പേരൂർക്കട:അവതാരകയും മോഡലുമായ ജാഗി ജോണിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രാഥമിക അന്വേഷണത്തിൽ ദുരൂഹത കാണുന്നില്ലെന്ന് പേരൂർക്കട പോലീസ് അറിയിച്ചു. ജാഗീ ജോണിന്റെ (45) മരണ കാരണം തലയ്ക്കു പിന്നിലേറ്റ ക്ഷതമെന്ന് ഫൊറൻസിക് സംഘം പൊലീസിനെ അറിയിച്ചു. വീഴ്ചയിൽ നിലത്തെ ടൈൽസിന്റെ വക്കിൽ തലയിടിച്ചതിനെത്തുടർന്ന് ആന്തരിക രക്തസ്രാവം ഉണ്ടായി. ശരീരത്തിൽ മറ്റു മുറിവുകളില്ലെന്നും ഫൊറൻസിക് വിദഗ്ധർ പൊലീസിനെ അറിയിച്ചു.
പോസ്റ്റുമോർട്ടം വിഡിയോയിൽ പകർത്തിയിട്ടുണ്ട്. അടുക്കളയിൽ വീണു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കുഴഞ്ഞു വീണതാണോ ബലപ്രയോഗത്തിലൂടെ തള്ളിയിട്ടതാണോ എന്ന കാര്യത്തിൽ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചശേഷമേ ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടക്കൂ. ജാഗീ ജോണിന്റെ മൊബൈൽ ഫോൺ പൊലീസ് വിശദമായി പരിശോധിക്കും.
കുറവൻകോണം ഹിൽ ഗാർഡൻസിലെ വീട്ടിലാണ് അമ്മയ്ക്കൊപ്പം ജാഗി കഴിഞ്ഞിരുന്നത്. ജാഗിയെ ഫോണിൽ കിട്ടുന്നില്ലെന്ന് ഒരു സുഹൃത്ത് അറിയിച്ചതിനെത്തുടർന്ന് കുടുംബ സുഹൃത്തായ ഡോക്ടർ തിങ്കളാഴ്ട വൈകിട്ട് വീട്ടിലെത്തിയിരുന്നു. വീടു അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. പേരൂർക്കട പൊലീസ് എത്തി വാതിൽ പൊളിച്ച് അകത്തുകയറിയപ്പോഴാണ് ജാഗീ അടുക്കളയിൽ നിലത്തു കിടക്കുന്നത് കണ്ടത്. കുറവൻകോണം വിക്രമപുരം ഹിൽ 199ൽ ജാഗി ജോണിനെ ആണ് വീട്ടിലെ അടുക്കളയിൽ കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടത്. ജാഗിയും അമ്മ ഗ്രേസ് ജോണും മാത്രമാണ് വീട്ടിൽ താമസം.
അടുക്കളയിലാണ് കമിഴ്ന്നു കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ തലയിൽ മുറിവുണ്ടെങ്കിലും തലടിയിച്ചു വീണപ്പോൾ സംഭവിച്ചതാകാമെന്നു പോലീസ് കരുതുന്നു. അന്വേഷണത്തിൽ ഇതുവരെ പോലീസിന് അസ്വാഭാവികതയൊന്നും കണ്ടെത്താനായിട്ടില്ല. പാചകത്തിനായി ഉള്ളി അരിഞ്ഞു വച്ചിട്ടുണ്ടായിരുന്നു. ഒപ്പമുണ്ടായിരുന്ന വയോധികയായ മാതാവ് പരസ്പരവിരുദ്ധമായാണ് സംസാരിച്ചത്. 10 വർഷം മുൻപു വാഹനാപകടത്തിൽ ഇവരുടെ മകനും ഭർത്താവും മരണപ്പെട്ടശേഷം ഇത്തരത്തിലാണ് പെരുമാറ്റമെന്ന് അയൽക്കാർ പൊലീസിനെ അറിയിച്ചു.പോസ്റ്റുമോർട്ടത്തിനു ശേഷം ജാഗീയുടെ മൃതദേഹം അമ്മയുടെ ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശമായ കൊട്ടാരക്കരയിലേക്കു കൊണ്ടുപോയി. ബന്ധുക്കളുമായി ജാഗീ അടുത്തബന്ധം പുലർത്തിയിരുന്നില്ല. ഏഴുവർഷം മുൻപ് വിവാഹ ബന്ധം വേർപെടുത്തിയിരുന്നു. മോഡലിങ് രംഗത്തു സജീവമായിരുന്നു.