അരൂര്‍: ഇടതുകോട്ടയിൽ വിള്ളൽ വീഴ്ത്തി ഷാനിമോൾ ഉസ്മാൻ എൽ.ഡി.എഫിന്റെ സിറ്റിംഗ് സീറ്റായ അരൂർ പിടിച്ചെടുത്തു. അത്യന്തം ആവേശകരമായ വോട്ടെണ്ണലിൽ വൻ അട്ടിമറിയിലൂടെയാണ് ഷാനിമോൾ ഉസ്മാൻ വിജയം സ്വന്തമാക്കിയത്. അവസാന നിമിഷം ലീഡ് കുറഞ്ഞെങ്കിലും വിജയം ഷാനിമോളോടൊപ്പമായിരുന്നു.
എൽ.ഡി.എഫ് സ്ഥാനാർത്ഥി മനു സി.പുളിക്കലിനെ 1955ൽപരം വോട്ടുകൾക്കാണ് ഷാനിമോൾ ഉസ്മാൻ പരാജയപ്പെടുത്തിയത്. നിയമസഭയിലേക്ക് ഷാനിമോൾ മൂന്നാം തവണയാണ് മത്സരിക്കുന്നതെങ്കിലും ആദ്യമായാണ് വിജയിക്കുന്നത്. വോട്ടെണ്ണൽ ആരംഭിച്ചപ്പോഴൊന്നും ബി.ജെ.പി സ്ഥാനാർത്ഥി പ്രകാശ് ബാബുവിന് ചിത്രത്തിൽ ഇടം നേടാനായില്ല. ഔദ്യോഗിക ഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.
വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിലൊഴികെ ബാക്കിയെല്ലായ്‌പ്പോളും ഷാനിമോള്‍ ഉസ്മാന്‍ ഭൂരിപക്ഷം നിലനിര്‍ത്തിയിരുന്നു. എന്നാല്‍ ആയിരത്തില്‍ താഴെ മാത്രം വോട്ടുകളുടെ ഭൂരിപക്ഷം എതു നിമിഷവും മാറിമറിയാം എന്ന നിലയില്‍ മുന്നേറിയപ്പോള്‍ തിരഞ്ഞെടുപ്പ് ഫലം ആകാംഷയുടെ മുള്‍മുനയിലായി. അവസാന ഘട്ടത്തില്‍ ഭൂരിപക്ഷം ക്രമേണ ഉയരുകയും രണ്ടായിരം കടക്കുകയും ചെയ്തു.
67800 പരം വോട്ടുകളാണ് ഷാനിമോള്‍ ഉസ്മാന്‍ നേടിയത്. 65900 ഓളം വോട്ടുകളാണ് മനു സി. പുളിക്കലിന് ലഭിച്ചത്.