മൊയ്തീന്‍ പുത്തന്‍ചിറ
ഷെറിന്‍ മാത്യൂസ് – രക്ഷകനാകേണ്ട പിതാവ് അന്തകനായി (ഭാഗം 1)
ന്യുയോർക്ക് :അമേരിക്കന്‍ മലയാളികള്‍ക്ക് മാത്രമല്ല ലോക മലയാളികള്‍ക്ക് തന്നെ ഏറെ മാനോവ്യഥയുണ്ടാക്കിയ സംഭവമാണ് ടെക്സസിലെ റിച്ചാര്‍ഡ്സണില്‍ താമസക്കാരായ വെസ്ലി-സിനി ദമ്പതികളുടെ മകള്‍ മൂന്നു വയസ്സുകാരി ഷെറിന്‍ മാത്യൂസിന്റെ തിരോധാനം. ഈ കുരുന്ന് മനഃപ്പൂര്‍വ്വം വീടു വിട്ട് ഒളിച്ചോടിയതല്ല, മറിച്ച് സ്വന്തം പിതാവിന്റെ (രണ്ടാനച്ഛനെന്നോ വളര്‍ത്തച്ഛനെന്നോ പറയുന്നതായിരിക്കും ഉചിതം) ബുദ്ധിമോശം കൊണ്ട് കാണാതായതാണ്.
ഒക്ടോബര്‍ 7 ശനിയാഴ്ച വാര്‍ത്താ മാധ്യമങ്ങളിലൂടെ മൂന്നു വയസ്സുള്ള പെണ്‍കുഞ്ഞിനെ കാണ്മാനില്ല എന്ന വിവരങ്ങള്‍ അറിഞ്ഞപ്പോള്‍ അമേരിക്കയില്‍ ഇത് നിത്യ സംഭവമാണല്ലോ എന്ന് തോന്നിയെങ്കിലും, കുട്ടിയെ കാണാതായ സാഹചര്യങ്ങള്‍ വായിച്ചപ്പോള്‍ സ്വാഭാവികമായും സംശയങ്ങളുടലെടുത്തു. അതിരാവിലെ 3 മണിക്ക് കുട്ടിയെ സ്വന്തം വീടിന്റെ 100 മീറ്റര്‍ അകലെയുള്ള മരത്തിനടിയില്‍ പിതാവ് കൊണ്ടു നിര്‍ത്തി വീട്ടിലേക്ക് പോന്നു എന്നു കേട്ടപ്പോള്‍ അത്ഭുതവും അതിലുപരി അമര്‍ഷവും തോന്നി. കുട്ടി പാല്‍ കുടിക്കാന്‍ വിസമ്മതിച്ചപ്പോള്‍ ശിക്ഷാ നടപടിയെന്ന നിലയിലാണത്രേ അങ്ങനെ കൊണ്ടു നിര്‍ത്തിയത്! അപ്പോഴും വിശ്വസിക്കാന്‍ പ്രയാസം തോന്നി. കേവലം മൂന്നു വയസ്സുമാത്രം പ്രായമുള്ള ഒരു കുഞ്ഞിനെ ആരെങ്കിലും അങ്ങനെയൊരു ശിക്ഷ വിധിക്കുമോ? തീര്‍ന്നില്ല. പതിനഞ്ചു മിനിറ്റു കഴിഞ്ഞ് പിതാവ് ചെന്നു നോക്കുമ്പോള്‍ കുഞ്ഞ് അപ്രത്യക്ഷയായിരിക്കുന്നു!
സാധാരണ രീതിയില്‍ അങ്ങനെയൊരു സംഭവം നടക്കുമ്പോള്‍ ഉടനെ പോലീസില്‍ വിവരമറിയിക്കുകയാണ് ബുദ്ധിയും വിവേകവുമുള്ളവര്‍ ചെയ്യുക. അമേരിക്കയില്‍ എവിടെയായാലും 911 എന്ന ഫോണ്‍ നമ്പറില്‍ വിളിച്ചാല്‍ മിനിറ്റുകള്‍ക്കകം പോലീസും, ആംബുലന്‍സും അഗ്നിശമന സേനാംഗങ്ങളും കുതിച്ചെത്തും. അതാണ് 911 നുള്ള പ്രത്യേകത. ആംബുലന്‍സും അഗ്നിശമന സേനയും എല്ലാ സജ്ജീകരണങ്ങളോടെയുമാണ് എത്തുന്നത്. അങ്ങനെ ഒരു സംവിധാനം നിലവിലുള്ളപ്പോള്‍ ഷെറിന്‍ മാത്യൂസിന്റെ പിതാവ് അതൊന്നും ചെയ്യാതെ രാവിലെ 8 മണിവരെ കാത്തിരുന്നതിനു ശേഷമാണ് പോലീസിനെ വിളിക്കുന്നത്! ആര് കേട്ടാലും അവിശ്വസനീയമായി തോന്നുന്ന സംഭവം. എത്ര ചിന്തിച്ചിട്ടും ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങളാണ് പിന്നീട് ജനങ്ങളുടെ മനസ്സില്‍ പതിഞ്ഞത്.
