കല്‍പ്പറ്റ: സിദ്ധാർത്ഥനെ രക്ഷിക്കാൻ ശ്രമിച്ചുവെന്നതടക്കമുള്ള ഡീനിൻ്റെ വാദങ്ങൾ തള്ളി കുടുംബം രംഗത്ത് വന്നു . വിദ്യാർത്ഥിയാണ് സിദ്ധാർത്ഥൻ്റെ മരണവിവരം അറിയിച്ചത്. ഡീനോ ഉദ്യോഗസ്ഥരോ വിവരം അറിയിച്ചിട്ടില്ല. ഡീനിനെ വിളിച്ചപ്പോൾ ഒന്നും അറിയില്ലന്നും പൊലീസിനോട് ചോദിക്കാനും പറഞ്ഞു. വീഴ്ച മറച്ചുവെക്കാനാണ് ഡീൻ അടക്കമുള്ളവർ ശ്രമിക്കുന്നത്. തെളിവ് നശിപ്പിക്കാൻ ഡീൻ കൂട്ടുനിന്നു. വാർഡനായ ഡീനിന് ഉത്തരവാദിത്തമില്ലേ എന്നും കുടുംബം ചോദിച്ചു.
അതേസമയം പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള സുഹൃത്തിന്റെ ഓഡിയോ സന്ദേശം പുറത്ത്. സിദ്ധാര്‍ത്ഥിനെ തല്ലിക്കൊന്നതാണെന്ന് ഈ ഓഡിയോ സന്ദേശത്തില്‍ പറയുന്നുണ്ട്. സിദ്ധാര്‍ത്ഥിന്റെ കുടുംബം തന്നെയാണ് ഈ ഓഡിയോ സന്ദേശം പുറത്തുവിട്ടത്.
മൃഗീയമായി സിദ്ധാര്‍ത്ഥിനെ തല്ലി, അവന്റെ ബാച്ചിലുള്ളവര്‍ക്കും ഇതില്‍ പങ്കുണ്ട്. മര്‍ദിച്ചവര്‍ പുറത്ത് നല്ലവരായി അഭിനയിക്കുകയാണ്’ എന്നും ഓഡിയോ സന്ദേശത്തില്‍ സുഹൃത്ത് പറഞ്ഞു. അതേസമയം ഓഡിയോ സന്ദേശം കുടുംബം പോലീസ് കൈമാറിയെന്ന് അറിയിച്ചു.
സിദ്ധാര്‍ത്ഥിനെ അവര്‍ മൃഗീയമായി തല്ലി. പട്ടിയെ തല്ലണ പോലെ അവനെ തല്ലിയിട്ടുണ്ട്. ബെല്‍റ്റൊക്കെ വെച്ചാണ് തല്ലിയത്. അവനെ തല്ലിക്കൊന്നത് തന്നെയാണ്. അവന്റെ ബാച്ചിലുള്ളവര്‍ക്കും ഇതില്‍ പങ്കുണ്ട്. അവര്‍ പുറത്ത് അഭിനയിക്കുകയാണ്. കഴുകന്‍മാരേക്കാള്‍ മോശക്കാരാണ് അവര്‍ എന്നും സിദ്ധാര്‍ത്ഥിന്റെ സഹപാഠി പറയുന്നു. അതേസമയം എത്രത്തോളം വലിയ ക്രൂരതയാണ് സിദ്ധാര്‍ത്ഥിനെതിരെ നടന്നതെന്ന് സഹപാഠിയുടെ വാക്കുകളില്‍ നിന്ന് വ്യക്തമാണ്.
അതേസമയം സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച്ചയുണ്ടായിട്ടില്ലെന്ന് സര്‍വകലാശാല ഡീന്‍ എംകെ നാരായണന്‍. ഹോസ്റ്റലില്‍ നേരത്തെ റാഗിംഗ് നടന്നിട്ടില്ല. അടിയുണ്ടായെന്ന വിവരം അറിഞ്ഞിരുന്നില്ലെന്നും ഡീന്‍ പറഞ്ഞു. ഡീന്‍ വാര്‍ഡന്‍ കൂടിയാണ്. എന്നാല്‍ വാര്‍ഡന്‍ ഹോസ്റ്റലില്‍ അല്ല താമിസിക്കുന്നത്. അവിടെ താമസിക്കുന്ന റസിഡന്റ് ട്യൂറ്ററാണ്. വാര്‍ഡന്‍ ഹോസ്റ്റലിന്റെ ദൈനം ദിന കാര്യങ്ങളില്‍ ഇടപെടുന്നയാളല്ല.
