കേന്ദ്രസര്‍ക്കാരിന്റെ ഫാസിസത്തിനെതിരെ കേരളം പ്രതിഷേധിക്കുന്നു; ആര്‍എസ്എസ് അജണ്ട നടപ്പാക്കുന്നുവെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: കന്നുകാലികളെ മാംസത്തിനായി കൊല്ലുന്നത് നിരോധിച്ചുകൊണ്ടുളള കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം പുകയുന്നു, കേരളമൊന്നാകെ ഈ ഉത്തരവിനെതിരെ രംഗത്തുവന്നു.

വിജ്ഞാപനം രാജ്യത്ത് ആര്‍എസ്എസ് അജന്‍ഡ നടപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് പിണറായി വിജയന്‍ വിമര്‍ശിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിവിധ മതങ്ങളും വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളുമുള്ള രാജ്യമാണ് ഇന്ത്യ. ബഹുസ്വരതയാണ് നമ്മുടെ ജനാധിപത്യത്തിന്റെ അന്തസത്ത. അതിന് വിരുദ്ധമായ നടപടികളാണ് കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഉണ്ടാകുന്നതെന്ന് മുഖ്യമന്ത്രി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

ഇതുവരെ പശുവിനെ കൊല്ലുന്നതിന്റെ പേരിലാണ് രാജ്യത്തിന്റെ പലഭാഗത്തും സംഘപരിവാര്‍ അക്രമം അഴിച്ചുവിട്ടത്. എന്നാല്‍ പുതിയ നിരോധന ഉത്തരവ് കാള, പോത്ത്, എരുമ, ഒട്ടകം എന്നീ മൃഗങ്ങള്‍ക്കും ബാധകമാണ്. രാജ്യത്തു കോടിക്കണക്കിനാളുകള്‍ ഭക്ഷ്യാവശ്യത്തിന് ഇത്തരം മൃഗങ്ങളെ കൊല്ലുന്നുണ്ട്. മാംസം ഭക്ഷിക്കുന്നത് ഏതെങ്കിലും പ്രത്യേക മതവിഭാഗത്തില്‍ പെട്ടവരല്ല. എല്ലാ മതങ്ങളില്‍ പെട്ടവരും ചരിത്രാതീത കാലം മുതല്‍ മാംസ ഭക്ഷണം കഴിക്കുന്നുണ്ട്. അവയെല്ലാം നിരോധിക്കുക വഴി ജനങ്ങളുടെ ഭക്ഷണം കഴിക്കാനുള്ള അവകാശത്തിന് മേലാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ കൈ വെച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെ പാവങ്ങളുടെയും സാധാരണക്കാരുടെയും പ്രധാന പോഷകാഹാരമാണ് മാംസമെന്നതും കാണേണ്ടതാണ്. അതുകൊണ്ടുതന്നെ, പാവങ്ങള്‍ക്കെതിരായ കടന്നാക്രമണമാണ് ഇത്. ഇത്തരം അപരിഷ്‌കൃതമായ നടപടികള്‍ക്ക് എതിരെ രാജ്യവ്യാപകമായി ജനരോഷം ഉയര്‍ന്നുവരണം. ഇന്ന് കന്നുകാലികള്‍ക്കാണ് നിരോധനമെങ്കില്‍ മത്സ്യം കഴിക്കുന്നതിനും ഭാവിയില്‍ നിരോധനം വരും.

രാജ്യത്തിനാകെ ബാധകമായ നിരോധനം പ്രഖ്യാപിക്കും മുമ്പ് സംസ്ഥാനങ്ങളുടെ അഭിപ്രായം കേള്‍ക്കാനും പരിഗണിക്കാനും കേന്ദ്രം തയ്യാറാകേണ്ടതായിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കാരണം, സംസ്ഥാനങ്ങള്‍ക്ക് പല സവിശേഷതകളുമുണ്ട്. ഫെഡറല്‍ സംവിധാനത്തില്‍ ഇത്തരം കാര്യങ്ങളില്‍ സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുക്കാന്‍ കേന്ദ്രത്തിന് ഉത്തരവാദിത്തമുണ്ട്. നമ്മുടെ ഫെഡറല്‍ സംവിധാനം തന്നെ തകര്‍ക്കുന്ന രീതിയിലാണ് കേന്ദ്രം നീങ്ങുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കന്നുകാലികളെ കൊല്ലുന്നതിനുള്ള നിരോധനം രാജ്യത്ത് ലക്ഷക്കണക്കിന് ആളുകളുടെ തൊഴില്‍ ഇല്ലാതാക്കും. നിരോധനം പ്രാബല്യത്തില്‍ വരുന്നതോടെ ഇന്ത്യയിലെ തുകല്‍ വ്യവസായത്തിന് അസംസ്‌കൃത വസ്തുക്കള്‍ കിട്ടാതാകും. 25 ലക്ഷത്തിലധികം പേര്‍ തുകല്‍ വ്യവസായത്തില്‍ പണിയെടുക്കുന്നുണ്ട്. അവരില്‍ ഭൂരിഭാഗവും ദളിതരാണ്. അതുകൊണ്ടുതന്നെ, ഈ നിരോധനം പാവപ്പെട്ട ജനങ്ങളെയാകെ ബാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കന്നുകാലികളെ കൊണ്ടുപോകുന്നവര്‍ക്കെതിരെ സംഘപരിവാറുകള്‍ അടുത്ത കാലത്ത് വലിയ ആക്രമണം അഴിച്ചുവിട്ടിരുന്നു. അത്തരം അക്രമങ്ങള്‍ തടയുന്നതിന് പകരം കന്നുകാലികളെ കൊല്ലുന്നത് നിരോധിക്കാന്‍ സര്‍ക്കാര്‍ തയാറായതില്‍നിന്ന് ഭരണത്തിന്റെ നിയന്ത്രണം ആര്‍എസ്എസിനാണെന്ന് ഒന്നുകൂടി വ്യക്തമായതായും മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

