ഷുഹൈബ് വധം: പൊലീസിലെ വിവരങ്ങള്‍ ചോരുന്നു; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം; പൊലീസിലും അഭിപ്രായ ഭിന്നത

കണ്ണൂര്‍: കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തില്‍ നിലയില്ലാതെ പൊലീസ്. കൃത്യമായ അന്വേഷണം പോലും നടക്കുന്നില്ലെന്ന് വ്യപക വിമര്‍ശനവും ഉയരുന്നുണ്ട്. പൊലീസ് അന്വേഷണത്തില്‍ തൃപ്തിയും വിശ്വാസവുമില്ലെന്ന് ഷുഹൈബിന്റെ കുടുംബവും വ്യക്തമാക്കി. സിബിഐ. അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് ഷുഹൈബിന്റെ പിതാവ് പറഞ്ഞു. പൊലീസിന്റെ നീക്കങ്ങള്‍ കൃത്യമായി സിപിഎം കേന്ദ്രങ്ങളിലൂടെ കൃത്യം നടത്തിയവരില്‍ എത്തുന്നെന്നും വാദമുണ്ട്. പൊലീസ് അനാസ്ഥ കാട്ടുന്നുവെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ തിങ്കളാഴ്ച മുതല്‍ നിരാഹാരം സമരം തുടങ്ങും.

യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി എടയന്നൂര്‍ സ്‌കൂള്‍പറമ്പത്ത് ഹൗസില്‍ ഷുഹൈബ് (30) തിങ്കളാഴ്ച രാത്രിയാണു കൊല്ലപ്പെട്ടത്. പതിനൊന്നരയോടെ സുഹൃത്തിന്റെ തട്ടുകടയില്‍ ചായകുടിച്ചിരിക്കെ, കാറിലെത്തിയ നാലംഗ സംഘം ബോംബെറിഞ്ഞു ഭീതി പരത്തിയശേഷം വെട്ടുകയായിരുന്നു. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം. ഇതിന് ശേഷം അന്വേഷണത്തില്‍ ഒരു തുമ്പും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് കടുത്ത പ്രതിഷേധത്തിലേക്ക് സുധാകരന്‍ പോകുന്നത്. ഇത് ജില്ലയില്‍ കോണ്‍ഗ്രസിന് പുത്തന്‍ ഉണര്‍വ്വ് നല്‍കും. ഇത് സിപിഎമ്മിനേയും വെട്ടിലാക്കും. കേസ് യഥാസമയം അന്വേഷിക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന തോന്നലാണ് പരക്കെയുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രതികളെ ഉടന്‍ പിടികൂടുമെന്ന നിലപാടിലാണ് അന്വേഷണ സംഘം. സിസി ടിവി ദൃശ്യങ്ങളും മൊബൈല്‍ ഫോണ്‍ വിളികളുടെ വിശദാംശങ്ങളുമാണ് പരിശോധിക്കുന്നത്. പരോളില്‍ ഇറങ്ങിയ പ്രതികളില്‍ ആര്‍ക്കെങ്കിലും കൃത്യത്തില്‍ പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഷുഹൈബ് കൊല്ലപ്പെട്ട ദിവസം ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ കിര്‍മാണി മനോജ് അടക്കമുള്ളവര്‍ പരോളില്‍ ഉണ്ടായിരുന്നത് സംശയാസ്പദമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. തെളിവുകളുടെ അഭാവമാണ് പൊലീസ് നേരിടുന്ന പ്രധാന പ്രതിസന്ധിയെന്നാണ് വിലയിരുത്തല്‍. എന്നാല്‍ പാര്‍ട്ടി കൊടുക്കുന്ന പട്ടികയ്ക്കായി പൊലീസ് കാത്തിരിക്കുകയാണെന്നും യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനാണ് ശ്രമമെന്നും കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നു.

ഷുഹൈബിന്റെ കുടുംബത്തിന്റെ ആരോപണവും പൊലീസിനെ വെട്ടിലാക്കുന്നുണ്ട്. ഷുഹൈബ് കൊല്ലപ്പെട്ട് നാലുദിവസത്തിനുശേഷമാണ് പൊലീസ് വീട്ടില്‍വരാന്‍ തയ്യാറായതെന്നാണ് അവരുടെ പരാതി. മൊഴി രേഖപ്പെടുത്താതെ പ്രാഥമിക വിവരങ്ങള്‍ ചോദിച്ചറിഞ്ഞശേഷം അവര്‍ മടങ്ങി. ഉമ്മയും മൂന്നുസഹോദരിമാരും അടങ്ങുന്ന കുടുംബത്തിന്റെ അത്താണിയാണ് ഷുഹൈബിന്റെ മരണത്തോടെ ഇല്ലാതായത്. ഭീഷണിയുണ്ടെന്ന് ഷുഹൈബ് പറഞ്ഞിട്ടുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ സുഹൃത്തുക്കളോടാണ് ഷുഹൈബ് പങ്കുവയ്ക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഭീഷണി ഉണ്ടായിരുന്നെങ്കിലും ഷുഹൈബിന് ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് സഹോദരി ഷര്‍മിന പറഞ്ഞു.