തന്റെ ഭാഗത്ത് നിന്ന് സ്വീകരിക്കേണ്ട എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹോസ്റ്റലില്‍ ഇതുവരെ സെക്യൂരിറ്റി പ്രശ്‌നമൊന്നും ഉണ്ടായിട്ടില്ല. അസിസ്റ്റന്റ് വാര്‍ഡനാണ് ആത്മഹത്യാ ശ്രമം നടന്നതെന്ന് പറഞ്ഞത്. പത്ത് മിനുട്ടില്‍ താന്‍ അവിടേക്ക് എത്തിയിരുന്നു. വാതില്‍ ചവിട്ടിപ്പൊളിച്ചാണ് കുട്ടികള്‍ അടക്കം മുറിയില്‍ കയറിയത്. ജീവനുണ്ടെങ്കില്‍ രക്ഷിക്കണം എന്ന് കരുതിയാണ് ആംബുലന്‍സ് എത്തിയ ഉടനെ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്.
ഡീനിന്റെ ജോലി എല്ലാ ദിവസവും ഹോസ്റ്റലില്‍ പോയി സെക്യൂരിറ്റി സര്‍വീസ് നടത്തുകയല്ല. ആരും പറയാത്തത് കൊണ്ടാണ് മര്‍ദനം നടന്നത് അറിയാതിരുന്നത്. ആശുപത്രിയില്‍ താനും പോയിരുന്നു. മരണം സ്ഥിരീകരിച്ച് പത്ത് മിനുട്ടില്‍ വിവരം ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. തന്റെ വിദ്യാര്‍ത്ഥിയായ കൃഷ്ണകാന്താണ് സിദ്ധാര്‍ത്ഥിന്റെ അമ്മാവനെ വിവരം അറിയിച്ചത്. അതേസമയം ഡീനെതിരെ സസ്‌പെന്‍ഷനിലായ മുന്‍ വിസി ശശീന്ദ്രനാഥും രംഗത്തെത്തിയിരിക്കുകയാണ്. സിദ്ധാര്‍ത്ഥിന് മര്‍ദനമേറ്റ കാര്യം ഡീന്‍ മറച്ചുവെച്ചു. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടുള്ള ആത്മഹത്യെന്നാണ് തന്നോട് ഡീന്‍ പറഞ്ഞത്. റാഗിംഗ് ആണെന്ന് അറിയിച്ചില്ല. അറിഞ്ഞിരുന്നെങ്കില്‍ വേഗത്തില്‍ ഇടപെടുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സിദ്ധാർത്ഥൻ അനുഭവിച്ചത് അതിക്രൂര പീഡനമെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നു. 12ാം തീയതി സിദ്ധാർത്ഥൻ സഹപാഠിയോട് മോശമായി പെരുമാറിയതായി ആരോപണം ഉയർന്നു. വിദ്യാർഥിനിയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് സിദ്ധാർത്ഥനെ പരസ്യമായി വിചാരണ നടത്തിയിരുന്നു. പിന്നീട് വീട്ടിലേക്ക് പുറപ്പെട്ട സിദ്ധാർഥനെ തിരിച്ച് വിളിച്ചുവരുത്തുകയായിരുന്നു. കാര്യങ്ങൾ ഒത്തുതീർപ്പാക്കാം എന്ന് പറഞ്ഞാണ് ഫോണിൽ വിളിച്ചത്. ഹോസ്റ്റലിലെ അലിഖിത നിയമം അനുസരിച്ച് ഒത്തുതീർപ്പാക്കാം എന്നാണ് പറഞ്ഞത്. തിരിച്ചെത്തിയ സിദ്ധാർത്ഥനെ ഹോസ്റ്റൽ മുറിയിൽ നിന്ന് എങ്ങും പോകാൻ അനുവദിച്ചില്ലെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
16ാം തീയതി സിദ്ധാർത്ഥനെ തടങ്കലിൽ പാർപ്പിച്ചു. രാത്രിയോടെ ക്രൂരമായി മർദ്ദിച്ചു. അടിവസ്ത്രം മാത്രം ധരിപ്പിച്ച് ബെൽറ്റ് കൊണ്ടും കേബിൾ വയർ കൊണ്ടും കൈകൊണ്ടും കാലുകൊണ്ടും അതിക്രൂരമായി മർദ്ദിച്ചു. 16ാം തീയതി രാത്രി ഒമ്പത് മണിക്ക് ആരംഭിച്ച മർദ്ദനം 17ാം തീയതി പുലർച്ചെ രണ്ട് മണി വരെ നീണ്ടു. ക്യാമ്പസിന്റെ വിവിധ ഭാഗങ്ങളിൽ കൊണ്ടുപോയി മർദ്ദിച്ചിരുന്നു. പൊതു മധ്യത്തിൽ പരസ്യ വിചാരണ നടത്തുകയും അപമാനിക്കുകയും ചെയ്തതിനെ തുടർന്ന് മരണമല്ലാതെ മറ്റൊരു മാർഗമില്ലാത്ത സാഹചര്യത്തിലേക്ക് സിദ്ധാർത്ഥനെ പ്രതികൾ എത്തിച്ചു. 18ാം തീയതി ഉച്ചയോടെ സിദ്ധാർത്ഥൻ തൂങ്ങിമരിച്ചുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ കൊലപാതക സാധ്യത അന്വേഷിക്കുമെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.