രാജ്യത്തെ കാളവണ്ടി യുഗത്തിലേക്കു നയിക്കുന്നു: ഐസക്

കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവില്‍ അവ്യക്തതയുണ്ടെന്നും നിയമവശം പരിശോധിക്കുമെന്നും മന്ത്രി തോമസ് ഐസക് ആവശ്യപ്പെട്ടു. കന്നുകാലി കശാപ്പ് സംസ്ഥാനത്തിന്റെ പരിധിയിലുള്ളതാണ്. നിയമപരമായി എന്തുചെയ്യാനാകുമെന്ന് പരിശോധിക്കും. രാജ്യത്തെ കാളവണ്ടിയുഗത്തിലേക്ക് കൊണ്ടുപോകാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഭക്ഷണ അവകാശത്തിലേക്കുള്ള കടന്നുകയറ്റം: വി എസ്. സുനില്‍ക്കുമാര്‍

കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം അംഗീകരിക്കില്ലെന്ന് മന്ത്രി വി എസ്.സുനില്‍കുമാര്‍ പറഞ്ഞു. കന്നുകാലി കശാപ്പ് സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍ പെട്ടതാണ്. നിരോധനത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ആര്‍എസ്എസ് അജണ്ട നടപ്പാക്കുകയാണ്. വളര്‍ത്താനായി ആരും കന്നുകാലികളെ വാങ്ങില്ല. പുതിയ ഉത്തരവ് രാജ്യത്തെ പൗരന്മാരുടെ ഭക്ഷണ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ്. ഇതിന്റെ നിയമവശങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കണം. കേന്ദ്രസര്‍ക്കാരിന്റെ നിഗൂഡമായ ഗൂഢാലോചനയുടെ ഫലമാണ് വിജ്ഞാപനം. ഇതൊരു തരത്തിലും അംഗീകരിക്കില്ലെന്നും സുനില്‍കുമാര്‍ പറഞ്ഞു.കന്നുകാലി വില്‍പനയിലെ നിയന്ത്രണം അംഗീകരിക്കില്ലെന്ന് മന്ത്രി കെ.ടി.ജലീലും പറഞ്ഞു. സംസ്ഥാനത്തിന്റെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഫാസിസ്റ്റ് തീരുമാനം: ചെന്നിത്തല

കശാപ്പു നിരോധനം മനുഷ്യാവകാശം കവര്‍ന്നെടുക്കാനുള്ള ശ്രമമാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. കേന്ദ്രത്തിന്റെ ഫാസിസ്റ്റ് തീരുമാനങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണിതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് സ്വാഗതാര്‍ഹമാണെന്ന് കെ.സുരേന്ദ്രന്‍ പ്രതികരിച്ചു.

ചെറുത്തു തോല്‍പ്പിക്കും: കെ.പി.എ. മജീദ്

മാട്ടിറച്ചി നിരോധിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പൗരന്മാരുടെ ഭക്ഷണ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നു കയറ്റവും അപ്രായോഗികവുമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. വേണ്ടത്ര ആലോചനയൊ പാര്‍ലമെന്റില്‍ ചര്‍ച്ചയൊ ചെയ്യാതെ വിഷയത്തെ ലാഘവത്തോടെ കണ്ട് കേന്ദ്രസര്‍ക്കാരിന്റെ ഒളി അജന്‍ഡ അടിച്ചേല്‍പ്പിക്കുന്നത് ജനാധിപത്യ ഭരണകൂടത്തിന് യോജിച്ചതല്ല.

മാട്ടിറച്ചി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികളുടെ വയറ്റത്തടിച്ച് മൃഗസ്‌നേഹത്തിന്റെ കപടനാടകം കളിക്കുന്നവര്‍ ജനാധിപത്യ മതേതര മൂല്യങ്ങള്‍ കാറ്റില്‍ പറത്തുകയാണ്. പിന്നാക്കക്കാരും ആദിവാസികളും മുസ്ലിം വിഭാഗങ്ങളും ഉള്‍പ്പെടെ 85% വരുന്ന രാജ്യത്തെ പൗരന്മാരും സസ്യഭുക്കുകളാണെന്നാണ് കണക്ക്. തണുപ്പ് കൂടിയ പ്രദേശങ്ങളില്‍ താമസിക്കാന്‍ കൊഴുപ്പും ചൂടും അധികം ലഭിക്കുന്ന മാംസാഹാരം അനിവാര്യമാണ്.
വിശ്വാസപരവും ജീവല്‍പരവുമായ ഭക്ഷണം മൗലികാവകാശമാണ്.
ബലിപ്പെരുന്നാളിനോടനുബന്ധിച്ചുള്ള ബലി കര്‍മം ഒഴിച്ചു നിര്‍ത്തിയാല്‍ മുസ്ലിം വിശ്വാസികളെ നിരോധനം പ്രത്യേകം ബാധിക്കുന്ന വിഷയമല്ല. മൗലികാവകാശത്തിലേക്കുള്ള കടന്നുകയറ്റമായ മാട്ടിറച്ചി നിരോധനത്തെ നിയമപരമായും രാഷ്ട്രീയമായും ചെറുത്തു തോല്‍പ്പിക്കാന്‍ പാര്‍ട്ടി മുന്നില്‍ നിന്നു പ്രവര്‍ത്തിക്കുമെന്നും കെ.പി.എ മജീദ് വ്യക്തമാക്കി.

Top