ന്യുഡൽഹി:ഇതൊന്നും ഒന്നുമല്ല. കൊവിഡ് മൂലമുള്ള ദുരിതങ്ങൾ വരാനിരിക്കുന്നതേ ഉള്ളൂ. ഐക്യരാഷ്ട്രസഭയുടേതാണ് മുന്നറിയിപ്പ്. കൊവിഡിനെ ഒരു വിധം മറികടന്നു എന്നാശ്വസിക്കുന്നവർക്ക് വിശ്രമിക്കാൻ സമയമായിട്ടില്ലെന്നർത്ഥം. ലോകം അൻപതു വർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ ഭക്ഷ്യക്ഷാമത്തിന്റെ പടിവാതിൽക്കൽ ആണെന്നാണ് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറേസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കൊവിഡിന്റെ ഏറ്റവും വലിയ പരിണതഫലമായിരിക്കും ഇത്. 5 കോടി ജനങ്ങളെ ബാധിച്ചേക്കാം. കൂടുതൽ ദൂഷ്യ ഫലങ്ങൾ എന്തൊക്കെയായിരിക്കും എന്നത് കാലക്രമേണ മാത്രമേ അറിയൂ:
ഭക്ഷ്യക്ഷാമം മുന്നിൽ കണ്ടു കൊണ്ടുള്ള തുടർ നടപടികളിൽ സർക്കാരുകൾ അടിയന്തരമായി ശ്രദ്ധ ചെലുത്തണമെന്നർത്ഥം. ഈ ഘട്ടത്തിൽ മുൻകരുതൽ എടുത്താൽ ഭാവിയിൽ ഒരു വൻ വിപത്ത് ഒഴിവാക്കാം. കുട്ടികൾ, വയോജനങ്ങൾ എന്നിവരെ ആയിരിക്കും ഭക്ഷ്യക്ഷാമം രൂക്ഷമായി ബാധിക്കുക.
കൊവിഡ് കാലത്ത് അവശ്യപോഷക ഘടകങ്ങൾ കിട്ടാതെ ഇവരുടെ ആരോഗ്യം ക്ഷയിക്കും. ഇത് തൽക്കാലത്തെ സ്ഥിതി ആണല്ലോ, രോഗം നിയന്ത്രണ വിധേയമായാൽ സ്ഥിതി മാറുമല്ലോ എന്നൊക്കെ തോന്നാം. പക്ഷേ മൂന്നോ നാലോ മാസത്തേക്ക് ആണെങ്കിൽപ്പോലും ഇപ്പോൾ പട്ടിണി കിടക്കുന്നത് കുട്ടികളുടെ വളർച്ചയെ ജീവിതകാലം മുഴുവൻ ബാധിക്കും. ചുരുക്കത്തിൽ ഒരു കാലഘട്ടത്തിലെ ജനതയുടെ ആരോഗ്യത്തെ തന്നെ ഇല്ലാതാക്കുന്ന ദുരവസ്ഥ.
ഇപ്പോൾ തന്നെ അഞ്ച് വയസിന് താഴെയുള്ള 5 കുട്ടികളിൽ ഒരാൾക്ക് വീതം പോഷകാഹാരക്കുറവുണ്ട് എന്നാണ് കണക്ക്. സ്കൂളുകളിലെ ഉച്ചഭക്ഷണത്തിനെ ആശ്രയിക്കുന്ന ഒരുപാട് കുഞ്ഞുങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. ലോക് ഡൗൺ വന്നതോടെ ദുരിതത്തിലായ ഒരു വിഭാഗം ഇവരാണ്.
കൊവിഡ് വ്യാപനത്തോടെ തൊഴിലില്ലായ്മയും തൊഴിൽ നഷ്ടവും രൂക്ഷമായിട്ടുണ്ട്. വരുമാനം നഷ്ടമായതോടെ നല്ല ഭക്ഷണം വാങ്ങിക്കാനുള്ള കഴിവും കുറഞ്ഞു. പല രാജ്യങ്ങളിലും അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയർന്നതും തിരിച്ചടിയായി.
കൊവിഡ് കാലത്തെ ഭക്ഷ്യ സുരക്ഷയെക്കുറിച്ച് ഐക്യരാഷ്ട സഭ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ആശങ്കപ്പെടുത്തുന്ന വിവരങ്ങൾ ഉള്ളത്.
രസകരമായ കാര്യം ലോകത്തിലെ പ്രധാന ഭക്ഷ്യ വിളകളുടെ ഉത്പാദനത്തിൽ വലിയ തോതിൽ കുറവുണ്ടാകുന്നില്ല എന്നതാണ്.
