ഒടിയനില്‍ പ്രകാശ് രാജിന് ശബ്ദം നല്‍കിയത് ലാലേട്ടന്‍ ഉറപ്പ് പറഞ്ഞിട്ടെന്ന് ഷമ്മി തിലകന്‍

തിരുവനന്തപുരം: പ്രതിഫലം നോക്കാതെ ഒടിയന്‍ സിനിമയില്‍ പ്രതിനായകന് ശബ്ദം കൊടുക്കാന്‍ തയ്യാറായത് ലാലേട്ടന്‍ നല്‍കിയ ഉറപ്പിന്മേലാണെന്ന് നടന്‍ ഷമ്മി തിലകന്‍. തന്റെ അച്ഛനോട് കാണിച്ച അനീതിക്ക് താരസംഘടനയായ അമ്മ പ്രായശ്ചിത്തം ചെയ്യുമെന്ന് തന്നെയാണ് വിശ്വാസമെന്നും അദ്ദേഹം വ്യക്തമാക്കി.
മമ്മൂട്ടി ചിത്രമായ മാമാങ്കത്തില്‍ നിന്ന് യുവനടന്‍ ധ്രുവനെ പുറത്താക്കിയതിനെ പരിഹസിച്ച് കഴിഞ്ഞ ദിവസം ഷമ്മി ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ഇതിനിടയിലാണ് ഷമ്മി തിലകന്‍ അച്ഛനും താരസംഘടനയുമായുള്ള പ്രശ്‌നം ചര്‍ച്ചയാക്കിയത്.

തന്റെ പിതാവിനോട് കാണിച്ച അനീതിക്ക് പരിഹാരമുണ്ടാകുമെന്ന് അമ്മയുടെ പ്രസിഡന്റായി ചുമതലയേറ്റ ശേഷം ലാലേട്ടന്‍ തനിക്ക് വാക്കു തന്നിരുന്നതാണ്. ആ ഉറപ്പിനുള്ള ഉപകാര സ്മരണയെന്നോണമാണ് ഒടിയന്‍ സിനിമയില്‍ പ്രതിനായകന് ശബ്ദം കൊടുക്കാന്‍ പ്രതിഫല ഇച്ഛയില്ലാതെ ഒരു മാസത്തോളം സ്റ്റുഡിയോയില്‍ കുത്തിയിരുന്നതെന്നും ഷമ്മി പറയുന്നു. തന്റെ ഭാഗം കഴിഞ്ഞെന്നും ഇനിയെല്ലാം ലാലേട്ടന്റെ കൈയിലാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

Top