സര്‍വീസ് തോക്കും പോക്കറ്റിലിട്ട് യൂണിഫോമില്‍ എഎസ്‌ഐയുടെ ഒരു ഡാന്‍സ്; കാക്കിക്കുള്ളിലെ കലാകാരനെതിരെ അന്വേഷണം  

 

 

കൊല്‍ക്കത്ത: പൊലീസ് സ്റ്റേഷനകത്ത് വെച്ച് നൃത്തം ചെയ്ത എഎസ്‌ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു.  ഔദ്യോഗിക വേഷത്തില്‍ ബോളിവുഡ് ഗാനത്തിന് ചുവട് വെച്ച കാല്‍ക്കത്തയില്‍ ഹിരാപൂര്‍ പൊലീസ് സ്‌റ്റേഷനിലെ കൃഷ്ണസദന്‍ മൊണ്ടല്‍ എന്ന പൊലീസുകാരനെതിരെയാണ് നടപടി. ഞായറാഴ്ച വീഡിയോ പുറത്തെത്തിയതോടെ വൈറലാവുകയായിരുന്നു.  ഇതിന്റെ അടിസ്ഥാനത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെടുകയായിരുന്നു. വീഡിയോ മൊബൈലില്‍ പകര്‍ത്തിയ പൊലീസുകാരനും അന്വേഷണം നേരിടേണ്ടി വരും. പോക്കറ്റില്‍ സര്‍വീസ് തോക്കും വച്ചുകൊണ്ടായിരുന്നു എഎസ്‌ഐയുടെ ഡാന്‍സ്. ബോളിവുഡ് ഗാനമായ ‘തുകുര്‍ തുകുര്‍ ദേക്തെ ഹോ’ എന്ന ഗാനത്തിനാണ് പൊലീസുകാരന്‍ ചുവടുവെച്ചത്. സഹപ്രവര്‍ത്തകന്‍ നിര്‍ബന്ധിച്ചത് കൊണ്ടാണ് ഡാന്‍സ് ചെയ്തതെന്നാണ് കൃഷ്ണസദന്റെ വിശദീകരണം. ഡാന്‍സ് കളിക്കുമ്പോള്‍ ചിരിച്ചും കൈകൊട്ടിയും എസ്‌ഐയെ പ്രോത്സാഹിപ്പിക്കുന്ന വനിതാ പൊലീസുകാരികളേയും വീഡിയോയില്‍ കാണാം.  ചിത്തരഞ്ജന്‍ സ്‌റ്റേഷനിലേക്ക് സ്ഥലം മാറ്റം ലഭിച്ചതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകരോടൊപ്പം സന്തോഷം പങ്കിടുന്നതിനിടെയാണ് എഎസ്‌ഐ. എന്നാല്‍ പൊതുസമൂഹത്തിന്റെ മുന്നില്‍ പൊലീസിന്റെ പ്രതിച്ഛായ തകര്‍ക്കുന്ന നടപടിയാണ് എഎസ്‌ഐയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നാണ് മേലുദ്യോഗസ്ഥരുടെ കണ്ടെത്തല്‍.  ഇവര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടതായി കമ്മീഷണര്‍ ലക്ഷ്മി നാരായണ്‍ മീനയും വ്യക്തമാക്കി. നൃത്തം ചെയ്യുമ്പോള്‍ ഉദ്യോഗസ്ഥന്‍ യൂണിഫോമിലാണെന്നതും സര്‍വ്വീസ് ആയുധം കൈയ്യില്‍ വെച്ചതും അച്ചടക്ക നടപടിയിലേക്ക് നയിക്കുമെന്നാണ് വിവരം.

Top