പോലീസിൽ ലൈംഗിക ചൂഷണമെന്ന് മുൻ ഡിജിപി ആർ ശ്രീലേഖ , താക്കീതുമായി പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ

തിരുവനന്തപുരം: മുൻ ഡിജിപി ആർ ശ്രീലേഖയ്ക്കെതിരെ വിമർശനവുമായി പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ. ശ്രീലേഖ ഈയടുത്ത് നടത്തിയ തുറന്ന് പറച്ചിലാണ് പൊലീസ് ഓഫിസേഴ്സ് അസോസിയേഷന്റെ വിമർശനത്തിന് കാരണമായത്.

ശ്രീലേഖയ്ക്കെതിരെ അസോസിയേഷൻ ജനറൽ സെക്രട്ടറി സി ആർ ബിജുവാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശനവുമായി രംഗത്ത് എത്തിയത്. സേനയിൽ ലൈംഗിക ചൂഷണം നടക്കുന്നുവെന്നും മുൻ ഡിഐജി ഒരു വനിതാ എസ്ഐയെ പീ‍ഡിപ്പിക്കാൻ ശ്രമിച്ചുവെന്നും ആര്‍ ശ്രീലേഖ വെളിപ്പെടുത്തിയിരുന്നു. സേനയിലെ വനിതകളുടെ ആത്മാഭിമാനം നശിപ്പിക്കുന്ന പ്രസ്താവനയാണ് മുൻ ഡിജിപി നടത്തിയെന്ന് സി ആർ ബിജു കുറ്റപ്പെടുത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാത്രിയും പകലും ജോലി ചെയ്യുന്ന സേനാംഗങ്ങളുടെ കുടുംബങ്ങളിൽ പോലും പ്രശ്നങ്ങളുണ്ടാക്കുന്ന രീതിയിലാണ് ഡിജിപി പ്രസ്താവന നടത്തിയത്. മുൻ ഡിഐജിക്കെതിരെ എന്തുകൊണ്ട് ഉന്നത ഉദ്യോഗസ്ഥയായിരുന്ന ശ്രീലേഖ നിയമനടപടി ആവശ്യപ്പെട്ടിട്ടില്ലെന്നാണ് സംഘടനയുടെ ചോദ്യം.

മുൻ ഡിഐജിയെന്ന് മാത്രം പറഞ്ഞതിനാൽ വിരമിച്ച പല ഉദ്യോഗസ്ഥരും സംശയത്തിന്‍റെ നിഴലിലാവുകയാണ്. സർവ്വീസിലിരിക്കെ ഒന്നും ചെയ്യാതെ വിരാചിച്ച ശേഷം അതിരു കടന്ന വാക്കു പറ‌ഞ്ഞ് നടക്കരുതെന്നും സംഘടന ജനറൽ സെക്രട്ടറി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജനറല്‍ സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

ഒരു വനിതാ എസ്ഐയോട് ഒരു ഡിഐജി മോശമായി പെരുമാറി എന്ന് മാഡം പറയുന്നത് കേട്ടു. ഒരു ഡിഐജി അത്തരത്തിൽ തന്‍റെ സബോർഡിനേറ്റിനോട് മോശമായി പെരുമാറി എന്ന കാര്യം അറിഞ്ഞിട്ട് അതിൽ എന്ത് നടപടി മാഡം സ്വീകരിച്ചു എന്നത് ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു.

അത്തരം ഒരു സംഭവം നടന്നിട്ടുണ്ടെങ്കിൽ തന്നെ അത് 1990 കളുടെ ആദ്യം നടന്നതാണ് എന്നാണ് സംസാരിത്തിലൂടെ നമുക്ക് ബോധ്യമാകുന്നത്. മാത്രമല്ല ഈ പറഞ്ഞ കാര്യത്തിൽ എന്തെങ്കിലും അടിസ്ഥാനമുണ്ടെങ്കിൽ അത് മറച്ചുവച്ച് കുറ്റവാളിയെ സംരക്ഷിച്ചതിലൂടെ തീർത്തും നിരുത്തരവാദിത്വത്തോടെയുള്ള സർവ്വീസ് ജീവിതമായിരുന്നു തന്‍റേതെന്ന് മാഡം സ്വയം വിളിച്ചു പറയുകയായിരുന്നില്ലേ.

പൊലീസ് ജോലികളുടെ ഭാഗമായി രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ എല്ലാവരും തൊഴിലെടുക്കുന്ന സാഹചര്യമാണ്. വനിതകളുടെ സാന്നിധ്യം അനിവാര്യമായ സന്ദർഭങ്ങളിൽ ജോലിക്കായി അർദ്ധരാത്രികളിൽ പോലും വനിതാ പൊലീസ് ഉദ്യോഗസ്ഥരെ വീട്ടിൽ നിന്ന് സ്റ്റേഷനുകളിലേക്ക് വിളിപ്പിക്കേണ്ടി വരുന്ന സാഹചര്യം ചിലയിടത്തെങ്കിലും ഇന്നും നിലനിൽക്കുന്നുണ്ട്. അതുപോലെ ഡ്യൂട്ടി കഴിഞ്ഞ് അർദ്ധരാത്രികളിൽ തിരിച്ച് വീട്ടിലേക്ക് പോകേണ്ട സാഹചര്യവും ഉണ്ടാകുന്നുണ്ട്.

