സ്ത്രീകളില്‍ വിളര്‍ച്ച ഭീഷണി.. അനീമിയ’ മൂലം തലക്കറക്കം,സ്ഥിരമായ ക്ഷീണം,ശ്വാസം കിട്ടാതെ വിഷമം , കൂടിയ നെഞ്ചിടിപ്പ് എന്നിവയുണ്ടാകാം

അനീമിയ’ മൂലം തലക്കറക്കം,സ്ഥിരമായ ക്ഷീണം,ശ്വാസം കിട്ടാതെ വിഷമം , കൂടിയ നെഞ്ചിടിപ്പ് എന്നിവയുണ്ടാകാം.

ഇന്ത്യന്‍ സമൂഹം നേരിടുന്ന ഏറ്റവും വലിയ ആരോഗ്യപ്രശ്‌നമായി മാറുകയാണ് അനീമിയ അഥവാ വിളര്‍ച്ച. ഇതിന്റെ ഏറ്റവും വലിയ ഭീഷണി നേരിടുന്നത് സ്ത്രീകളാണ് പ്രത്യേകിച്ച് ഗര്‍ഭിണികള്‍. രക്തത്തില്‍ അയണ്‍ ഘടകം അഥവാ ഇരുമ്പിന്റെ അംശം ഗണ്യമായി കുറയുമ്പോഴാണ് അനീമിയ എന്ന അവസ്ഥ വരുന്നത്. ഒരു രോഗമായി ഇതിനെ വൈദ്യശാസ്ത്രം പരിഗണിക്കുന്നില്ലെങ്കിലും നിരവധി രോഗങ്ങള്‍ക്ക് കാരണമാകാന്‍ സാധ്യതയുള്ള ഒന്നാണിത്.

ചുവന്ന രക്താണുക്കള്‍ക്ക് നാശം സംഭവിക്കുമ്പോഴാണ് വിളര്‍ച്ച ഉണ്ടാകുന്നത്. ഭക്ഷണത്തില്‍ നിന്ന് വേണ്ട രീതിയില്‍ അയണ്‍ ലഭ്യമാകാതെ വന്നാല്‍ വിളര്‍ച്ച സംഭവിക്കുന്നു. വിളര്‍ച്ച പല മോശം ശാരീരിക അവസ്ഥകള്‍ക്കും കാരണമാകുന്നു. തലക്കറക്കം, സ്ഥിരമായ ക്ഷീണം, ശ്വാസം കിട്ടാതെ വരിക, കൂടിയ നെഞ്ചിടിപ്പ്, വ്രണങ്ങള്‍ ഉണങ്ങാന്‍ കാലതാമസം എന്നിങ്ങനെ പല അവസ്ഥകള്‍ക്കും കാരണമാകുന്നതാണ് അനീമിയ. ഗര്‍ഭിണികളെ സംബന്ധിച്ച് മേല്‍ പറഞ്ഞവ സംഭവിക്കുമ്പോള്‍ അത് ഗര്‍ഭസ്ഥ ശിശുവിനെയും ബാധിക്കുന്നു. ഭ്രൂണത്തിന്റെ വളര്‍ച്ചക്കുറവ്, ഹൃദയസ്പന്ദനത്തിലെ വ്യതിയാനം, മറ്റു പല വൈകല്യങ്ങള്‍ എന്നിവയ്ക്കും അനീമിയ കാരണമാകുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിളര്‍ച്ച ഭക്ഷണത്തിലെ ന്യൂനതയെമാത്രം ആശ്രയിച്ചുണ്ടാകുന്ന ഒരു രോഗാവസ്ഥയല്ല. ഒരാള്‍ കഴിക്കുന്ന ആഹാരം അയണ്‍ ഘടകം അടങ്ങിയതാണെങ്കില്‍ കൂടി അത് ശരിയായി ആഗിരണം ചെയ്യപ്പെടാത്ത അവസ്ഥ പലപ്പോഴും ഉണ്ടാകാറുണ്ട്. ആമാശയ സംബന്ധമായ രോഗങ്ങള്‍, ആഗ്നേയഗ്രന്ഥി തകരാറ്, കരള്‍ സംബന്ധമായ മറ്റ് രോഗങ്ങള്‍, ഉമിനീര്‍ഗ്രന്ഥിയുടെ പ്രവര്‍ത്തനതകരാറുകള്‍ എന്നിവയൊക്കെ ഭക്ഷണത്തിലെ വിവിധ ധാതുക്കളെ ആഗിരണം ചെയ്യുന്നതിനു തടസ്‌സം ഉണ്ടാക്കാം. ഇത് അനീമിയയ്ക്ക് കാരണമാകാം.