ഒരു പിതാവും ചെയ്യാത്ത കുറ്റകൃത്യം. അമേരിക്ക പോലുള്ള ഒരു രാജ്യത്ത് ഒരു മലയാളി ചെയ്യാന്‍ പാടില്ലാത്ത പ്രവൃത്തിയായിപ്പോയി അത്. ശാഠ്യങ്ങളും ദുശ്ശാഠ്യങ്ങളും ഇല്ലാത്ത ഏതൊരു കുഞ്ഞാണ് ഈ ലോകത്തുള്ളത്? എല്ലാ കുഞ്ഞുങ്ങളും അങ്ങനെയാണ്. അക്കാര്യം ഈ പിതാവിന് അറിയില്ലെന്നുണ്ടോ? അതോ മനഃപ്പൂര്‍വ്വം ചെയ്തതാണോ? നമ്മുടെ ചിന്തകള്‍ക്കതീതമായി മനസ്സില്‍ ആശങ്കയുളവാക്കുന്ന പലതും ഇന്നത്തെ സമൂഹത്തില്‍ നടക്കുന്നു അല്ലെങ്കില്‍ സംഭവിക്കുന്നു. ധാര്‍മ്മികതയോ മനുഷ്യത്വമോ തൊട്ടുതീണ്ടിയിട്ടില്ലാത്ത, നമുക്ക് ഉള്‍ക്കൊള്ളാന്‍ തന്നെ പ്രയാസമായിട്ടുള്ള കാര്യങ്ങള്‍. ഈ മൂന്നു വയസ്സുകാരിയെ എന്തിനാണ് പുലര്‍ച്ചെ മൂന്നു മണിക്ക് പുറത്ത് നിര്‍ത്തിയതെന്ന പോലീസിന്റെ ചോദ്യത്തിന് പിതാവ് നല്‍കിയ മറുപടി ഇങ്ങനെ…”അര്‍ദ്ധരാത്രിക്ക് എഴുന്നേറ്റ് പാലു കുടിയ്ക്കുന്ന സ്വഭാവം കുട്ടിക്ക് ഉണ്ടായിരുന്നു. അങ്ങനെ എഴുന്നേറ്റപ്പോള്‍ പാല്‍ കുടിക്കാന്‍ വിസമ്മതിച്ചു. അപ്പോള്‍ ശിക്ഷ കൊടുക്കാനാണ് മരത്തിന്റെ ചുവട്ടില്‍ കൊണ്ടു നിര്‍ത്തിയത്..” കൂടാതെ, ആ പ്രദേശത്ത് കയോട്ടീസിനെ (ചെന്നായ്ക്കള്‍) കാണാറുണ്ടെന്നും പിതാവ് വെസ്ലി മാത്യൂസ് പോലീസിനോട് പറഞ്ഞു. പുലര്‍ച്ചെ 3:15ന് കുട്ടിയെ കാണാതായിട്ട് രാവിലെ 8 മണിവരെ എന്തു ചെയ്തു എന്ന ചോദ്യത്തിന് ‘തുണി കഴുകുകയായിരുന്നു’ എന്ന ഉത്തരമാണ് വെസ്ലി നല്‍കിയത്. ആ സമയത്ത് ഭാര്യ ഉറക്കമായിരുന്നുവെന്നും പറഞ്ഞു..!
അവിശ്വസനീയമായ വിവരണമാണ് വെസ്ലി നല്‍കിയിരിക്കുന്നതെന്ന് ഏതൊരാള്‍ക്കും തോന്നും. കാരണം 1) രാവിലെ 3 മണിക്ക് പാല്‍ കുടിക്കാത്ത ഒരു കുഞ്ഞിനെ ആരും ചെന്നായ വിഹരിക്കുന്ന സ്ഥലത്ത് കൊണ്ടു നിര്‍ത്തുകയില്ല, അതും ബുദ്ധി വളര്‍ച്ചയെത്താത്ത കുട്ടിയെ 2) 15 മിനുട്ട് കഴിഞ്ഞപ്പോള്‍ കുട്ടി അപ്രത്യക്ഷമായെങ്കില്‍ ഉടനെ പോലീസിനെ അറിയിക്കണമായിരുന്നു 3) രാവിലെ 8 മണിവരെ കാത്തിരുന്ന് ആ സമയം മുഴുവന്‍ തുണി കഴുകിയെന്നു പറയുന്നത് വിശ്വാസയോഗ്യമല്ല 4) ആ സമയം മുഴുവന്‍ ഭാര്യ ഉറക്കമായിരുന്നു എന്നു പറഞ്ഞതും വിശ്വസിക്കാനാവില്ല.
