ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ കുഞ്ഞ് ജനിച്ചു. വെറും 229ഗ്രാം തൂക്കം മാത്രമുള്ള ഈ കുഞ്ഞ് ജനിച്ചത് ജര്‍മനിയിലാണ്. ആറാം മാസത്തില്‍ തന്നെ അമ്മ കുഞ്ഞിനെ പ്രസവിക്കുകയുണ്ടായി. പാദത്തിന്റെ നീളം മൂന്ന് സെന്റീമീറ്റര്‍ മാത്രം. ഇത് ഒരു വിരലിന്റെ നഖത്തിന്റെ നീളം എന്നുപറയാം.
ഏതാണ്ട് ഒമ്പത് മാസങ്ങള്‍ക്ക് മുന്‍പാണ് ജര്‍മനിയിലെ വെസ്റ്റേണ്‍ സിറ്റിയില്‍ എമിലിയ ഗ്രബാര്‍സിക് എന്ന കുഞ്ഞ് വളര്‍ച്ചയുടെ പാതിവഴിയില്‍ ജനിച്ചുവീണത്. അപ്പോള്‍ ഭാരം എട്ട് ഔണ്‍സ്, അതായത് 229 ഗ്രാം. ഒരു ഏത്തപ്പഴത്തിന് ഏഴ് ഔണ്‍സും ഓറഞ്ചിന് ആറ് ഔണ്‍സും ഭാരം വരും. ഏതാണ്ട് അതേ ഭാരംതന്നെ. സാധാരണ ആറുമാസം വളര്‍ച്ചയെത്തിയ ഗര്‍ഭസ്ഥ ശിശുവിന് 700 ഗ്രാം ഭാരമാണ് ഉണ്ടാകേണ്ടത്.
ലിറ്റില്‍ ഫൈറ്റര്‍ എന്നാണ് എമിലിയെ ഡോക്ടര്‍മാര്‍ വിശേഷിപ്പിച്ചത്, എമിലിയുടെ അതിജീവനത്തെ മെഡിക്കല്‍ സെന്‍സേഷനെന്നും. ലൂക്കാസും സാബിനുമാണ് എമിലിയയുടെ മാതാപിതാക്കള്‍. ഗര്‍ഭാവസ്ഥയില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതോടെ സിസേറിയന്‍ വഴി കുഞ്ഞിനെ പുറത്തെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. കുട്ടി അതിജീവിക്കുമോ എന്നത് സംബന്ധിച്ച് ആദ്യ ആറുമാസം വരെ സംശയം ഉണ്ടായിരുന്നെന്നും അടുത്ത സമയത്താണ് കുട്ടിയുടെ ആരോഗ്യത്തില്‍ പുരോഗതി ഉണ്ടായതെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.
ആരോഗ്യപ്രശ്നങ്ങള്‍കാരണം എമിലിയെ എന്‍ഐസിയുവില്‍ സൂക്ഷിക്കുകയായിരുന്നു ഇത്രയും നാള്‍. ഇപ്പോഴാണ് കുട്ടിയെ കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്. ഇപ്പോള്‍ എമിലിയയ്ക്ക് ഭാരം മൂന്ന് കിലോയില്‍ കൂടുതലുണ്ട്. ഓരോദിവസവും കുട്ടി കൂടുതല്‍ ആരോഗ്യവതിയായി മാറുകയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
തുടക്കത്തില്‍ ചെറിയ ട്യൂബ് വഴിയാണ് എമിലിയയ്ക്ക് പാല്‍ നല്‍കിയിരുന്നത്. ലോകത്ത് ഇതുവരെ ജനിച്ചിട്ടുള്ളതില്‍ ഏറ്റവും വലുപ്പവും ഭാരവും കുറഞ്ഞ കുട്ടി എമിലിയയാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.