പൊതുവെ ഭക്ഷണത്തിലെ പോരായ്മകള്‍ കാരണം പാവപ്പെട്ടവരെ മാത്രം ബാധിക്കുന്ന ഒന്നാണ് അനീമിയ എന്നായിരുന്നു ഇതുവരെയുള്ള വിശ്വാസം എന്നാല്‍, അത് തെറ്റെന്ന് ഇപ്പോള്‍ തെളിയുകയാണ്. അനീമിയ രോഗികള്‍ ഉണ്ടാകുന്നതിന് കാരണം ഭക്ഷണത്തില്‍ നിന്ന് പച്ചക്കറികളും ഇലകളും ഒഴിവാക്കി പകരം ജങ്ക് ഫുഡുകള്‍ സ്ഥാനം പിടിച്ചതാണ്. അധികമായി സോഫ്റ്റ് ഡ്രിങ്കുകള്‍, ബേക്കറി സാധനങ്ങള്‍, ഐസ് ക്രീം എന്നിവ കഴിക്കുമ്പോഴും, മാംസഭക്ഷണം കഴിക്കുമ്പോഴും നാം മറന്നുപോകുന്ന കാര്യം ഡയറ്റ് ബാലന്‍സ്ഡ് ആകുന്നില്ല എന്നതാണ്. മേല്‍ പറഞ്ഞവയില്‍ വളരെ കുറച്ച് തോതില്‍ മാത്രമേ വിളര്‍ച്ച അകറ്റുന്ന ഘടകങ്ങളുള്ളൂ . ഇലക്കറി, പച്ചക്കറി, മറ്റ് ധാന്യങ്ങള്‍ എന്നിവയാണ് അയണ്‍ സമൃദ്ധമായ ഡയറ്റ് അതിനുപകരം ബിസ്‌ക്കറ്റും കേക്കും പ്രധാന ഭക്ഷണമായാല്‍ അയണ്‍ സാന്നിധ്യം കുറയുന്നു. ഇത് സമ്പന്നരുടെ ഭക്ഷണക്രമമായി മാറുന്നതുകൊണ്ടാണ് വിളര്‍ച്ച അത്തരം വിഭാഗങ്ങളിലും ഉണ്ടാകുന്നത്.

രക്തജന്യരോഗങ്ങള്‍ ഉണ്ടാകുന്നവര്‍ക്ക് അനീമിയ സാധ്യത വളരെ കൂടുതലാണ്. രക്തത്തിന്റെ അടിസ്ഥാന ഘടന തെറ്റിക്കുന്ന രോഗങ്ങള്‍ ഉള്ളവര്‍ക്കും അനീമിയ സാധ്യത ഉണ്ട്. ബ്‌ളഡ് കള്‍ച്ചറിങ്ങിലൂടെ മാത്രമേ ഇതു നിര്‍ണ്ണയിക്കാന്‍ കഴിയൂ. രക്തത്തിലെ അണുബാധ അനീമിയയ്ക്ക് കാരണമാകാറുണ്ട്. അത്തരം കേസുകളില്‍ ചികിത്സ വളരെ പ്രയാസമേറിയതാണ്.

വിളര്‍ച്ച ഉണ്ടാകുമ്പോഴുള്ള ഒരു പ്രധാന പ്രശ്‌നമാണ് രക്തത്തിന്റെ സാന്ദ്രത കുറയുന്നത്. രക്തത്തിന്റെ ചുവപ്പുനിറവും കട്ടിയും കുറയുന്നു. ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, മറ്റ് പകര്‍ച്ചപ്പനികള്‍ എന്നിവയും അനീമിയ വരുത്തുന്നു.

ഗര്‍ഭിണികള്‍ക്ക് റിസ്‌ക് കൂടുതല്‍

ഗര്‍ഭിണികളെ സംബന്ധിച്ചിടത്തോളം മൂന്ന് അവസ്ഥകളില്‍ അനീമിയ ഉണ്ടായാല്‍ അത് അപകടകരമാകുന്നു. പ്രധാനപ്പെട്ട കാര്യം ഒന്നില്‍ കൂടുതല്‍ കുട്ടികളെ ഗര്‍ഭത്തില്‍ പേറുന്ന സാഹചര്യം. അടുപ്പിച്ചുള്ള പ്രസവങ്ങള്‍, കൗമാരപ്രായത്തിലെ ഗര്‍ഭധാരണം എന്നീ അവസ്ഥകളില്‍ അനീമിയ അപകടകാരിയാകും. അനീമിയ ബാധിച്ച അവസ്ഥയില്‍ ഗര്‍ഭം ധരിക്കുന്നതും അപടകരമാണ്.anemea

ഇങ്ങനെയുള്ള സാഹചര്യത്തില്‍ പ്രസവിച്ചാല്‍ തന്നെ കുഞ്ഞിന് മതിയായ ഭാരം ഉണ്ടാകില്ല. മാത്രമല്ല കുഞ്ഞിനെയും അനീമിയ ബാധിച്ചെന്നു വരാം. പ്രധാന ദോഷം നവജാത ശിശുവിന് നട്ടെല്ലിനോ തലച്ചോറിനോ വൈകല്യങ്ങള്‍ സംഭവിക്കാം. കുഞ്ഞിന്റെ ശാരീരിക വളര്‍ച്ചയെ പല രീതിയിലും അമ്മയ്ക്കുണ്ടാകുന്ന അനീമിയ ബാധിക്കും.

