺഗ്രസിൽനിന്ന് രാജിവെച്ച ശശിയും സിത്താരയും പറഞ്ഞു. ഇവരെ അനുനയിപ്പിക്കാൻ വി കെ ശ്രീകണ്ഠൻ എം.പി നടത്തിയ നീക്കവും പരാജയപ്പെടുകയും ചെയ്തിരുന്നു.