കുറ്റകൃത്യം ചെയ്തുവെന്ന് തോന്നുമ്പോള്‍ രക്ഷപ്പെടാന്‍ വേണ്ടി പറയുന്ന അടവുനയങ്ങളാണ് വെസ്ലി പറഞ്ഞതെന്ന് പോലീസിന് അപ്പോഴേ തോന്നിക്കാണണം. അതുകൊണ്ടു തന്നെ എഫ്ബിഐ ഇടപെട്ടു. അവര്‍ വന്ന് വെസ്ലിയുടെ വീടു മുഴുവന്‍ അരിച്ചു പെറുക്കി കഴുകിയിട്ട തുണികളടക്കം കൊണ്ടുപോയി. കൂടാതെ, സെല്‍ ഫോണുകള്‍, ലാപ് ടോപ്പുകള്‍, കംപ്യൂട്ടര്‍, മൂന്ന് വാഹനങ്ങള്‍ എല്ലാം….. കുട്ടിയെ അപായപ്പെടുത്തി എന്ന കുറ്റത്തിന് വെസ്ലിയെ അറസ്റ്റു ചെയ്യുകയും രണ്ടര ലക്ഷം ഡോളര്‍ ജാമ്യത്തിന് വിട്ടയക്കുകയും ചെയ്തു……! വെസ്ലി-സിനി ദമ്പതികള്‍ക്കുണ്ടായ നാലു വയസ്സുള്ള മറ്റൊരു പെണ്‍കുട്ടിയെ ചൈല്‍ഡ് പ്രൊട്ടക്ടീവ് സര്‍വ്വീസ് കൊണ്ടുപോകുകയും ചെയ്തു. അതാണ് അമേരിക്കയിലെ നിയമം. ഏത് വലിയവന്റെ വീട്ടിലായാലും കുട്ടികള്‍ ഭദ്രമല്ലെന്നു കണ്ടാല്‍ ശിശു സംരക്ഷണ ഏജന്‍സികള്‍ കുട്ടികളെ കൊണ്ടുപോകും. കോടതി കനിഞ്ഞാലേ ആ കുട്ടിയെ മാതാപിതാക്കള്‍ക്ക് വിട്ടു കിട്ടൂ. അതും വളരെ കര്‍ശനമായ നിരീക്ഷണത്തോടെയും നിര്‍ദ്ദേശത്തോടെയും മാത്രം.
ഒക്ടോബര്‍ 7 ശനിയാഴ്ച നടന്ന ഈ സംഭവത്തിനുശേഷം നിരവധി സംഭവ വികാസങ്ങള്‍ നടന്നു. ദിവസങ്ങള്‍ കഴിയുന്തോറും 3 വയസ്സുകാരി ഷെറിനെ കുറിച്ച് യാതൊരു വിവരവും കിട്ടിയില്ല. റിച്ചാര്‍ഡ്സണ്‍ പോലീസും എഫ് ബി ഐയും ആ പ്രദേശമാകെ അരിച്ചു പെറുക്കി. ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തി, പ്രത്യേക പരിശീലനം ലഭിച്ച പോലീസ് നായകളെക്കൊണ്ട് പരിസരമാകെ പരതിച്ചു… ഷെറിനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. ഇതിനിടെ പലതവണ റിച്ചാര്‍ഡ്സണ്‍ പോലീസ് വെസ്ലിയേയും ഭാര്യ സിനിയേയും ചോദ്യം ചെയ്യാന്‍ ശ്രമിച്ചിരുന്നു. അപ്പോഴേക്കും അവര്‍ രണ്ടുപേരും അഭിഭാഷകരെ നിയോഗിച്ചു കഴിഞ്ഞിരുന്നു. അതോടെ അവര്‍ പോലീസുമായി നിസ്സഹകരണം പ്രഖ്യാപിക്കുകയും ചെയ്തു. വെസ്ലിയെ ചോദ്യം ചെയ്ത സമയത്ത് മകള്‍ നഷ്ടപ്പെട്ട ഒരു പിതാവിന്റെ വേവലാതിയൊന്നു വെസ്ലിയില്‍ പ്രകടമായില്ല എന്ന് റിച്ചാര്‍ഡ്സണ്‍ പോലീസ് പറഞ്ഞത് ഇവിടെ ഏറെ പ്രസക്തമാണ്. അവര്‍ക്ക് വെസ്ലിയില്‍ സംശയം കൂടാന്‍ കാരണവും അതാണ്.
സമൂഹത്തില്‍ മാന്യത നടിച്ച് ജീവിച്ചിരുന്ന ഇവരുടെ യഥാര്‍ത്ഥ മുഖം അനാവരണം ചെയ്യുന്നത് ഒക്ടോബര്‍ 23-നാണ്. അന്നാണ് ഷെറിന്‍ എന്ന ആ പിഞ്ചോമനയുടെ മൃതശരീരം വെസ്ലിയുടെ വീട്ടില്‍ നിന്ന് കേവലം ഒന്നര മൈല്‍ അകലെ ഒരു ഓവു ചാലില്‍ നിന്ന് ലഭിക്കുന്നത്. അവിശ്വസനീയവും ഞെട്ടിപ്പിക്കുന്നതുമായ വിവരങ്ങളാണ് പിന്നീട് കേട്ടുകൊണ്ടിരിക്കുന്നത്……!