അനീമിയ ബാധിച്ചിട്ടുണ്ടോ എന്നറിയുന്നത് രക്തത്തിലെ ഹീമോഗേ്‌ളാബിന്റെ അളവ് പരിശോധിക്കുന്ന ടെസ്റ്റുകള്‍ വഴിയാണ്. നഖങ്ങള്‍, കണ്ണുകള്‍, തൊലിപ്പുറം എന്നിവിടങ്ങളില്‍ കാണുന്ന വിളറിയ നിറം പൊതുവെ അനീമിയയുടെ ലക്ഷണമായി കണക്കാക്കാമെങ്കിലും പലപ്പോഴും ആ നിഗമനം ശരിയാവാറില്ല. അതിനാല്‍, ഹീമോഗേ്‌ളാബിന്‍ ടെസ്റ്റ് തന്നെ വേണ്ടിവരുന്നു. അയണ്‍ അധികം അടങ്ങിയ പ്രോട്ടീനായ ഹീമോഗേ്‌ളാബിന്‍ (രക്തത്തിലെ ചുവന്ന രക്താണുക്കളിലുള്ളവ) ആണ് ശരീര കോശങ്ങള്‍ക്ക് ഓക്‌സിജന്‍ എത്തിക്കുന്നത്. എന്നാല്‍, അത്യാവശ്യ അളവില്‍ ഓക്‌സിജന്‍ കോശങ്ങളിലെത്തിക്കണമെങ്കില്‍ അത് അവയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. അതാണ് ശരീരക്ഷീണത്തിന് കാരണം.

അനീമിയ മനസ്‌സിലാക്കുന്നതിനുള്ള മറ്റൊരു ടെസ്റ്റാണ് ഹീമാറ്റോക്രിട്ട് ടെസ്റ്റ്. അത് രക്തത്തിലെ ചുവന്ന രക്താണുക്കളുടെ അളവ് മനസ്‌സിലാക്കുന്നതിനുള്ള മറ്റൊരു മാര്‍ഗ്ഗമാണ്.

നോര്‍മല്‍ ലെവലില്‍ നിന്ന് താഴെ അളവില്‍ ഹീമോഗേ്‌ളാബിനാണ് ഒരാള്‍ക്ക് ഉള്ളതെങ്കില്‍ അത് അനീമിയയാണ് എന്ന അനുമാനത്തിലെത്താം. അനീമിയ അതിന്റെ ആരംഭഘട്ടത്തില്‍ തന്നെ കണ്ടെത്തിയാല്‍ നല്ല ഭക്ഷണക്രമം വഴി പരിഹരിക്കാം. എന്നാല്‍, രക്തജന്യരോഗങ്ങളോ, അയണ്‍ ആഗിരണശേഷി ക്കുറവോ ഉണ്ടെങ്കില്‍ അയണ്‍ വൈറ്റമിന്‍, ഫോളിക് ആസിഡ് ഗുളികകള്‍ കഴിക്കേണ്ടി വരും. ഇവ കഴിച്ചാല്‍ ഓരോ മാസവും രക്തപരിശോധന നടത്തി അയണ്‍ അളവ് കണ്ടെത്തണം.

അയണ്‍ സമൃദ്ധമായ ഭക്ഷണം അനിവാര്യം ഇരുമ്പ് ഘടകം കൂടിയ ഭക്ഷണം കഴിച്ചാല്‍ അനീമിയ ഒഴിവാക്കാം.

1. മുട്ട, ചിക്കന്‍, ഫിഷ് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

* പയറുവര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, എന്നിവയില്‍ ഇരുമ്പ് സമൃദ്ധം.

* ചീര, മുരിങ്ങ, ബീന്‍സ്, കാരറ്റ്, അണ്ടിപ്പരിപ്പ്, ബദാം, പേരയ്ക്ക, ഈന്തപ്പഴം, വാഴപ്പഴം എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

* ഇലക്കറികള്‍, ജ്യൂസുകള്‍, പച്ചക്കറി സൂപ്പുകള്‍ എന്നിവയും ഇരുമ്പിന്റെ അംശം രക്തത്തില്‍ കൂട്ടും. ഉണങ്ങിയ പഴങ്ങളും സ്‌ട്രോബറിയും നല്ലതാണ്.

 

Top