സ്വർണക്കടത്ത് വിവാദം: മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്ന് എം ശിവശങ്കറിനെ നീക്കി.പകരം മിർ മുഹമ്മദ് ഐ.എ.എസിന് ചുമതല

തിരുവനന്തപുരം: സ്വർണക്കടത്ത് വിവാദത്തിൽ ആരോപണ വിധേയനായ എം. ശിവശങ്കർ ഐ എ എസിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി. പകരം മിർ മുഹമ്മദ് ഐഎഎസിന് മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ അധിക ചുമതല നൽകി.മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയെങ്കിലും ഐ.ടി വകുപ്പ് സെക്രട്ടറിയായി എം.ശിവശങ്കർ തുടരും. സ്വർണക്കടത്തു കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്നതിനു പിന്നാലെ ശിവശങ്കറിനെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കുമെന്ന് സൂചനകളുണ്ടായിരുന്നു.

നിരപരാധിയാണെന്ന് തെളിയും വരെ ശിവശങ്കറിനെ സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റി നിർത്താനാണ് തീരുമാനം. മന്ത്രിസഭ അറിയാതെ സ്പ്രിങ്ക്ളറുമായി കരാറുണ്ടാക്കിയ ഐടി സെക്രട്ടറി വീണ്ടും വിവാദങ്ങളിൽ അകപെട്ടതോടെ മുഖ്യമന്ത്രി തന്നെയാണ് വെട്ടിലായത്. മുഖ്യമന്ത്രിയുടെ സെക്രട്ടറി കൂടിയാണ് ശിവശങ്കർ എന്നതു തന്നെയാണ് കാരണം. ക്രിമിനല്‍ കേസുകളുള്ള ഒരാലെ ഐടി വകുപ്പിന് കീഴിൽ പ്രധാന തസ്തികയിൽ നിയമിച്ചതിന് ശിവശങ്കർ മറുപടി നൽകേണ്ടിവരും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


ആഭ്യന്തര വകുപ്പിന് കീഴിലുള്ള ക്രൈംബ്രാഞ്ച് കേസില്‍ പ്രതിയായി രണ്ട് തവണ ചോദ്യം ചെയ്ത ആള്‍ക്ക് എങ്ങനെ ഐടി വകുപ്പില്‍ നിയമനം നല്‍കി എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. സര്‍ക്കാരിന് ഇക്കാര്യത്തില്‍ പങ്കില്ല, താന്‍ അറിഞ്ഞു കൊണ്ടുള്ള നിയമനമല്ല ഉണ്ടായതെന്ന് കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു.സ്വർണക്കടത്തിൽ അന്വേഷണം ശക്തമാകുന്ന സാഹചര്യത്തിൽ എം ശിവശങ്കറിനെ ഉൾപ്പെടെ കസ്റ്റംസ് ചോദ്യം ചെയ്യാനുള്ള സാധ്യതയുണ്ട്. മുഖ്യമന്ത്രിയുടെ സെക്രട്ടറി-ഐടി സെക്രട്ടറി പദവിയിൽ ഇരിക്കുമ്പോൾ ശിവശങ്കർ ചോദ്യം ചെയ്യപ്പെട്ടാൽ മുഖ്യമന്ത്രി ഓഫിസ് കൂടുതൽ പ്രതിക്കൂട്ടിൽ ആകും ഈ സാഹചര്യത്തിലാണ് സെക്രട്ടറി സ്ഥാനത്തുനിന്ന് ശിവശങ്കറിനെ മാറ്റിനിർത്തുന്നത്.

സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് തിരയുന്ന സ്വപ്ന സുരേഷ് താമസിച്ചിരുന്ന ഫ്ളാ​റ്റിൽ ഐ.ടി സെക്രട്ടറി ശിവശങ്കർ സ്ഥിരം സന്ദർശകനായിരുന്നുവെന്ന് ഫ്ളാ​റ്റിലെ റസിഡൻസ് അസോസിയേഷൻ ഭാരവാഹി നേരത്തെ വെളിപ്പെടുത്തിയിരുന്നു. സ്റ്റേറ്റ് കാറിലാണ് ഐ.ടി സെക്രട്ടറി എത്തിയിരുന്നതെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. ഐ.ടി വകുപ്പിൽ സ്വപ്ന സുരേഷിനെ നിയമിച്ചതുമായി ബന്ധപ്പെട്ട് ശിവശങ്കറിനോട് മുഖ്യമന്ത്രി വിശദീകരണം തേടിയേക്കും. സ്പ്രിംഗ്ളർ വിവാദത്തിലും ഐ.ടി സെക്രട്ടറിക്കെതിരായി ആരോപണമുയർന്നിരുന്നു

Top