തൃശൂര്‍: ഷുഹൈബ് വധം സി.പി.എമ്മിൽ പൊട്ടിത്തെറി. പി.ജയരാജന്റെ പ്രസ്താവനയില്‍ കടുത്ത അതൃപ്തിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ . പി.ജയരാജന്റെ പരസ്യ പ്രസ്താവനയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചു . പാര്‍ട്ടി സമ്മേളന വേദിയില്‍ പ്രതിനിധികളുടെ മുന്നില്‍ വച്ച് ജയരാജനെ വിളിച്ചുവരുത്തി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എതിര്‍പ്പ് അറിയിച്ചു. കൊലപാതക രാഷ്ട്രീയമല്ല പാര്‍ട്ടിയുടെ സംസ്‌കാരമെന്ന ജനറല്‍ സെക്രട്ടറിയുടെ നിലപാട് തന്നെയാണ് സംസ്ഥാന നേതൃത്വത്തിനും ഉള്ളതെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ കൂടിയാണ് പരസ്യമായ പ്രതിമഷധ പ്രകടനം.
ഷുഹൈബ് വധത്തില്‍ പോലീസ് അന്വേഷണത്തിലല്ല, പാര്‍ട്ടി അന്വേഷണത്തിലാണ് വിശ്വാസമെന്ന ജയരാജന്റെ ഇന്നലത്തെ പ്രസ്താവനയാണ് പിണറായിയെ പ്രകോപിപ്പിച്ചത്. കുറ്റവാളികളെ കണ്ടെത്തേണ്ട ചുമതല പാര്‍ട്ടിയുടേതല്ലെന്ന് കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചിരുന്നു. ഇന്നു രാവിലെ സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തുന്നതിനു മുന്‍പ് പിണറായിയും കോടിയേരിയും ജയരാജനുമായി ചര്‍ച്ച നടത്തിയിരുന്നു.
പാര്‍ട്ടി സമ്മേളനത്തെ തന്നെ നിഴലിലാക്കിയ ഷുഹൈബ് വധത്തില്‍ സംസ്ഥാന നേതൃത്വത്തിന് വലിയ അതൃപ്തിയുണ്ട്. ഷുഹൈബ് വധത്തെ കുറിച്ച് പരസ്യമായി പ്രതികരിക്കാന്‍ തയ്യാറായില്ലെങ്കിലും സമ്മേളനത്തില്‍ സംസാരിച്ച വി.എസ് അച്യുതാനന്ദനും എം.എ ബേബിയും എളമരം കരീമും അടക്കമുള്ള പ്രതിനിധികള്‍ എല്ലാം തന്നെ അക്രമ, കൊലപാതക രാഷ്ട്രീയത്തിനെതിരെ നിലപാട് സ്വീകരിച്ചിരുന്നു.
പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ സംസ്ഥാന സെക്രട്ടറിയുടെ മക്കള്‍ ഉള്‍പ്പെട്ട ദുബായ് സാമ്പത്തിക വിവാദം ഒന്നു ആറിത്തണുത്ത് വരുന്നതേ ഉണ്ടായിരുന്നുള്ളൂ. അപ്പോഴേയ്ക്കും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിസ്ഥാനത്ത് ആരോപിക്കപ്പെട്ട ഷുഹൈബ് വധക്കേസ് പുതിയ തലവേദനയായി. സംസ്ഥാന സമ്മേളനം നടക്കുമ്പോള്‍ ഷുഹൈബ് വധം കാരണമാക്കി കണ്ണൂര്‍ നേതൃത്വവും സിപിഎം സംസ്ഥാന നേതൃത്വവും തമ്മില്‍ ഇടയുന്നതാണ് കേരളരാഷ്ട്രീയം കണ്ടുകൊണ്ടിരിക്കുന്നത്.
