പത്തനംതിട്ട: ശബരിമലയില്‍ നിന്നും മടങ്ങുന്നതിനിടെ മരിച്ച നിലയില്‍ കാണപ്പെട്ട പത്തനംതിട്ട പന്തളം മുളമ്പുഴ ശരത് ഭവനില്‍ ശിവദാസന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ ഭീഷണി നേരിട്ടിരുന്നെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. മുമ്പ് ഏപ്രില്‍ 26ന് പന്തളം പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയാണ് ഇപ്പോള്‍ പുറത്തുവന്നത്.
ശിവദാസന്റെ വീട്ടിലേക്ക് പോകുന്ന നടവഴിയില്‍ അയല്‍വാസികളായ ചിലര്‍ അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ശിവദാസന്റെ ഇരുചക്രവാഹനം ഇത് വഴി കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് കൂടി ഇവര്‍ നിലപാടെടുത്തതോടെ പന്തളം പൊലീസിനെ സമീപിച്ചു. വാഹനം കത്തിക്കുമെന്ന് വരെ ഭീഷണിയുയര്‍ന്നപ്പോഴാണ് ശിവദാസന്‍ പോലീസിനെ സമീപിച്ചത്.
പിറ്റേ ദിവസം എതിര്‍കക്ഷികളെ സ്റ്റേഷനില്‍ വിളിച്ച് വരുത്തി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു. ശിവദാസനെ ഇനി ബുദ്ധിമുട്ടിക്കില്ലെന്ന ഉറപ്പ് നല്‍കിയാണ് ഇവര്‍ മടങ്ങിയത്. എന്നാല്‍ ഇതിന് ശേഷം പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ ശിവദാസനെ സമീപിച്ചിരുന്നതായി ആരോപണമുണ്ട്. പരാതി പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ തല്ലിക്കൊന്ന് കൊക്കയിലെറിയുമെന്ന് ആര്‍.എസ്.എസ് നേതാവ് ഭീഷണിപ്പെടുത്തിയിരുന്നതായും പ്രദേശവാസികള്‍ ആരോപിക്കുന്നു.
ശിവദാസന്റെ മരണം അപകടം മൂലമായിരിക്കാമെന്ന് പന്തളം പൊലീസ് വ്യക്തമാക്കി. വളരെ അപകടം പിടിച്ച സ്ഥലമാണ് കമ്പകത്തും വളവ്. അയല്‍വാസികളുമായി നിലനിന്നിരുന്ന വഴിത്തര്‍ക്കം മൂലം മാനസികമായി ഏറെ അസ്വസ്ഥനായിരുന്നു ശിവദാസന്‍. ഇതാകാം അപകടത്തിലേക്ക് വഴിവച്ചത്. എന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ വ്യക്തമാവുകയുള്ളൂ എന്നും പന്തളം പൊലീസ് വ്യക്തമാക്കി.