തൃശ്ശൂര്‍: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചുരി രംഗത്ത്. ന്യൂനപക്ഷ-ദളിത് അവകാശങ്ങള്‍ പൂര്‍ണമായും നിഷേധിക്കപ്പെടുന്നു. വെവിധ്യങ്ങളെ ഏകോപിപ്പിച്ച് മുന്നേറുകയെന്ന ജനാധിപത്യത്തിന്റെ ലക്ഷ്യത്തെ ബിജെപി സര്‍ക്കാര്‍ തകര്‍ത്തെന്നും യെച്ചൂരി പറയുന്നു.
ഫാസിസത്തിന്റെ വഴിയില്‍ പ്രതിരോധങ്ങളുണ്ടാക്കുകയെന്നത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും യെച്ചുരി പറഞ്ഞു. തൃശ്ശൂരില്‍ ആരംഭിച്ച ഇംഎംഎസ് സ്മൃതി സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോര്‍പ്പറേറ്റുകള്‍ക്കായി പാരിസ്ഥിതിക നിയമങ്ങളെ തിരുത്തിയ ചിദംബരത്തിന്റെ നയമാണ് നരേന്ദ്രമോദി തുടരുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ ആരോപിച്ചു. നര്‍മ്മദ അണക്കെട്ടിന്റെ ഉയരംകൂട്ടാനുള്ള തീരുമാനമുണ്ടാകുന്നത് ഇതിന് തെളിവാണ്.
അതിരപ്പിള്ളി, എക്സ്പ്രസ് വേ, വിഴിഞ്ഞം തുടങ്ങിയ പദ്ധതികളില്‍ പാരിസ്ഥിതികാഘാത പഠനം നടത്തണം. വന്‍കിട പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ ജനങ്ങളുമായാണ് ആദ്യം സംവദിക്കേണ്ടതെന്നും മേധപട്കര്‍ പറഞ്ഞു.
ഇഎംഎസ് സ്മൃതിയുടെ ഭാഗമായി ഇന്ത്യ എന്ന പരികല്‍പന എന്ന വിഷയത്തിലാണ് ദേശീയ സംവാദം സംഘടിപ്പിച്ചിട്ടുള്ളത്. എസ് സുധാകര്‍ റെഡ്ഡി, പ്രകാശ് കാരാട്ട്, പ്രഭാത് പട്നായിക്, ഗോപാല്‍ഗുരു, സച്ചിദാനന്ദന്‍, എംഎ ബേബി, ആനിരാജ, ബൃന്ദാകാരാട്ട്, സുഭാഷിണി അലി, തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും.