ഡോ.സാകിര്‍ നായിക്കിന് സൗദി അറേബ്യന്‍ പൗരത്വം; രാജ കുടുംബം പ്രത്യേക താല്‍പ്പര്യമെടുത്തു

ന്യൂഡല്‍ഹി: ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപകന്‍ ഡോ.സാകിര്‍ നായിക്കിന് സൗദി അറേബ്യന്‍ പൗരത്വം ലഭിച്ചതായി റിപ്പോര്‍ട്ട്. ദ മിഡില്‍ ഈസ്റ്റ് മോണിറ്റര്‍ എന്ന പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. സാകിര്‍ നായിക്കിന് പൗരത്വം നല്‍കാന്‍ സൗദി രാജകുടുംബം തന്നെ മുന്‍ കൈയെടുത്തുവെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

സാകിര്‍ നായിക് ഇപ്പോള്‍ സൗദിയില്‍ ഉണ്ടെന്നാണ് സൂചന. കേന്ദ്ര സര്‍ക്കാര്‍ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ നിരോധിക്കുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ്. അദ്ദേഹം വിദേശത്തുതന്നെ തങ്ങുന്നത്. കഴിഞ്ഞ നവംബറില്‍ അന്വേഷണം പ്രഖ്യാപിച്ച സമയത്ത് വിദേശ സന്ദര്‍ശനത്തിലായിരുന്ന സാകിര്‍ നായിക് പിന്നീട് ഇന്ത്യയിലേക്ക് വന്നിട്ടില്ല. സാകിര്‍ നായിക്കിന് മലേഷ്യന്‍ പൗരത്വം ലഭിച്ചുവെന്ന് മുമ്പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും അക്കാര്യം മലേഷ്യ നിഷേധിച്ചിരുന്നു.നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള യു.എ.പി.എ. നിയമപ്രകാരം സാകിര്‍ നായിക്കിന്റെ നേതൃത്വത്തിലുള്ള ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ (ഐ.ആര്‍.എഫ്.) കേന്ദ്രസര്‍ക്കാര്‍ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അന്താരാഷ്ട്ര ചാനലായ പീസ് ടി.വി.യുമായി ഇസ്ലാമിക് ഫൗണ്ടേഷന് ബന്ധമുണ്ടെന്ന് ആഭ്യന്തരമന്ത്രാലയം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതാണ് നിരോധനത്തിന് കാരണമായി സര്‍ക്കാര്‍ പറയുന്നത്. പീസ് ടി.വി. ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് ആരോപണം. സാകിര്‍ നായിക് പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയതായും ആഭ്യന്തരമന്ത്രാലയം ആരോപിക്കുന്നു. യുവാക്കളെ തീവ്രവാദ ആശയങ്ങളിലേക്ക് നയിക്കുന്നു എന്നാരോപിച്ച് മഹാരാഷ്ട്രാ പൊലീസും സാകിര്‍ നായിക്കിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഐ.ആര്‍.എഫിന് ലഭിക്കുന്ന വിദേശ ഫണ്ടുകള്‍ പീസ് ടി.വി.ക്ക് കൈമാറിയതായും മന്ത്രാലയം കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ വര്‍ഷം ജൂലായ് ഒന്നിന് ധാക്കയില്‍ നടന്ന ഭീകരാക്രമണത്തിന്റെ സൂത്രധാരരില്‍ ഒരാളായ രോഹന്‍ ഇംതിയാസ് സാകിര്‍ നായിക്കിന്റെ പ്രബോധനങ്ങള്‍ തന്നെ സ്വാധീനിച്ചതായി ഫെയ്സ് ബുക്കില്‍ വെളിപ്പെടുത്തിയതാണ് അന്വേഷണത്തിനിടയാക്കിയത്. വിദ്വേഷ പ്രസംഗം നടത്തുന്നു എന്നാരോപിച്ച് ബ്രിട്ടണ്‍, കാനഡ , മലേഷ്യ എന്നീ രാജ്യങ്ങള്‍ സാക്കിര്‍ നായിക്കിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Top