പൊതുസമൂഹത്തിനായി ഇത്രയേറെ കഷ്ടപ്പെടുന്ന തൊഴിൽ മേഖലയാണ് പൊലീസ് എന്ന ബോധം പോലും ഇല്ലാതെയാണ് ഇങ്ങനെ ഒരു പരാമർശം മാഡത്തിൽ നിന്നും ഉണ്ടായത്. ഇത്തരം ജല്‍പ്പനങ്ങളിലൂടെ അസ്വാരസ്യങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങളും ഒരു പക്ഷേ ഉണ്ടാകാം എന്നത് മാഡം ഓർക്കേണ്ടതായിരുന്നു. അഥവാ ഇങ്ങനെ ആരെങ്കിലും പെരുമാറുന്ന സഹചര്യം ഉണ്ടായാൽ അതിനെ സധൈര്യം നേരിടാൻ തന്റേടമുള്ളവരാണ് കേരള പൊലീസിലെ വനിതാ ഉദ്യോഗസ്ഥർ എന്ന് അഭിമാനത്തോടെ പറയാനും ആഗ്രഹിക്കുന്നു.

അതുപോലെ ഇങ്ങനെ പെരുമാറിയ ഡിഐജിയുടെ പേര് വെളിപ്പെടുത്താത്തതിലൂടെ ശ്രീമതി. ആര്‍ ശ്രീലേഖ അവർകൾ സർവീസിൽ കയറിയ അന്നു മുതൽ വിരമിക്കുന്നതുവരെ സർവ്വീസിൽ ഉണ്ടായിരുന്ന മുഴുവൻ ഐപിഎസ് ഉദ്യോഗസ്ഥന്മാരേയും അപകീർത്തിപ്പെടുത്തുന്നതിനും കാരണമായി എന്നത് പറയാതിരിക്കാൻ കഴിയില്ല. ലോകമെങ്ങും സേനാ വിഭാഗങ്ങൾ പുരുഷാധിപത്യത്തിന്റെ കേന്ദ്രങ്ങൾ ആയിരുന്നു. അതിൽ മാറ്റം വന്ന് തുടങ്ങിയിട്ട് അധിക കാലമായിട്ടില്ല. പൂർണ്ണവുമായിട്ടില്ല.

കേരളത്തിൽ പൊലീസിന്റെ താഴെത്തട്ടിൽ മാത്രമായിരുന്നു ആദ്യ കാലത്ത് വനിതകൾ ഉണ്ടായിരുന്നത്. കേരളപ്പിറവിക്ക് ശേഷമാണ് പൊലീസ് സേനയിൽ വനിതാ സാന്നിധ്യം കൂടി കൂടി വന്നത്. അതിൽ ഐപിഎസ് തലത്തിൽ കേരളത്തിൽ ആദ്യമായി വന്ന വനിതാ ഉദ്യോഗസ്ഥ തന്നെയാണ് ആദ്യമായി വിരമിച്ച വനിതാ ഐപിഎസ് ഉദ്യോഗസ്ഥയും.

അവർ തന്നെ വിരമിച്ച ശേഷം കേരള പൊലീസിലെ മുഴുവൻ സഹോദരിമാരുടേയും ജീവിതത്തെ സംശയ നിഴലിൽ നിർത്തുന്ന തരത്തിലുള്ള ചില പരാമർശങ്ങൾ ഈ ഇന്റർവ്യൂവിലൂടെ നടത്തിയത് അതിരുകടന്നു പോയി എന്ന് വേദനയോടെ പറയട്ടെ.

നിലവിൽ കേരളത്തിലെ ഐപിഎസ് ഉദ്യോഗസ്ഥരിൽ നിരവധി വനിതകളുമുണ്ട്. ഐപിഎസ് അസോസിയേഷന്റെ സെക്രട്ടറി പദത്തിലുള്ളത് ശ്രീമതി. ഹർഷിത അട്ടല്ലൂരി ഐപിഎസ് അവർകളാണ്. കേരളത്തിൽ റാങ്ക് വ്യത്യാസം ഇല്ലാതെ 100% ജീവനക്കാരും പൂർണ്ണമായും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന വ്യക്തിത്വം കൂടിയാണ് ശ്രീമതി.