പ്രശസ്ത മനഃശ്ശാസ്ത്ര വിദഗ്ധന്‍ ഡോ. പി.പി. വിജയന്റെ ‘പാരന്റിംഗ്’ എന്ന ലേഖനത്തില്‍ “ഒരു പിതാവിന്റെ നന്മയ്ക്ക് കൊടുമുടിയെക്കാള്‍ ഉയരവും മാതാവിന്റെ നന്മയ്ക്ക് കടലിനേക്കാള്‍ ആഴവുമുണ്ട്” എന്ന ശീര്‍ഷകത്തില്‍ മാതാപിതാക്കള്‍ക്ക് കുട്ടികളെ വളര്‍ത്താന്‍ അവശ്യം അറിഞ്ഞിരിക്കേണ്ടതായ വിവരങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.
കുട്ടികള്‍ ദൈവത്തിന്റെ അനുഗ്രഹമാണ്. ദൈവം അറിഞ്ഞു തന്നെയാണ് നിങ്ങളുടെ മക്കളെ നിങ്ങള്‍ക്കു നല്‍കിയിട്ടുള്ളത്. പരിപാലിക്കുന്നതില്‍ രക്ഷകര്‍ത്താവായ നിങ്ങള്‍ക്ക് എത്രമാത്രം കഴിവുണ്ടോ അതിലധികം കുട്ടികളെ ദൈവം തരാറില്ല. അതായത് നാം ആഗ്രഹിക്കുന്നത് നമുക്കു ലഭിക്കുന്നു എന്നും പറയാം.
സാമൂഹിക ശാസ്ത്രത്തില്‍ ഇക്കഴിഞ്ഞ മുക്കാല്‍ നൂറ്റാണ്ടില്‍ ഏറ്റവും അധികം ഗവേഷണങ്ങള്‍ നടന്ന മേഖലയാണ് പേരന്റിംഗ്. ശാസ്ത്രീയ ഗവേഷണങ്ങള്‍ ഏതു വഴിക്കു നടന്നാലും ശരി, അത്ര ശാസ്ത്രീയമായി പഠിക്കേണ്ട കാര്യമൊന്നുമല്ല പേരന്റിംഗ് എന്നാണ് ഒട്ടുമുക്കാല്‍പേരും കരുതുന്നത് . ‘കുട്ടികളെ വളര്‍ത്തുന്ന കാര്യത്തില്‍ ഇത്രയധികം ശ്രദ്ധിക്കാനെന്തിരിക്കുന്നു. അവര്‍ അങ്ങ് വളരുകയില്ലേ’ എന്ന് പല രക്ഷകര്‍ത്താക്കളും ചോദിക്കുന്നത് കേട്ടിട്ടുണ്ട് . പക്ഷേ പുതിയ തലമുറ കെട്ടിപ്പടുക്കുന്നതില്‍ രക്ഷകര്‍ത്താക്കള്‍ക്കുള്ള പങ്ക് ഗണിക്കുമ്പോള്‍ പേരന്റിംഗ് അതീവ പ്രാധാന്യമര്‍ഹിക്കുന്ന ഒരു സാമൂഹിക ധർമ്മമാണെന്നു പറയേണ്ടി വരുന്നു. “യഥാര്‍ത്ഥത്തില്‍ പേരന്റിങ്ങിനെക്കാള്‍ അര്‍ത്ഥപൂര്‍ണമായ ഒരു ധര്‍മ്മം സമൂഹത്തിനില്ല. മാതാപിതാക്കള്‍ക്കുപരി കുട്ടികളെ സ്വാധീനിക്കുന്നവര്‍ ആരുമില്ല” എന്ന് സാമൂഹിക ശാസ്ത്രജ്ഞനായ സ്റ്റൈയിന്‍ബർഗ് പറയുന്നതോര്‍ക്കുക.
പേരന്റിംഗ് എന്നത് ഒരൊറ്റക്കാര്യമല്ല. മറിച്ച് കുട്ടികളെ വളര്‍ത്താനും അവരുടെ വളര്‍ച്ചയില്‍ ശ്രദ്ധയൂന്നാനുമായി മാതാപിതാക്കളെടുക്കുന്ന നിലപാടുകളുടെയും സ്വഭാവരീതികളുടെയും ആകെത്തുകയാണത്. അങ്ങനെ ചിന്തിക്കുമ്പോള്‍ മാതാപിതാക്കളുടെ ജീവിതം തന്നെയാണ് പേരന്റിംഗ്. മുതിര്‍ന്നവര്‍ പറഞ്ഞു കൊടുക്കുന്നതല്ല, അവര്‍ എങ്ങനെ പെരുമാറുന്നുവെന്നതാണ് കുട്ടികളുടെ വിദ്യാഭ്യാസം എന്ന് മനശാസ്ത്രജ്ഞനായ കാല്‍ യുങ്ങ് പഞ്ഞതിന്റെ അര്‍ത്ഥം ഇതാണ്.
