ദുബായ്: പാകിസ്ഥാന്‍ ഓള്‍റൗണ്ടര്‍ ഷൊയിബ് മാലിക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. ഇംഗ്ലണ്ടിനെതിരായ ഷാര്‍ജ ടെസ്റ്റിന്റെ മൂന്നാം ദിവസമാണ് മാലിക്കിന്റെ അപ്രതീക്ഷിത പ്രഖ്യാപനം. ഷാര്‍ജ ടെസ്റ്റിന് ശേഷം വിരമിക്കുമെന്നും കുടുംബജീവിതത്തില്‍ ശ്രദ്ധിക്കാനാണ് തീരുമാനമെന്നും മാലിക്ക് അറിയിച്ചു. അഞ്ചു വര്‍ഷത്തിന് ശേഷം ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയ മാലിക്ക് പരമ്പരയിലെ ആദ്യടെസ്റ്റില്‍ ഇരട്ടസെഞ്ച്വറി നേടിയിരുന്നു. മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ 38 റണ്‍സെടുത്ത മാലിക് പക്ഷെ രണ്ടാം ഇന്നിംഗ്‌സില്‍ പൂജ്യത്തിന് പുറത്തായി. എങ്കിലും ഇംഗ്ലണ്ടിന്റെ നാലു വിക്കറ്റുകള്‍ വീഴ്ത്തി ബൗളിംഗിലും മാലിക് തിളങ്ങി. പാക്കിസ്ഥാനുവേണ്ടി 35 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള മാലിക്ക് മൂന്ന് സെഞ്ചുറി അടക്കം 1898 റണ്‍സ് നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ നേടിയ 245 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 29 വിക്കറ്റുകളും ടെസ്റ്റില്‍ സ്വന്തം പേരിലുണ്ട്. 227 ഏകദിനങ്ങളില്‍ നിന്ന് 5990 റണ്‍സാണ് മാലിക്കിന്റെ സമ്പാദ്യം. 2019 ലോകകപ്പ് വരെ ഏകദിനത്തില്‍ തുടരുമെന്നും മാലിക്ക് പറഞ്ഞു. ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സയുടെ ഭര്‍ത്താവാണ് 33 കാരനായ ഷൊയിബ് മാലിക്ക്.