കൊഹിമ: നാഗാലാൻഡിൽ സുരക്ഷാസേനയുടെ വെടിയേറ്റ് 12 ഗ്രാമീണർ കൊല്ലപ്പെട്ടു. ട്രക്കിൽ സഞ്ചരിക്കുകയായിരുന്ന ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിനെത്തിയവരെന്ന് തെറ്റിദ്ധരിച്ച് ആളുമാറി വെടിവച്ചതാണെന്നാണ് റിപ്പോർട്ട്. രണ്ടുപേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. വെടിവെപ്പിൽ ഗ്രാമവാസികൾ കൊല്ലപ്പെട്ടതോടെ രോഷാകുലരായ നാട്ടുകാർ സുരക്ഷാസേനയെ വളഞ്ഞു. ഇവരുടെ വാഹനം കത്തിച്ചു.
മോൺ ജില്ലയിലെ ഒട്ടിംഗ് ഗ്രാമത്തിലാണ് സംഭവം. സംഭവത്തിൽ ഒരു സുരക്ഷാഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. സംഭവത്തിൽ നാഗാലാൻഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോ സംഭവത്തെ അപലപിച്ചു. ഇതിനെക്കുറിച്ച് ഉന്നതതല പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.