വിദ്യാഭ്യാസപ്രവര്‍ത്തകരും ശിശുമനശാസ്ത്രജ്ഞരും വളരെ മുമ്പ് തന്നെ കണ്ടെത്തിയ ഒരു കാര്യമുണ്ട് . കുട്ടികളില്‍ ചെറുപ്രായത്തില്‍ തന്നെ ആത്മബോധം രൂപം കൊള്ളുന്നു. അതോടൊപ്പം വ്യക്തിത്വവും സ്വയം മതിപ്പുമൊക്കെ അവരില്‍ കരുപ്പിടിപ്പിക്കപ്പെടുന്നു. പിന്നീട് കുട്ടികളില്‍ ഈ ലോകത്തില്‍ സ്വതന്ത്രമായി ജീവിക്കുന്ന ഒരു സമയം വരും. ഒരു പേരന്റ് എന്ന നിലയില്‍ സംരക്ഷണത്തിന്റെ നിഴല്‍പോലും നല്‍കേണ്ടാത്ത സമയം. ശരിയായ പേരന്റിംഗിലൂടെ നിങ്ങളുടെ കുട്ടിയുടെ ഉള്ളില്‍ വിതച്ച നന്മകളുടെ വിത്തുകള്‍ വളര്‍ന്ന് ശാഖ വീശി വളരുന്നതും പൂവണിയുന്നതുമൊക്കെ അന്ന് നിങ്ങള്‍ക്ക് ആഹ്ലാദത്തോടെ ദര്‍ശിക്കാം . അതുകൊണ്ട് ഇപ്പോള്‍ എല്ലാ കഴിവുകളുമുപയോഗിച്ച് നിങ്ങളുടെ കുട്ടികള്‍ക്ക് മികച്ച പേരന്റിംഗ് നല്‍കുക. പോന്നോമനകള്‍ക്ക് വേണ്ടി തുടങ്ങാവുന്ന ഏറ്റവും നല്ല സമ്പാദ്യം അതാണ്.
പേരന്റിംഗ് അതീവ ദുഷ്കരമാണ്. അതേസമയം അങ്ങേയറ്റം ആസ്വാദ്യകരവുമാണത്. ഒരു പിതാവിന്റെ നന്മയ്ക്ക് കൊടുമുടിയെക്കാള്‍ ഉയരവും മാതാവിന്റെ നന്മയ്ക്ക് കടലിനേക്കാള്‍ ആഴവുമുണ്ട് എന്ന് പറയാറുണ്ട്. അതിനര്‍ത്ഥം മാതാപിതാക്കളുടെ പ്രാഥമികമായ കടമയും ഉത്തരവാദിത്തവും തന്നെ അടുത്ത തലമുറയെ ഏറ്റവും മികച്ച രീതിയില്‍ വളര്‍ത്തിയെടുക്കുക എന്നതാണല്ലോ. സ്വയം മാതാപിതാക്കളായിത്തീരാതെ മാതാപിതാക്കളുടെ സ്നേഹമെന്തെന്നു നാം ഒരിക്കലും അറിയുന്നില്ല എന്ന് ഹെന്റി ബീച്ചര്‍ പറഞ്ഞതോര്‍ക്കുന്നു. അറിയുന്ന സ്നേഹം അതിന്റെ പത്തിരട്ടിയായി നമ്മുടെ കുട്ടികള്‍ക്ക് നല്‍കാന്‍ നല്ല പേരന്റിംഗ് സഹായിക്കുന്നു.
തന്റെ കുട്ടി എങ്ങനെയുള്ളവനാകണമെന്ന് നല്ല പേരന്റ് മുന്‍കൂട്ടി തീരുമാനിക്കുന്നു. ആരോഗ്യം, പഠനം, കാരുണ്യം, സ്വാശ്രയത്വം, നീതിബോധം എന്നിവയിലൊക്കെ തന്റെ കുട്ടി മറ്റെല്ലാവരെക്കാള്‍ മേലെയായിരിക്കണമെന്നു ആഗ്രഹിക്കാത്ത മാതാപിതാക്കളുണ്ടോ ? എന്നാല്‍ മറക്കേണ്ട. ഇവയൊക്കെ നേടാന്‍ സഹായിക്കുന്ന സുരക്ഷിതത്വബോധം, ലക്ഷ്യബോധം, വ്യക്തിപരമായ കഴിവിനെപ്പറ്റിയുള്ള ബോധം എന്നിവ കുട്ടികളില്‍ വളര്‍ത്തിയെടുക്കേണ്ടത് രക്ഷകര്‍ത്താക്കളാണ്. ഉത്തരവാദിത്ത്വം, അധികാര കേന്ദ്രങ്ങളോടുള്ള ആദരം, അച്ചടക്കം, മുതിര്‍ന്നവരില്‍ വിശ്വാസം, പരാജയത്തെ സ്വീകരിക്കാനുള്ള ധൈര്യം, ആശങ്കയോ ഉത്കണ്ഠയോ കാര്യമായി അലട്ടാത്ത സ്വഭാവം എന്നിവയെല്ലാം മാതാപിതാക്കള്‍ നല്‍കുന്ന സുരക്ഷിതത്വബോധത്തില്‍ നിന്ന് ഉടലെടുക്കുന്നവയാണ്. അതുപോലെ വ്യക്തിത്വബോധത്തില്‍ നിന്നാണ് സ്നേഹം, പരക്ലേശവിവേകം, സഹഭാവം, കാരുണ്യം, സ്വയം അംഗീകാരം, ആത്മനിയന്ത്രണം, വൈകാരിക സ്ഥിരത, വികാരങ്ങള്‍ സ്വാഭാവികമായി പ്രകടിപ്പിക്കാനുള്ള ധീരത എന്നിവ ഉണ്ടാവുക. ഈ ഗുണങ്ങളെല്ലാം നല്ല മാതാപിതാക്കളില്‍ നിന്നാണ് കുട്ടികള്‍ പഠിക്കുന്നത്. കുട്ടികളുടെ വളര്‍ച്ചയിലെ ഓരോ ഘട്ടവും മാതാപിതാക്കള്‍ സൂക്ഷ്മമായി വിലയിരുത്തുകയും വേണ്ടിടത്ത് പ്രോത്സാഹനവും വിലക്കും തിരുത്തുമൊക്കെ നല്‍കുകയും കുട്ടികളെ മാതൃകാപരമായി മുന്നില്‍ നിന്ന് നയിക്കുകയും വേണം. (കടപ്പാട് ഡോ. പി.പി. വിജയന്‍, പേരന്റിംഗ്).
