ഷാജഹാന്‍പൂര്‍: ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ ഒന്നരവയസുള്ള മകളെ തോളിലേറ്റി നടക്കുന്നതിനിടെ പിതാവിന് വെടിയേറ്റു. ബൈക്കിലെത്തിയ അക്രമികളാണ് യുവാവിന്റെ തലക്ക് നേരെ നിറയൊഴിച്ചത്. ഗുരുതരമായി പരിക്കേറ്റ ശുഐബ് (28) ആശുപത്രിയില്‍ ചികിത്സയിലാണ്. വെടിയേറ്റുവീണ ശുഐബിനെ ആദ്യം രാജ്കിയ മെഡിക്കല്‍ കോളേജിലെത്തിച്ചു. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ബറേലിയിലെ ആശുപത്രിയിലേക്കും തുടര്‍ന്ന് ഡല്‍ഹിയിലേക്കും റഫര്‍ ചെയ്തിട്ടുണ്ട്.പരിക്കേറ്റ മകളും ചികിത്സയിലാണ്.
സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മകളെ തലയിലേറ്റി റോഡിലൂടെ നടന്നുപോകുകയായിരുന്നു ശുഐബ്. ഈ സമയത്ത് ബൈക്കില്‍ രണ്ടുപേര്‍ ആദ്യം മുന്നോട്ട് പോകുന്നത് കാണാം. ശേഷം ബൈക്ക് അവിടെ നിര്‍ത്തി. ഈ സമയത്താണ് തോക്കുമായി ഒരാള്‍ അടുത്തേക്ക് വന്ന് തലക്ക് നേരെ വെടിവെക്കുന്നത്. യുവാവ് നിലത്തേക്ക് വീണതോടെ മകളും തെറിച്ചുവീണു. തുടര്‍ന്ന് അക്രമി സംഘം ബൈക്കില്‍ ഓടി രക്ഷപ്പെട്ടു ശബ്ദം കേട്ട് നാട്ടുകാരെല്ലാം ഓടിയെത്തുന്നതും വീഡിയോയില്‍ കാണാം.