ആകുലതകളില്ലാത്ത ആര്‍ത്തവം; സ്‌കൂളുകളില്‍ ഷീ പാഡ് പദ്ധതിയ്ക്ക് തുടക്കമായി

ആര്‍ത്തവകാലത്തെ അമിത രക്തസ്രാവത്തെ ഇനി ഭയക്കേണ്ടതില്ല. സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യമായി സാനിട്ടറി നാപ്കിനുകള്‍ വിതരണം ചെയ്യുക എന്ന ഉദ്ദേശത്തോടെ സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത ഷീ പാഡ് പദ്ധതിയ്ക്ക് തുടക്കമായി. സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ 6 മുതല്‍ 12 വരെയുള്ള ക്ലാസ്സുകളിലെ പെണ്‍കുട്ടികള്‍ക്കു വേണ്ടിയാണ് ഷീ പാഡ് പദ്ധതി രൂപീകരിച്ചത്. ഒറ്റശേഖരമംഗലം ജനാര്‍ദ്ദനപുരം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ പ്രിന്‍സിപ്പല്‍ വി ശ്രീകലയ്ക്ക് ഇന്‍സിനറേറ്റര്‍ കൈമാറി ഉദ്ഘാടനം ചെയ്തു. വനിതാവികസന കോര്‍പ്പറേഷന്‍ തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്തെ 114 പഞ്ചായത്തുകളുടെ പരിധിയില്‍ വരുന്ന മുന്നൂറോളം സ്‌കൂളുകളില്‍ ഈ അധ്യയനവര്‍ഷം പദ്ധതി നടപ്പിലാക്കും. തുടര്‍ന്ന് സംസ്ഥാനത്താകെ പദ്ധതി വ്യാപിപ്പിക്കുമെന്നും മന്ത്രി കെ കെ ശൈലജ അറിയിച്ചു. ഗുണമേന്മയേറിയ സാനിറ്ററി നാപ്കിന്‍ സൗജന്യമായി നല്‍കുമെന്നും അവ സൂക്ഷിക്കുന്നതിനാവശ്യമായ അലമാര, ഉപയോഗിച്ച നാപ്കിന്‍ പ്രകൃതിക്ക് ദോഷമില്ലാത്ത രീതിയില്‍ നിര്‍മാര്‍ജനം ചെയ്യുന്ന ഇന്‍സിനറേറ്റര്‍ എന്നിവ സ്‌കൂളുകളില്‍ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ആര്‍ത്തവ ശുചിത്വ അവബോധം നല്‍കുന്നതിന് എച്ച്.എല്‍.എല്‍. ലൈഫ് കെയര്‍ ലിമിറ്റഡ് തയ്യാറാക്കിയ ലഘുലേഖ ഹെഡ്മാസ്റ്റര്‍ യു മധുസൂദനന്‍ നായര്‍ക്കു നല്‍കി മന്ത്രി പ്രകാശനം ചെയ്തു. കൗമാരക്കാരായ പെണ്‍കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ തികച്ചും ശാസ്ത്രീയമായി ആവിഷ്‌കരിച്ച പദ്ധതിയാണ് ‘ഷീ പാഡ്’ എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Top