പിന്നെങ്ങനെയായിരിക്കും ഭക്ഷ്യക്ഷാമമുണ്ടാവുക? കൊവിഡിനെ തുടർന്നുണ്ടാകുന്ന കയറ്റുമതി നിരോധനവും പൂഴ്ത്തിവയ്പ്പുമാണ് പ്രധാന പ്രശ്നം. സമ്പന്ന രാജ്യങ്ങൾ പോലും ക്ഷാമത്തിലേക്ക് നീങ്ങിയേക്കാം. രാജ്യത്തുടനീളമുള്ള ഭക്ഷ്യ വിതരണ ശൃംഖലയിൽ വിള്ളൽ വന്ന് ഉത്പന്നങ്ങൾ ഒരു ഭാഗത്ത് കുന്നുകൂടുകയും മറുഭാഗത്ത് അപര്യാപ്തത ഉണ്ടാവുകയും ചെയ്യുന്നതാണ് ഇതിന്റെ കാരണം.
ഇപ്പോൾത്തന്നെ ഭക്ഷ്യ വിളകൾ പല ഭാഗങ്ങളിലായി തയ്യാറായിക്കിടക്കുന്നുണ്ട്. ലോക് ഡൗൺ മൂലം ആവശ്യക്കാർക്ക് ഇവ വിതരണം ചെയ്യാൻ കഴിയുന്നില്ല. ഗ്രാമപ്രദേശങ്ങളിലെ ആളുകൾ സാധനങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും ചന്തകളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ഇത് തന്നെയാണ് അവസ്ഥ.കൊവിഡ് മൂലം ചന്തകൾ പൂട്ടിയതോടെ ഇവർ ദുരിതത്തിലായി. പല ഉത്പാദന കേന്ദ്രങ്ങളിലും വിളകൾ കുന്നുകൂടിക്കിടന്ന് നശിക്കുന്നു. ഇറച്ചി വിൽപ്പനശാലകളൊക്കെ മിക്കതും അടച്ച് പൂട്ടേണ്ടി വന്നു.
ആഭ്യന്തര സംഘർഷം, പ്രകൃതിക്ഷോഭം, കാലാവസ്ഥാ വ്യതിയാനം , കീടങ്ങളുടെയും വെട്ടുകിളികളുടെയും ആക്രമണം തുടങ്ങിയ ഒട്ടേറെ പ്രതികൂലാവസ്ഥകളെ അതിജീവിച്ചാണ് ഇപ്പോൾത്തന്നെ കൃഷി നടക്കുന്നത്. ദാരിദ്ര്യം കൂടുതലുള്ള കിഴക്കൻ ആഫ്രിക്കയിലെ കൃഷിയിടങ്ങൾ നൂറ്റാണ്ടുകൾക്കിടയിലെ ഏറ്റവും വലിയ വെട്ടുകിളി ആക്രമണം നേരിടുന്ന സമയമാണ് ഇത്. അതിനിടയിലാണ് കൂനിന്മേൽ കുരുപോലെ കൊവിഡ് ഉണ്ടാക്കിയ പ്രതിസന്ധി. വർഷങ്ങളുടെ പരിശ്രമം കൊണ്ട് കാർഷിക രംഗത്ത് ഇതുവരെ നേടിയ പുരോഗതിയെ ഇപ്പോഴത്തെ പ്രതികൂല സാഹചര്യം പിന്നോട്ടടിപ്പിക്കുമെന്നാണ് വിദഗ്ദ്ധർ ഭയപ്പെടുന്നത്.
വരാനിരിക്കുന്ന വൻ വിപത്തിനെ എങ്ങനെ തടയാം? ഇതിനായി മൂന്നിന കർമ്മ പദ്ധതികൾ യുഎൻ തയ്യാറാക്കിയിട്ടുണ്ട്.
ഒന്ന് : പ്രശ്നം ഏറ്റവും രൂക്ഷമായി ബാധിക്കുന്ന പ്രദേശങ്ങളെ കണ്ടെത്തി വേഗത്തിലുള്ള നടപടികൾ എടുക്കുക. ഇവിടങ്ങളിലെ ഭക്ഷ്യ വിതരണ ശൃംഖല എത്രയും പെട്ടെന്ന് ശക്തിപ്പെടുത്തുക.
രണ്ട്: കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, വയോജനങ്ങൾ, മറ്റ് ആരോഗ്യ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നവർ എന്നിവർക്ക് പ്രത്യേക പരിഗണന നൽകുന്ന വിധത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുക. മൂന്നാമതായി, ഭാവിയിലേക്ക് ശക്തമായ പ്രകൃതി സന്തുലിതമായ സുസ്ഥിരമായ ഭക്ഷ്യശൃംഖല കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങൾ അടിയന്തരമായി തുടങ്ങുക. ഈ കാര്യങ്ങളിൽ എല്ലാ സർക്കാരുകളും പങ്കാളികളായാൽ, വരും ദിവസങ്ങളിൽ ദുർബല വിഭാഗങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന ഉത്തമ വിശ്വാസത്തിലാണ് വിദഗ്ദ്ധർ.