ഷീന ബോറ കേസ് പ്രതി ഇന്ദ്രാണി മുഖര്‍ജിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല

മുംബയ് :ഷീന ബോറ കേസ് പ്രതി ഇന്ദ്രാണി മുഖര്‍ജിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല. അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണെന്ന് അവരെ ചികിത്‌സിക്കുന്ന ജെ.ജെ. ആശുപത്രിയിലെ ഡോക്‌ടര്‍മാര്‍ അറിയിച്ചു. ആത്‌മഹത്യ ചെയ്യാന്‍ ഉറക്കഗുളികള്‍ കഴിച്ചെന്നാണ് ആദ്യം കരുതിയതെങ്കിലും ആമാശയത്തില്‍ മരുന്നിന്റെ അംശം കണ്ടെത്താനായില്ല. രക്തം, മൂത്രം സാമ്പിളുകളുടെ ഫോറന്‍സിക് പരിശോധനയിലൂടെ കാരണം വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് ഡോക്‌ടര്‍മാര്‍. ബൈക്കുളയിലെ വനിതാ ജയിലില്‍ റിമാന്‍ഡിലായിരുന്ന ഇന്ദ്രാണിയെ വെള്ളിയാഴ്‌‌ച വൈകിട്ടാണ് ബോധംകെട്ടു വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തെക്കുറിച്ച് ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവിസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അതേസമയം ഇന്ദ്രാണിയെ ആശുപത്രിയില്‍ കാണാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അവരുടെ അഭിഭാഷകന്‍ കോടതിയെ സമീപിച്ചു. ഹര്‍ജി പരിഗണിച്ച കോടതി ഇന്ദ്രാണിയുടെ ആരോഗ്യ റിപ്പോര്‍ട്ട് നല്‍കാന്‍ ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടു. കുറച്ചു ദിവസം മുമ്പ് മാതാവ് ദുര്‍ഗാ റാണി മരിച്ചതു പോലും ഇന്ദ്രാണിയെ അറിയിക്കാന്‍ ജയില്‍ അധികൃതര്‍ അനുവദിച്ചില്ലെന്ന് അഭിഭാഷകന്‍ പരാതിപ്പെട്ടു.

അപസ്മാരത്തിനുള്ള ഗുളിക അമിതമായ അളവില്‍ കഴിച്ച് ബോധാവസ്ഥയിലായതെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടനില പൂര്‍ണമായും തരണം ചെയ്‌തെന്ന് പറയാറായിട്ടില്ലെന്നാണ് ഡോക്ടര്‍മാരുടെ നിലപാട്. സെപ്തംബര്‍ 11 മുതല്‍ ഇന്ദ്രാണി അപസ്മാരത്തിനുള്ള ഗുളിക ഉപയോഗിക്കുന്നുണ്ടെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.ഇന്നലെയാണ് അബോധാവസ്ഥയില്‍ കണ്ടെത്തിയ ഇന്ദ്രാണി മുഖര്‍ജിയെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഷീന ബോറ കൊലക്കേസിന്റെ അന്വേഷണം കഴിഞ്ഞദിവസം സി ബി ഐക്ക് വിട്ടുകൊണ്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. പൊലീസ് അന്വേഷണം വിവാദമായതിനെ തുടര്‍ന്നായിരുന്നു അന്വേഷണം സി ബി ഐക്ക് വിട്ടത്. 2012 ലാണ് ഷീന ബോറ കൊല്ലപ്പെട്ടത്. ഷീനയുടെ അമ്മയായ ഇന്ദ്രാണി മുഖര്‍ജി, ഇന്ദ്രാണിയുടെ മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്ന, ഡ്രൈവര്‍ ശ്യാം എന്നിവരാണ് കേസിലെ പ്രതികള്‍.

Top