ഹർഷിത അട്ടല്ലൂരി ഐപിഎസ് എന്ന് അഭിമാനത്തോടെ പറയാൻ ആഗ്രഹിക്കുന്നു. കേരളത്തിലെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥരെല്ലാം തന്നെ മികവോടെ പ്രവർത്തിക്കുന്ന, എല്ലാവരും അംഗീകരിക്കുന്നവർ തന്നെയാണ് എന്ന കാര്യത്തിലും സേനാംഗങ്ങൾക്ക് സംശയമില്ല. ലിംഗ വ്യത്യാസമില്ലാതെ സബ് ഇൻസ്പക്ടർ നിയമനം പോലും ആരംഭിച്ച നാടാണ് കേരളം.

സിവിൽ പൊലീസ് ഓഫീസർ വിഭാഗത്തിലും ലിംഗ വ്യത്യാസമില്ലാതെ നിയമനം നടത്തണം എന്ന ആവശ്യം മുന്നോട്ട് വയ്ക്കുന്ന പൊലീസ് സംഘടനകൾ ഉള്ള നാടാണ് കേരളം. ഈ നാട്ടിലാണ് പൊലീസ് വകുപ്പിലെ വനിതകൾ പീഡനങ്ങൾക്ക് വിധേയരാകുന്നു എന്ന ഒരടിസ്ഥാനവുമില്ലാത്ത ആരോപണങ്ങൾ ഒരു ചാനൽ ചർച്ചയിലൂടെ സ്വയം വിളിച്ചു പറഞ്ഞ് ഡിജിപി സ്ഥാനത്തിരുന്ന് വിരമിച്ചൊരാൾ അപഹാസ്യയാകുന്നതത്.

അതുപോലെ തന്നെ പൊലീസ് അസോസിയേഷനുകളേയും ഒരു അടിസ്ഥാനവുമില്ലാതെ അക്ഷേപിക്കുന്നതും കേട്ടു. ഒരു കാര്യം വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. 1979 മുതൽ കേരളത്തിൽ പൊലീസ് അസോസിയേഷനുകൾ പ്രവർത്തിച്ചു വരുന്നുണ്ട്. ജീവനക്കാരുടെ ആവശ്യങ്ങളും അവകാശങ്ങളും നേടിയെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കൊപ്പം അവരുടെ ആത്മാഭിമാനവും മാന്യമായ തൊഴിൽ സാഹചര്യം സൃഷ്ടിക്കാനും സംഘടനകൾ മുൻകൈ എടുത്ത് പ്രവർത്തിക്കുന്നുണ്ട്.

2005 ൽ എംജി കോളേജിൽ ഔദ്യോഗിക കൃത്യനിർവഹണത്തിൽ ഏർപ്പെട്ട ഒരു പൊലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്ത ഉന്നത ഉദ്യോഗസ്ഥന്റെ നടപടിക്കെതിരേയും 2017 ൽ ഗവാസ്കർ എന്ന പൊലീസ് ഡ്രൈവറെ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ മകൾ കൈയ്യേറ്റം ചെയ്തപ്പോൾ അതിനെതിരേയും സംഘടനകൾ കൈക്കൊണ്ട നിലപാട് പൊതുസമൂഹത്തിന് അറിയാവുന്നതാണല്ലോ?.

ഇത്തരത്തിൽ നിലപാടുകൾ എടുക്കുന്ന പൊലീസ് സംഘടനകൾ ഉള്ള കേരളത്തിൽ ഒരു വനിതാ ഉദ്യോഗസ്ഥയെ മേലുദ്യോഗസ്ഥൻ പീഡിപ്പിക്കാൻ ശ്രമിക്കുന്ന സാഹചര്യം ഉണ്ടായതായി അറിവായാൽ ഏത് തരത്തിലായിരിക്കും സംഘടനകൾ പ്രതികരിക്കുന്നത് എന്ന് ചിന്തിച്ചു നോക്കിയാൽ നന്നായിരിക്കും എന്ന് മാത്രമേ പറയാൻ ആഗ്രഹിക്കുന്നുള്ളൂ.

സർവ്വീസിൽ ഇരിക്കെ ചെയ്യാൻ കഴിയുന്നത് ആത്മാർത്ഥമായി ചെയ്യുക. സർവ്വീസിൽ വിരാജിച്ച്, ഒന്നും ചെയ്യാൻ കഴിയാതെ വിരമിച്ച ശേഷം പൊലീസ് സംവിധാനത്തെ ആകെത്തന്നെ തകർക്കുക എന്ന രീതിയിൽ തരം താഴാതിരിക്കുക. ഇത് മാത്രമാണ് ഈ ഇൻ്റർവ്യൂവിന് മറുപടിയായി കേരളത്തിലെ പൊലീസ് സമൂഹത്തിന് ബഹുമാനപ്പെട്ട മുൻ ഡിജിപിയോട് പറയാനുള്ളത്.

Top