ശുഹൈബ് വധം: ഒരാള്‍ കൂടി പൊലീസ് പിടിയില്‍

കണ്ണൂര്‍:യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായ എടയന്നൂരിലെ എസ്.പി. ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാളെ കൂടി പോലീസ് അറസ്റ്റു ചെയ്തു.കണ്ണൂര്‍ പാലയോട് സ്വദേശി സഞ്ജുവാണ് അറസ്റ്റിലായത്.കഴിഞ്ഞദിവസം ശുഹൈബിനെ വെട്ടിക്കൊല്ലാനുപയോഗിച്ചെന്ന് കരുതുന്ന വാളുകള്‍ പൊലീസ് കണ്ടെടുത്തിയിരുന്നു.മട്ടന്നൂരിനടുത്തുള്ള വെള്ളപ്പറമ്പില്‍ നിന്നാണ് വാളുകള്‍ കണ്ടെത്തിയത്. ഇവിടെ നിന്നുതന്നെയാണ് മുമ്പ് ആക്രമണത്തിനുപയോഗിച്ച ഒരായുധം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞിരുന്നു. കൊലപാതകത്തിനുപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുക്കാത്തതിനെതിരെ പൊലീസിനു നേരേ കോടതി രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

അതേസമയം ശുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പൊലീസ് അന്വേഷണം കുറ്റമറ്റ രീതിയിലാണ് നടക്കുന്നത്. യഥാര്‍ഥപ്രതികളെയല്ല പിടിച്ചതെന്ന് ആക്ഷേപമുണ്ടെങ്കില്‍ എത് അന്വേഷണവുമാകാം. പിടിയിലായത് യഥാര്‍ഥപ്രതികളല്ലെന്ന് പ്രതിപക്ഷം ഇപ്പോള്‍ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. കുറ്റക്കാര്‍ക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കുമെന്നും ശേഷിച്ച പ്രതികളെ ഒരാഴ്ചയ്ക്കകം പിടിക്കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചിരുന്നു.എന്നാല്‍ ശൂഹൈബ് കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമരം ചെയ്യുന്നത് താത്കാലികമായി നിര്‍ത്തിയ യു.ഡി.എഫും ഇക്കാര്യം ഉന്നയിച്ച് കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top