സേലം :വിവാഹ വാർഷിക സമ്മാനവുമായി രണ്ടാം തവണയും ഹാദിയയെ കാണാൻ ഷെഫീൻ ജഹാൻ എത്തി.സേലത്ത് ഹാദിയ ആയുർവേദ പഠനം നടത്തുന്ന കോളേജിലെത്തി ഷെഫിൻ വിവാഹ വാർഷിക സമ്മാനം നൽകി. ഇത് രണ്ടാം വട്ടമാണ് ഷെഫിൻ ഹാദിയയെ കാണാൻ എത്തുന്നത്.ഡിസംബർ 19 ആണ് ഇരുവരുടെയും വിവാഹ വാർഷികം തനിക്കു സ്വാതന്ത്ര്യം വേണമെന്ന ഹാദിയയുടെ ആവശ്യം സുപ്രീംകോടതി ഭാഗികമായി അംഗീകരിച്ചതോടെയാണ് മുടങ്ങി കിടന്ന വിദ്യാഭ്യാസം പുനരാരംഭിച്ചത് .
കോടതി അനുവദിച്ച സ്വാതന്ത്ര്യത്തിൽ ഹാദിയ സന്തോഷവതിയാണ് . ചുവന്ന ചുരിദാർ ധരിച്ച് വലിഞ്ഞു മുറുകിയ മുഖവുമായി കോടതിയിൽ എത്തിയ ഹാദിയ വിധികേട്ട ശേഷം മടങ്ങിയത് ചിരിച്ചു വിടർന്ന മുഖത്തോടെ; കേരളാ ഹൗസിൽ നിന്നും കോയമ്പത്തൂരിലേക്ക് കൊണ്ടുപോകാൻ സുരക്ഷാ ഉദ്യോഗസ്ഥർ ഒരുക്കം തുടങ്ങിയപ്പോൾ ധരിക്കാൻ ആഭരണങ്ങൾ ലഭിക്കണമെന്ന് ആവശ്യപ്പെട്ടു.
നേരത്തെ തനിക്കു സ്വാതന്ത്ര്യം വേണമെന്നും സ്വന്തം മതവിശ്വാസം അനുസരിച്ചു ജീവിക്കാൻ അനുവദിക്കണമെന്നും ഹാദിയ സുപ്രിം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ദ്വിഭാഷിയുടെ സഹായത്തോടെയാണ് തുറന്ന കോടതിയിൽ ഹാദിയ കോടതിയുടെ ചോദ്യങ്ങൾക്കു മറുപടി നൽകിയത്.
തനിക്കു മനുഷ്യനെന്ന പരിഗണന ലഭിക്കണമെന്ന് ഹാദിയ ആവശ്യപ്പെട്ടു. തന്റെ പഠനം പൂർത്തിയാക്കാൻ അനുവദിക്കണം. മാതാപിതാക്കളുടെ സമ്മർദം മൂലമാണ് വീടുവിട്ടതെന്ന് ഹാദിയ കോടതിയിൽ വ്യക്തമാക്കി. പഠനം പൂർത്തിയാക്കാൻ സർക്കാർ സഹായം വേണ്ട, പഠന ചെലവ് ഭർത്താവ് വഹിക്കുമെന്ന് ഹാദിയ പറഞ്ഞു.