പട്ടിണി രാജ്യമായി ഇന്ത്യ മാറുന്നു…!! പട്ടിണി സൂചികയിൽ പാകിസ്ഥാനെക്കാൾ താഴെ

ന്യൂഡൽഹി: മോദി സർക്കാരിൻ്റെ സാമ്പത്തിക നടപടികളുടെ പരാജയത്തെത്തുടർന്ന് രാജ്യം കടുത്ത മാന്ദ്യത്തിലേക്ക് കടക്കുകയാണെന്ന സൂചനയാണ് പുറത്ത് വരുന്നത്. വളർച്ചയിൽ ബംഗ്ലാദേശിനെയും നേപ്പാളിനെയും താഴെ എത്തിയ രാജ്യം ഇപ്പോൾ കടുത്ത പട്ടിണിയിലേയ്ക്ക് കടക്കുന്നെന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്. പട്ടിണി ഏറ്റവും ഗുരുതരമായ 16 രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയെന്നാണ്  ഇന്നലെ പ്രസിദ്ധീകരിച്ച ആഗോള പട്ടിണി സൂചിക പറയുന്നത്.

പട്ടിണി സൂചികയിൽ ഉൾപ്പെട്ട 117 രാജ്യങ്ങളിൽ 102–ാമതാണ് ഇന്ത്യയുടെ സ്ഥാനം.  ഇന്ത്യയുടെ സ്ഥാനം പാകിസ്ഥാനെക്കാൾ താഴെയെന്നതാണ് ഞെട്ടിക്കുന്ന യാഥാർത്ഥ്യം. ചൊവ്വാഴ്ച പുറത്തുവന്ന ഹംഗർ ഇൻഡക്സ് റിപ്പോർട്ടിൽ പാകിസ്ഥാൻ(94), ബംഗ്ലാദേശ്(88), ശ്രീലങ്ക(66), നേപ്പാൾ(73), ചൈന(25) എന്നീ രാജ്യങ്ങൾക്ക് ഇന്ത്യയ്ക്ക് മുൻപിലാണ് സ്ഥാനം. ഗുരുതരമായ പട്ടിണി പ്രശ്നങ്ങളാണ് ഇന്ത്യ നേരിടുന്നതിനും ഹംഗർ ഇൻഡക്സ് റിപ്പോർട്ട് പറയുന്നു. ഏതാനും വർഷങ്ങളായി പട്ടിണി സൂചികയിൽ ഇന്ത്യ പുറകിലാണ്. 2018ൽ 100 ആയിരുന്നു ഇന്ത്യയുടെ സ്ഥാനമെങ്കിൽ, 2017ൽ ഇന്ത്യ 103ാം സ്ഥാനത്തായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൺസേൺ വേൾഡ്വൈഡ്, വെൽത്തംഗർഹിൽഫെ എന്നീ ഏജൻസികൾ തയാറാക്കുന്ന ഈ റിപ്പോർട്ട് പ്രധാനമായും നാല് ഘടകങ്ങളെ ആശ്രയിച്ചാണ് ഇരിക്കുന്നത്. പോഷകക്കുറവ്, ശിശുമരണം, കുട്ടികളിലെ വളർച്ചക്കുറവ്, ഭാരക്കുറവ് എന്നിവയാണവ. കുട്ടികളിലെ ഭാരക്കുറവ് ഏറ്റവും വ്യാപകമായി കാണപ്പെടുന്നത് യെമൻ, ജിബൗട്ടി, ഇന്ത്യ എന്നീ രാജ്യങ്ങളിലാണ്. ഇൻഡക്സിലെ കണക്ക് പ്രകാരം ഇന്ത്യയിലെ കുട്ടികളിലെ വളർച്ചക്കുറവ് 37.9 ശതമാനമാണ്. കുട്ടികളിലെ ഭാരക്കുറവാകട്ടെ 20.9 ശതമാനവും. കുട്ടികളിൽ ഭാരക്കുറവ് കാണപ്പെടുന്ന രാജ്യങ്ങളിൽ ഏറ്റവും പിന്നിലാണ് ഇന്ത്യ.

മാത്രമല്ല, രാജ്യത്തുള്ള ആറ് വയസിനും 23 മാസത്തിനും ഇടക്ക് പ്രായമുള്ള കുട്ടികളിൽ 9.6 ശതമാനത്തിന് മാത്രമേ ഏറ്റവും അത്യാവശ്യമായ പോഷകങ്ങൾ കിട്ടുന്നുള്ളൂ എന്നും ജി.എച്ച്.ഐ റിപ്പോർട്ട് പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ക്ലീൻ ഇന്ത്യ’ പദ്ധതിയെയും വെളിയിട വിസർജ്ജനവിരുദ്ധ പ്രവർത്തനങ്ങളെയും ജി.എച്ച്,ഐ റിപ്പോർട്ട് പരാമർശിക്കുന്നുണ്ടെങ്കിലും വെളിയിട വിസർജനം ഇപ്പോഴും രാജ്യത്ത് വ്യാപകമായി തന്നെ തുടരുന്നുണ്ട് എന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. പുതിയ ശൗചാലയങ്ങൾ നിർമ്മിച്ചിട്ടും ഇതിന് കുറവുണ്ടായിട്ടില്ല എന്നാണ് റിപ്പോർട്ട് പറയുന്നത്. ഹരിയാന, മഹാരാഷ്ട്ര എന്നിവടങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജി.എച്ച്.ഐ റിപ്പോർട്ട് ബി.ജെ.പി വലിയ നാണക്കേടുണ്ടാക്കും എന്ന് വിലയിരുത്തപ്പെടുന്നു.

Top