ഒരു പിതാവിന് അല്ലെങ്കില്‍ മാതാവിന് അവരുടെ കുഞ്ഞുങ്ങളില്‍ എത്രമാത്രം ശ്രദ്ധ ചെലുത്തണമെന്ന് മേല്‍വിവരിച്ച ഉപദേശ നിര്‍ദ്ദേശങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. വെസ്ലി മാത്യൂസിനും സിനി മാത്യൂസിനും ഒരു പെണ്‍കുട്ടി ജനിച്ചതിനു ശേഷമാണ് മറ്റൊരു കുട്ടി കൂടി വേണമെന്ന ആഗ്രഹം ഉടലെടുത്തതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കുട്ടി ജനിച്ച് രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ജൂണ്‍ 23, 2016-ല്‍ അവര്‍ ബീഹാറിലെ നളന്ദയിലുള്ള ഒരു സന്നദ്ധ സംഘടനാ കേന്ദ്രത്തില്‍ നിന്ന് ഷെറിനെ ദത്തെടുക്കുന്നത്. ഗയയിലെ ഒരു പൊന്തക്കാട്ടില്‍ ഉപേക്ഷിച്ച നിലയിലാണ് ഈ പെണ്‍കുഞ്ഞിനെ സന്നദ്ധ സേവകര്‍ക്ക് കിട്ടുന്നത്. അവരവള്‍ക്ക് സരസ്വതി എന്ന പേരു നല്‍കി. രണ്ടു വയസ്സില്‍ താഴെ മാത്രം പ്രായമുള്ള ഈ കുഞ്ഞ് ഈ കുഞ്ഞിനെയാണ് വെസ്ലി ദമ്പതികള്‍ ദത്തെടുത്തത്.
ഇന്ത്യയില്‍ മറ്റു പലയിടങ്ങളിലും ദത്തെടുക്കല്‍ കേന്ദ്രങ്ങളുണ്ടെങ്കിലും ഇവര്‍ എന്തുകൊണ്ടാണ് ബീഹാറിലെ നളന്ദയിലേക്ക് വന്നതെന്ന് അറിയില്ലെന്നാണ് സംഘടനാ സെക്രട്ടറി ബബിതാ കുമാരി പറഞ്ഞതെന്ന് ടൈസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, മദര്‍ തെരേസയുടെ പേരില്‍ നടത്തുന്ന ‘മദര്‍ തെരേസ ആനന്ദ് സേവാ സന്‍സ്ഥാന്‍’ എന്ന ഈ കേന്ദ്രത്തോട് വൈകാരികമായി അടുപ്പമുള്ളതുകൊണ്ടാകാം അവര്‍ അവിടം തിരഞ്ഞെടുത്തതെന്നാണ് ബബിത കുമാരി പറയുന്നത്. കുട്ടിയെ ദത്തെടുക്കുന്ന സമയത്ത് ബുദ്ധി വളര്‍ച്ചയെത്തിയിട്ടില്ലെന്നോ, മറ്റു ശാരീരിക വൈകല്യങ്ങളുണ്ടെന്നോ അവര്‍ക്കറിയില്ലെന്നും പറയുന്നു. രാവിലെ ഏകദേശം അന്‍പതോളം കുട്ടികള്‍ക്ക് പാല്‍ കൊടുക്കുന്നുണ്ട്. സരസ്വതിയും അക്കൂട്ടത്തിലുണ്ട്. പാല്‍ കുടിക്കുന്നതിനോ ഭക്ഷണം കഴിക്കുന്നതിനോ യാതൊരു തടസ്സമോ ബുദ്ധിമുട്ടോ അവര്‍ക്ക് അനുഭവപ്പെട്ടിട്ടില്ലെന്നും പറയുന്നു. വെസ്ലി-സിനി ദമ്പതികള്‍ക്ക് ഒരു കുഞ്ഞു പിറന്നതിനുശേഷം അവള്‍ക്ക് ഒരു സഹോദരിയെ വേണമെന്ന ആഗ്രഹത്താലാണത്രേ സരസ്വതിയെ ദത്തെടുത്തത്. അമേരിക്കയിലേക്ക് കൊണ്ടുവന്നതിനു ശേഷം പേര് ഷെറിന്‍ എന്നാക്കി.
