ന്യുഡല്‍ഹി:പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ ദുര്‍ഗാ ദേവിയെ വേശ്യയെന്ന് പരാമര്‍ശിച്ച് സ്മൃതി ഇറാനി വീണ്ടും പുലിവാല് പിടിച്ചു. ദുര്‍ഗാദേവിയെ മോശക്കാരിയായി ചിത്രീകരിച്ച സ്മൃതി മാപ്പു പറയണമെന്ന് പ്രതിപക്ഷം ഒന്നടങ്കം ആവശ്യപ്പെട്ടതോടെ സഭ പ്രക്ഷുബ്ധമായി. അതേസമയം ജെഎന്‍യുവില്‍ മഹിഷാസുര ദിനത്തോട് അനുബന്ധിച്ച് ഇറക്കിയ സര്‍ക്കുലര്‍ വായിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും താന്‍ ദുര്‍ഗയുടെ ഭക്തയാണെന്നും സ്മൃതി ഇറാനി അറിയിച്ചു. ദുര്‍ഗാ ദേവി വിശ്വാസികളെ അപമാനിച്ച സ്മൃതി മാപ്പ് പറയണമെന്ന ആവശ്യം ശക്തമായപ്പോഴാണ് അവര്‍ ഇങ്ങനെ പറഞ്ഞത്.
പ്രതിപക്ഷത്തെ കൂടാതെ ബിജെപി എംപിയായ ഉദിത് രാജും സ്മൃതിക്കെതിരെ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തി. സ്മൃതി കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പറഞ്ഞ മഹിഷാസുര ദിനത്തില്‍ താനും പങ്കെടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ അഭിപ്രായ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നുവെന്ന് സ്ഥാപിക്കാനാണ് സ്മൃതി മഹിഷാസുര ദിനത്തിനെതിരെ തിരിഞ്ഞത്. വെളുത്ത ദൈവമായ ദുര്‍ഗാദേവി കൊലപ്പെടുത്തിയ മഹിഷാസുരന്‍ എന്ന കറുത്തവരും ആരാധിക്കപ്പെടേണ്ടവനാണ് എന്ന് കാണിക്കാനാണ് ജെഎന്‍യുവിലെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ മഹിഷാസുര രക്തസാക്ഷി ദിനം ആചരിച്ചത്. സ്മൃതി വിവാദ പരാമര്‍ശങ്ങളില്‍ മാപ്പ് പറയണമെന്ന് ഇന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. സ്മൃതിയുടെ പ്രസ്താവന പൂര്‍ത്തിയാക്കാന്‍ പ്രതിപക്ഷം അനുവദിച്ചതുമില്ല.
ഇതിനിടെയാണ് ബിജെപി എംപി തന്നെ മന്ത്രിക്കെതിരെ തിരിഞ്ഞത്. 2013 ഒക്ടോബറില്‍ ജെഎന്‍യുവില്‍ നടന്ന മഹിഷാസുര രക്തസാക്ഷി ദിനത്തില്‍ പങ്കെടുത്തിരുന്നുവെന്നും മഹിഷാസുരനെ ഒരു രക്തസാക്ഷിയായി കാണുന്ന ഡോ. ബി ആര്‍ അംബേദ്ക്കറുടെ അഭിപ്രായത്തോട് താനും യോജിക്കുന്നുവെന്നും ഡല്‍ഹിയില്‍ നിന്നുള്ള ബിജെപി എംപിയായ ഉദിത് രാജ് അറിയിച്ചു. അന്ന് താന്‍ ബിജെപി അംഗമായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദുര്‍ഗാദേവിയുടെ ഭക്തരുടെ വികാരം വ്രണപ്പെടുത്തുന്നതായിരുന്നു മഹിഷാസുര രക്തസാക്ഷി ദിനമെന്നാണ് സ്മൃതി പാര്‍ലമെന്റില്‍ വാദിച്ചത്. ഇതിനായി ജെഎന്‍യുവില്‍ പ്രചരിച്ചുവെന്ന് അവര്‍ ആരോപിക്കുന്ന സര്‍ക്കുലറിലെ ഏതാനും വാചകങ്ങളും വായിച്ചു കേള്‍പ്പിച്ചു.
‘ദുര്‍ഗാ പൂജ ഏറെ വിവാദപരമായ വര്‍ഗീയ ആഘോഷമാണ്. വെളുത്തവളും സുന്ദരിയുമായ ദേവത കറുത്തവനായ മഹിഷാസുരനെ ക്രൂരമായി വധിച്ചതിന്റെ ഓര്‍മ്മപുതുക്കലാണ് അത്. ധീരനായ രാജാവായിരുന്ന മഹിഷാസുരന്‍ ആര്യന്മാരുടെ തന്ത്രത്തില്‍ കുടുങ്ങി വിവാഹം കഴിച്ചു. അതിനായി അവര്‍ ദുര്‍ഗ എന്ന ഒരു വേശ്യയെ വാടകയ്‌ക്കെടുക്കുകയും മഹിഷാസുരന്റെ അടുക്കലേക്ക് പറഞ്ഞയയ്ക്കുകയും ചെയ്തു. ഒമ്പത് ദിവസം നീണ്ടുനിന്ന മധുവിധുവിന് ശേഷം ദുര്‍ഗ അദ്ദേഹത്തെ വധിച്ചു’ എന്ന പ്രസംഗത്തിലെ ഭാഗമാണ് വിവാദമായത്.