കോഴിക്കോട്: ലിനിയുടെ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം നിറവേറ്റി. നിപ്പ വൈറസ് ബാധയുള്ളവരെ ചികിത്സിക്കുന്നതിനിടയില്‍ മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ താല്‍ക്കാലിക നഴ്‌സ് ലിനിയുടെ ഭര്‍ത്താവിനു സര്‍ക്കാര്‍ ജോലി നല്‍കി. കോഴിക്കോട് ഡിഎംഒ ഓഫിസില്‍ എല്‍ഡി ക്ലാര്‍ക്കായാണു നിയമനം. ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി.
നിപ്പ വൈറസ് ബാധയേറ്റു മരിച്ച ലിനിയുടെ ജീവിതം കേരളക്കരയുടെ നൊമ്പരമായിരുന്നു. രണ്ടു കുഞ്ഞുമക്കളാണു ലിനിക്കുള്ളത്. നിപ്പ ബാധിച്ച ചികിത്സ തേടിയവരെ പരിചരിക്കുന്നതിനിടയിലാണ് ലിനിക്കും നിപ്പ സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന ലിനി മേയ് 21നു മരണത്തിനു കീഴടങ്ങുകയായിരുന്നു. മനാമയില്‍ അക്കൗണ്ടന്റായിരുന്ന ലിനിയുടെ ഭര്‍ത്താവ് ലിനിക്ക് നിപ്പ സ്ഥിരീകരിച്ചതോടെ നാട്ടിലെത്തിയിരുന്നു. ആറാം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ഏതാനും ദിവസം ബാക്കി നില്‍ക്കെയായിരുന്നു ലിനിയുടെ വേര്‍പാട്.
ലിനിയുടെ രണ്ടുകുട്ടികളുടെയും ബിരുദാനന്തര ബിരുദം വരെയുള്ള സമ്പൂര്‍ണ പഠന ചെലവ് പ്രവാസി വനിതകളുടെ നേതൃത്വത്തിലുള്ള അവൈറ്റിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഏറ്റെടുത്തിരുന്നു. സര്‍ക്കാര്‍ ജോലി ലിനിയുടെ സ്വപ്നമായിരുന്നു. ഈ സ്വപ്നമാണ് ഇപ്പോള്‍ സാക്ഷാത്ക്കരിക്കപ്പെട്ടിരിക്കുന്നത്. പക്ഷേ, സന്തോഷിക്കാന്‍ ലിനി കുടുംബത്തോടൊപ്പമില്ലെന്നു മാത്രം.