അതേസമയം ഷുഹൈബ് വധക്കേസില്‍ അറസ്റ്റിലായ ആകാശ് തില്ലങ്കേരിക്കു പാര്‍ട്ടി ബന്ധമില്ലെന്ന മറ്റു നേതാക്കളുടെ വാദം തള്ളി സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ രംഗത്ത് വന്നത് കഴിഞ്ഞ ദിവസമായിരുന്നു. തൊട്ടടുത്ത ദിവസം തന്നെ ജയരാജന്റെ പ്രസ്താവന തള്ളിക്കൊണ്ടു സംസ്ഥാന സെക്രട്ടറി കോടിയേരിയും പരസ്യ പ്രതികരണം നടത്തി. ആകാശ് സി.പി.എം. പ്രവര്‍ത്തകനല്ലെന്നു പറഞ്ഞിട്ടില്ലെന്നും കൃത്യത്തില്‍ അയാളുടെ പങ്ക് അന്വേഷിക്കുമെന്നും പോലീസിന്റെ അന്വേഷണം ശരിയാണോയെന്നു പരിശോധിക്കുമെന്നും ജയരാജന്‍ പറഞ്ഞു. പോലീസ് അന്വേഷണത്തേക്കാള്‍ പാര്‍ട്ടി അന്വേഷണമാണ് പ്രധാനമെന്ന സൂചനയില്‍ ഇക്കാര്യം പാര്‍ട്ടിക്കും അന്വേഷിക്കേണ്ടതുണ്ടെന്നായിരുന്നു ജയരാജന്‍ പറഞ്ഞത്.
എന്നാല്‍ ജയരാജനെ തള്ളിക്കൊണ്ടു കോടിയേരി ഇന്ന് രംഗത്ത് വന്നു. പോലീസിന്റെയും കോടതിയുടെയും പണി പാര്‍ട്ടി ഏറ്റെടുക്കേണ്ടതില്ലെന്നായിരുന്നു കോടിയേരിയുടെ വാദം. അവര്‍ കുറ്റവാളിയാണോ എന്ന തീരുമാനം കോടതിയാണ് എടുക്കേണ്ടതെന്നുമാണ് തൃശൂരില്‍ സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം കോടി മാധ്യമങ്ങളോട് പറഞ്ഞത്. ഷുഹൈബിന്റെ കൊലപാതകത്തെ സിപിഎം തള്ളിപ്പറഞ്ഞതാണ്. പാര്‍ട്ടി അംഗങ്ങളുണ്ടെങ്കില്‍ നടപടിയെടുക്കും. എന്നാല്‍ പോലീസ് പ്രതി ചേര്‍ത്താല്‍ ഉടന്‍ നടപടി എടുക്കാനാകില്ലെന്ന് കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന്റെ നിലപാട്.
പോലീസ് പ്രതിയാക്കുന്നതുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പ്രകടിപ്പിച്ച അഭിപ്രായം മുന്‍കാല പോലീസ് അനുഭവങ്ങളുമായി ബന്ധപ്പെട്ടാകാം. പാര്‍ട്ടിക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പാര്‍ട്ടി ജില്ലാക്കമ്മറ്റി പരിശോധിക്കുമെന്നും കോടിയേരി പറഞ്ഞു. അതേസമയം സംസ്ഥാന സമ്മേനത്തിന് തൊട്ടുമുമ്പായി പാര്‍ട്ടിയെ വലയ്ക്കുന്ന പുതിയ പ്രതിസന്ധിയായി ഷുഹൈബ് വധക്കേസ് വന്നതില്‍ കണ്ണൂര്‍ നേതൃത്വത്തോട് സംസ്ഥാന സമിതിക്ക കടുത്ത എതിര്‍പ്പാണുള്ളത്. ഷുഹൈബ് വധത്തില്‍ പ്രവര്‍ത്തിച്ചവരെ സംസ്ഥാന സമ്മേളനത്തിന് ശേഷം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. സമ്മേളന കാലത്ത് ഇക്കാര്യം ചെയ്താല്‍ അത് ചര്‍ച്ചയാകുമോ എന്ന ഭയം കൊണ്ടാണ് നടപടി നീളുന്നത്.
അതേസമയം വ്യക്തിപൂജയുടെ പേരില്‍ നേരത്തേ തന്നെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സംസ്ഥാന നേതൃത്വത്തിന്റെ വിമര്‍ശനത്തിന് ഇരയായിരുന്നു. ഇതിനൊപ്പം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് സീതാറാം യെച്ചൂരിയെ പോലെയുള്ളവര്‍ മനസ്സില്‍ കാണുന്നയാള്‍ എന്ന നിലയില്‍ ജയരാജനെതിരേയുള്ള ഒരു ആരോപണത്തിനായി കാത്തിരിക്കുയായിരുന്നു സംസ്ഥാന നേതൃത്വം. കണ്ണൂരില്‍ നിന്നും തുടര്‍ച്ചയായി ഉണ്ടാകുന്ന വിവാദങ്ങള്‍ സര്‍ക്കാരിനെ വലിയ രീതിയിലാണ് പ്രതിരോധത്തില്‍ ആക്കിയത്. ഇതെല്ലാം പ്രതിപക്ഷം കടന്നാക്രമിക്കാന്‍ ആയുധമാക്കുകയും ചെയ്തു.