സുഖസമ്പന്നമായ ജീവിത ചുറ്റുപാടില്‍ ആ കുഞ്ഞ് വളര്‍ന്നു. വാക്സിനേഷന്‍ സംബന്ധമായ ആവശ്യങ്ങള്‍ക്ക് കുട്ടിയെ ഡോക്ടറുടെ അടുത്തു കൊണ്ടുപോയപ്പോഴാണ് കുട്ടിക്ക് ചില അംഗ വൈകല്യങ്ങളുണ്ടെന്ന കാര്യവും, ഒരു കൈയുടെ എല്ല് പൊട്ടിയിട്ടുണ്ടെന്ന കാര്യവും വെസ്ലി ദമ്പതികള്‍ അറിയുന്നതെന്ന് പറയപ്പെടുന്നു. പക്ഷെ, ആശുപത്രി അധികൃതര്‍ ചൈല്‍ഡ് പ്രൊട്ടക്ടീവ് സര്‍വീസിനെ (സി.പി.എസ്) വിവരമറിയിക്കുകയും അവര്‍ കുട്ടിയെ നിരീക്ഷണത്തിലിടുകയും ചെയ്തു. അതിനു ശേഷം നിരവധി തവണ സിപിഎസ് വെസ്ലിയുടെ വീട് സന്ദര്‍ശിക്കുകയും കുട്ടിയുടെ ആരോഗ്യ സ്ഥിതി വിലയിരുത്തുകയും ചെയ്യാറുണ്ടെന്നും പറയുന്നു. കുട്ടിക്ക് പോഷകാഹാരക്കുറവു കൊണ്ട് വളര്‍ച്ചയും മന്ദഗതിയിലായിരുന്നു. സംസാര ശേഷിയും കുറവായിരുന്നു. ഒക്ടോബര്‍ 7ന് കുട്ടിയെ കാണാതായ ദിവസം പോലീസ് അന്വേഷണം ആരംഭിച്ചപ്പോള്‍ തന്നെ സി.പി.എസും ഇടപെട്ടിരുന്നു. വെസ്ലിയുടെ വീട്ടില്‍ സി.പി.എസ്. സന്ദര്‍ശനം നടത്താറുണ്ടെന്ന് പറഞ്ഞതല്ലാതെ കാരണം പോലീസിനോട് വ്യക്തമാക്കിയിരുന്നില്ല.
ഒക്ടോബര്‍ 7 മുതല്‍ വെസ്ലിയുടെ വീടിനു ചുറ്റും ജനങ്ങള്‍ തടിച്ചുകൂടുകയും കുട്ടിയെക്കുറിച്ച് അന്വേഷിക്കണമെന്ന് നിരന്തരം ആവശ്യപ്പെടുകയും ചെയ്തു. പക്ഷെ, ഒരിക്കല്‍ പോലും വെസ്ലിയോ സിനിയോ വീടിനു പുറത്തേക്ക് വരികയോ ജനങ്ങളെയോ വാര്‍ത്താ മാധ്യമങ്ങളേയോ അഭിമുഖീകരിച്ചില്ല. അവരുടേ ഈ പ്രവര്‍ത്തി ജനങ്ങളില്‍ സംശയം ജനിപ്പിക്കുകയും ചെയ്തു. കൂടാതെ തങ്ങളുമായി അത്ര അടുപ്പമില്ലാത്ത കുടുംബമാണ് വെസ്ലിയുടേതെന്ന് അയല്‍ക്കാരും പറയുന്നു. ഷെറിന്‍ എന്ന കുട്ടിയെയോ സഹോദരി 4 വയസ്സുകാരിയേയോ പുറത്തേക്കൊന്നും കാണാറില്ലെന്നും അയല്‍ക്കാര്‍.
കുട്ടിയെ കാണാതായ അതേ ദിവസം തന്നെ വെസ്ലിയെ അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടെങ്കിലും, വീട്ടില്‍ താമസിക്കാന്‍ പോലീസ് അനുവദിച്ചില്ല. പകരം മറ്റെവിടെയോ ആണ് താമസിപ്പിച്ചത്. അതും ശരീരത്തില്‍ ഇലക്ട്രോണിക് നിരീക്ഷണ ഉപകരണം ഘടിപ്പിച്ച്. സിനിയാകട്ടേ ഒരു അഭിഭാഷകനെ നിയോഗിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ മാധ്യമങ്ങള്‍ക്ക് മുഖം കൊടുക്കാതെ സിനി രക്ഷപ്പെടുകയും ചെയ്തു.