ഈ സാഹചര്യത്തില്‍ പ്രതികള്‍ക്കായി സിപിഎം പാര്‍ട്ടി ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് റെയ്ഡ് നടത്തി. പേരാവൂര്‍, ഇരിട്ടി മേഖലകളിലെ പാര്‍ട്ടി ഗ്രാമങ്ങളിലാണ് തിരച്ചില്‍. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ഒളിവില്‍ കഴിഞ്ഞ മുടക്കോഴിമലയിലും പരിശോധന നടത്തി. പരിശോധനയ്ക്കു ശേഷം പൊലീസ് സംഘം പേരാവൂര്‍ സ്റ്റേഷനില്‍ തിരിച്ചെത്തിയെങ്കിലും ആരെയെങ്കിലും പിടികൂടിയതായി സൂചനയില്ല. അതേസമയം, വിവരശേഖരണത്തിന്റെ ഭാഗമായി ഉച്ചയ്ക്ക് കസ്റ്റഡിയിലെടുത്ത ഒരാള്‍ ഇപ്പോഴും പേരാവൂര്‍ സ്റ്റേഷനിലുണ്ട്. ഇത് ആരെന്ന് പൊലീസ് പുറത്തുവിടുന്നുമില്ല. കണ്ണൂര്‍ എസ്പി ജി.ശിവവിക്രമിന്റെ നേതൃത്വത്തില്‍ നാലു സിഐമാരും 30 എസ്ഐമാരുമടക്കം ഇരുന്നൂറോളം പൊലീസുകാരാണ് തിരച്ചിലില്‍ പങ്കെടുത്തത്. ഷുഹൈബിന്റെ കൊലപാതക സമയത്ത് പരോളിലുണ്ടായിരുന്ന പ്രതികളെക്കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

അന്വേഷണം ശരിയായ ദിശയിലാണെന്നും തൃപ്തനാണെന്നുമാണ് ജില്ലാ പൊലീസ് മേധാവിയുടെ വിശദീകരണം. കുറ്റവാളികള്‍ ആരെന്നതിനെപ്പറ്റി സൂചന ലഭിച്ചെന്നും അന്വേഷണത്തില്‍ പുരോഗതിയുണ്ടെന്നും മേല്‍നോട്ടം വഹിക്കുന്ന ഇരിട്ടി ഡിവൈ.എസ്പി. പ്രജീഷ് തോട്ടത്തിലും പറയുന്നു. സംഭവമറിഞ്ഞിട്ടും പൊലീസ് സ്ഥലത്തെത്തിയത് ഒന്നരമണിക്കൂറോളം കഴിഞ്ഞാണെന്ന ആരോപണവും ശക്തമാണ്. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികള്‍ ഉപേക്ഷിച്ച വാഹനം സംഭവദിവസം രാത്രിതന്നെ കണ്ടെത്തിയതാണ് അന്വേഷണത്തില്‍ പെട്ടെന്ന് തുമ്പുണ്ടാക്കിയത്. എന്നാല്‍ ഈ കേസില്‍ വാഹനവും കണ്ടെത്തനായിട്ടില്ല.

ഈയടുത്ത് കണ്ണൂര്‍ ജില്ലയില്‍ത്തന്നെ എ.ബി.വി.പി. നേതാവായ ശ്യാമപ്രസാദിനെ വധിച്ച സംഭവത്തില്‍ മണിക്കൂറുകള്‍ക്കകം എസ്.ഡി.പി.ഐ.ക്കാരായ പ്രതികളെ പിടിച്ചിരുന്നു. ജില്ലാ അതിര്‍ത്തിയിലടക്കം കൃത്യമായ വാഹനപരിശോധന അതിവേഗം നടത്താന്‍ കഴിഞ്ഞതോടെയാണ് പ്രതികളെ പെട്ടെന്ന് പിടിയിലാക്കിയത്. കൊലപാതകം ആസൂത്രിതമായിരുന്നെന്നും രാഷ്ട്രീയ വൈരാഗ്യമാണ് കാരണമെന്നും പൊലീസും വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും സിപിഎമ്മിന് പങ്കില്ലെന്നും പ്രതികളെ ഉടന്‍ പിടികൂടണമെന്നുമാണ് സിപിഎം. മട്ടന്നൂര്‍ ഏരിയാ നേതൃത്വത്തിന്റെ വിശദീകരണം.

അതിനിടെ, പ്രതികളെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് കെഎസ്യു മട്ടന്നൂര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ ഉപവാസ സമരം നടത്തി. പ്രതികളെ പിടികൂടുന്നതു വരെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. അതിനിടെ ഷുബൈഹ് കൊടും ക്രിമനലാണെന്നും പാര്‍ട്ടിക്ക് കൊലപാതകത്തില്‍ പങ്കില്ലെന്നും സിപഎമ്മും ആരോപിക്കുന്നു. വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍ ഇതുമായി ബന്ധപ്പെട്ട പ്രചരണം പാര്‍ട്ടി ശക്തമാക്കിയിട്ടുണ്ട്.

Top