ഷുഹൈബ് വധത്തില്‍ സിബിഐ ഉടനില്ല; പൊലീസ് അന്വേഷണം തുടരാമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: മട്ടന്നൂരിലെ യൂത്ത്കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്‍റെ വധത്തിൽ സിബിഐ അന്വേഷണത്തിനുള്ള ഹൈക്കോടതി സ്റ്റേ നീക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. കേസിൽ പോലീസിന്‍റെ അന്വേഷണം തുടരാമെന്നും കുറ്റപത്രം സമർപ്പിക്കുന്നതിന് തടസങ്ങളില്ലെന്നും സുപ്രീം കോടതി ഉത്തരവിട്ടു. സിബിഐ അന്വേഷണത്തിനുള്ള ഹൈക്കോടതി സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് ശുഹൈബിന്‍റെ മാതാപിതാക്കളാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. അതേസമയം, സിബിഐ അന്വേഷണത്തിൽ നിലപാടറിയിക്കാൻ സംസ്ഥാന സർക്കാരിനും സിബിഐയ്ക്കും സുപ്രീം കോടതി നോട്ടിസ് അയയ്ക്കുകയും ചെയ്തു.

രാഷ്ട്രീയകൊലപാതകം നടത്തുന്നവർ വിഡ്ഢികളാണെന്നും കോടതി നിരീക്ഷിച്ചു. കേസിലെ തെളിവ് നശിപ്പിക്കപ്പെടും മുൻപ് സ്വതന്ത്രമായ അന്വേഷണത്തിന് സിബിഐക്ക് കൈമാറണമെന്നാണ് ശുഹൈബിന്‍റെ മാതാപിതാക്കൾ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. മുതിർന്ന കോൺഗ്രസ് നേതാവും അഭിഭാഷകനുമായ കപിൽ സിബലാണ് കുടുംബത്തിനു വേണ്ടി ഹാജരായത്.
ശുഹൈബ് വധക്കേസിൽ ആദ്യം ഹൈക്കോടതി സിംഗിൾ ബെഞ്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാൽ സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവിനെതിരേ സർക്കാർ നൽകിയ അപ്പീൽ ഹർജിയിൽ സിബിഐ അന്വേഷണത്തിന് സ്റ്റേ നൽകുകയായിരുന്നു.

Top