കുട്ടിയെ പുലര്‍ച്ചെ 3:15ന് കാണാതായ ശേഷം ഏകദേശം 4 മണിക്ക് വെസ്ലിയുടെ ഒരു വാഹനം പുറത്തേക്ക് പോകുകയും 5 മണിയോടെ തിരിച്ചു വരികയും ചെയ്തിരുന്നു. അടുത്ത വീട്ടിലെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നാണ് പോലീസ് ഇത് കണ്ടുപിടിച്ചത്. ആ സമയത്ത് എന്തിനാണ് പുറത്തുപോയതെന്നോ എങ്ങോട്ടാണ് പോയതെന്നോ ഉള്ള ചോദ്യത്തിന് വിശ്വസനീയമായ ഉത്തരം നല്‍കാന്‍ വെസ്ലിക്ക് കഴിയാതിരുന്നതും പോലീസിന് സംശയം കൂടാന്‍ കാരണമായി. എഫ്ബിഐയുടെ ഇടപെടലോടെ കാര്യങ്ങള്‍ കൂടുതല്‍ ഗൗരവമായിത്തന്നെ മുന്നോട്ടു പോയി.
ഇതിനിടെ വെസ്ലിയുടെ വീടിനു മുന്‍പിലും കുട്ടിയെ നിര്‍ത്തിയെന്നു പറയുന്ന സ്ഥലത്തും ജനങ്ങള്‍ തടിച്ചു കൂടാനും പ്രാര്‍ത്ഥനാ യജ്ഞങ്ങള്‍ സംഘടിപ്പിക്കാനും തുടങ്ങി. ദിവസങ്ങള്‍ കഴിയുന്തോറും ജനരോഷം ആളിക്കത്തുകയും വെസ്ലിയുടെ കുടുംബത്തിനു നേരെ അമര്‍ഷം പ്രകടിപ്പിക്കുന്നവരുടെ എണ്ണം കൂടുകയും ചെയ്തു. സ്വാഭാവികമായും അങ്ങനെയേ സംഭവിക്കൂ. വെറും മൂന്നു വയസ്സു മാത്രം പ്രായമുള്ള ഒരു കുഞ്ഞിനെ കാണാതായിട്ടും യാതൊരു സങ്കോചവുമില്ലാതിരിക്കുന്ന മാതാപിതാക്കളോട് പൊതുജനം അങ്ങനെയേ പ്രതികരിക്കൂ.
എന്നാല്‍ ഇന്ത്യാക്കാര്‍ക്ക് ഒരു കുഴപ്പമുണ്ട്….’അമ്മയെ തല്ലിയാലും രണ്ടു പക്ഷം’ പിടിക്കുന്ന സ്വഭാവം പൊതുവെ ഇന്ത്യാക്കാര്‍ക്ക് അല്പം കൂടുതലാണ്, പ്രത്യേകിച്ച് മലയാളികള്‍ക്ക്. ഇവിടെയും അതുതന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഡാളസ്, ഹ്യൂസ്റ്റണ്‍, ഷുഗര്‍ലാന്റ് എന്നിവിടങ്ങളിലുള്ള നിരവധി മലയാളികളുമായി ലേഖകന് സംസാരിക്കാന്‍ അവസരം കിട്ടി. എല്ലാവരും ‘സങ്കടം’ പങ്കുവെക്കുകയും അതോടൊപ്പം ‘പോയതു പോയില്ലെ, ഇനി ജീവിച്ചിരിക്കുന്നവരെ ക്രൂശിക്കുന്നതെന്തിനാ. അവരെ ജീവിക്കാന്‍ അനുവദിച്ചൂടെ’ എന്ന ചോദ്യത്തോടെ ആ സംഭാഷണം അവസാനിപ്പിക്കുകയാണ് മിക്കവരും ചെയ്തത്. ചിലര്‍ പറയുന്നു ആ കുട്ടിയോട് ചെയ്ത ക്രൂരതയ്ക്ക് വെസ്ലിയും സിനിയും ഒരു ദയയും അര്‍ഹിക്കുന്നില്ലെന്നും, വേറൊരു വിഭാഗം പറയുന്നു ഒന്നും മനഃപൂര്‍വ്വമല്ലായിരിക്കും, അതിനവര്‍ക്ക് നിയമാനുസൃതമുള്ള ശിക്ഷ ലഭിക്കണമെന്നും പറയുന്നു. പക്ഷെ, ആ കുടുംബത്തിന് വന്ന ‘ദുരന്തം’ മറക്കരുതെന്നു കൂടി കൂട്ടിച്ചേര്‍ക്കുമ്പോള്‍ മനഃസ്സാക്ഷിയില്ലാത്തവരാണ് മേല്പറഞ്ഞ കൂട്ടരെന്ന് തോന്നുന്നതില്‍ അത്ഭുതമില്ല തന്നെ.
(തുടരും…….)