ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി; നിലവിലെ പൊലീസ് അന്വേഷണം കുറ്റമറ്റരീതിയില്‍

തിരുവനന്തപുരം: ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി. നിലവിലെ പൊലീസ് അന്വേഷണം കുറ്റമറ്റരീതിയിലാണ്. ഇനിയും പ്രതികളുണ്ടെങ്കില്‍ പിടികൂടും. യഥാര്‍ഥ പ്രതികളെയല്ല പിടികൂടിയതെന്ന് ആക്ഷേപമുണ്ടെങ്കില്‍ ഏത് അന്വേഷണവുമാകാം. ഡമ്മി പ്രതികളെയാണ് പിടിച്ചതെന്ന വാദം അടിസ്ഥാനരഹിതമാണ്. പിടിയിലായത് യഥാര്‍ഥ പ്രതികളെയല്ലെന്ന് പ്രതിപക്ഷം ഇപ്പോള്‍ പറയുന്നില്ല. ശേഷിച്ച പ്രതികളെ ഒരാഴ്ചയ്ക്കകം പിടികൂടും. ഷുഹൈബ് വധത്തില്‍ മുഖം നോക്കാതെ നടപടിക്ക് നിര്‍ദേശം നല്‍കി. അന്വേഷണം കുറ്റമറ്റ നിലയില്‍ നടക്കുന്നു. പിടിച്ചത് ഡമ്മി പ്രതികളെയെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണ്. ഒരു കൊലപാതകവും നടക്കരുതെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. എന്നാല്‍ ഷുഹൈബ് വധത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനയാണെന്ന് സണ്ണി ജോസഫ് എംഎല്‍എ ആരോപിച്ചു. ആകാശ് തില്ലങ്കേരിക്ക് പി.ജയരാജനുമായി അടുത്ത ബന്ധമുണ്ട്. കൊല്ലിച്ചവരെ പിടികൂടണം. ഷഹൈബ് വധത്തില്‍ സിബിഐ അന്വേഷണം വേണമെന്നും സണ്ണി ജോസഫ് പറഞ്ഞു. അതേസമയം ചെയറിന്റെ മുഖം മറച്ചുള്ള പ്രതിഷേധം സഭയോടുള്ള അവഹേളനമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. പ്രതിഷേധം സഭയുടെ അന്തസ് പാലിച്ചാകണം. ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കരുതെന്ന് പ്രതിപക്ഷാംഗങ്ങള്‍ക്ക് താക്കീത് നല്‍കി.  പ്രതിപക്ഷാംഗങ്ങൾ സ്പീക്കറുടെ ഡയസിനു മുന്നിലെത്തി പ്ലക്കാര്‍ഡുകളുയര്‍ത്തി മുദ്രാവാക്യം മുഴക്കിയിരുന്നു. സ്പീക്കറുടെ പരാമര്‍ശം ശരിയായില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജനങ്ങളുടെ വികാരമാണ് പ്രതിപക്ഷം പ്രകടിപ്പിച്ചതെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം ഷുഹൈബ് വധത്തില്‍ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. അന്വേഷണം കാര്യക്ഷമമായി നടക്കുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. കേസില്‍ പിടിയിലായത് ഡമ്മി പ്രതികളാണെന്നാണ് ആരോപണം. ഷുഹൈബ് വധത്തിൽ സഭയില്‍ ബഹളമായിരുന്നു.  പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ സ്പീക്കർ ചോദ്യോത്തരവേള റദ്ദാക്കുകയായിരുന്നു. മണ്ണാർകാട് യൂത്ത്‌ലീഗ് പ്രവർത്തകൻ സഫീറിന്റെ കൊലപാതകവും അട്ടപ്പാടിയിലെ മധുവിന്റെ മരണവും പ്രതിപക്ഷം സഭയിൽ ഉന്നയിച്ചു. ഷുഹൈബിന്റെ ചിത്രങ്ങൾ പതിപ്പിച്ച പ്ലക്കാർഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. ബഹളത്തെത്തുടർന്ന് നിയമസഭ തൽക്കാലത്തേക്ക് നിർത്തിവച്ചു. ചോദ്യോത്തരവേളയ്ക്കുള്ള തയ്യാറെടുപ്പു തുടങ്ങിയതോടെ പ്രതിപക്ഷവും പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിപക്ഷാംഗങ്ങൾ സ്പീക്കറുടെ ഡയസിനു മുന്നിലെത്തി മുദ്രാവാക്യം മുഴക്കി. സ്പീക്കറുടെ മുഖത്തേക്ക് പ്ലക്കാർഡുകൾ നീട്ടിയും മേശയിലടിച്ചുമായിരുന്നു പ്രതിഷേധം. ചോദ്യോത്തരവേള തടസ്സപ്പെടുത്തരുതെന്ന് സ്പീക്കർ അഭ്യർഥിച്ചെങ്കിലും പ്രതിപക്ഷം അതിനു തയാറായില്ല. കറുത്ത ബാഡ്ജ് ധരിച്ചാണ് പ്രതിപക്ഷാംഗങ്ങൾ സഭയിലെത്തിയിരുന്നത്. എന്നാൽ വി.ടി.ബൽറാം എംഎൽഎ കറുത്ത ബാഡ്ജ് ധരിക്കാൻ വിസമ്മതിച്ചു. ഭരണ, പ്രതിപക്ഷാംഗങ്ങൾ തമ്മിൽ നിയമസഭയ്ക്ക് അകത്ത് വാക്കേറ്റമുണ്ടായി. തുടർന്ന് മീഡിയ ഗ്യാലറിയിലുണ്ടായിരുന്ന മാധ്യമപ്രവർത്തകരെ പുറത്താക്കി. ചിത്രങ്ങളെടുക്കുന്നതിനും വിലക്കേർപ്പെടുത്തി.

Top