ഉഗ്ര വിഷമുള്ള പാമ്പ്, അതിന് രണ്ടു തല കൂടിയാകുമ്പോള്‍ പേടിക്കാന്‍ വേറെന്തെങ്കിലും വേണോ? ജനിതക വൈകല്യങ്ങളുടെ ഫലമായി രൂപത്തില്‍ അസാധാരണത്വം ഉള്ള ജീവികള്‍ ഏറക്കാലം ജീവിക്കാറില്ല. അങ്ങനെയിരിക്കെയാണ് പൂര്‍ണ വളര്‍ച്ചയെത്തിയ ഉഗ്രവിഷമുള്ള രണ്ടു തലയുള്ള പാമ്പ് ശാസ്ത്ര ലോകത്തെ കുഴപ്പിക്കുന്നത്. വിര്‍ജീനിയയിലെ ഒരു മരപ്പാലത്തില്‍ നിന്നാണ് ഇരുതലയുള്ള ഉഗ്രവിഷമുള്ള പാമ്പിനെ കണ്ടത്. വന്യജീവി വിദഗ്ധനായ ജെ ഡി ക്ലീയോഫര്‍ വിശദമാക്കുന്നത് ഇത്തരം ജീവികള്‍ വനങ്ങളില്‍ കാണുകയെന്നത് വളരെ അപൂര്‍വ്വമാണ്. ഇത്തരം ജീവികളെ കൂട്ടിലടച്ച് വളര്‍ത്തുന്ന ഇടങ്ങളിലാണ് അവയ്ക്ക് കുറച്ചെങ്കിലും കാലം ആയുസുണ്ടാവുകയെന്നാണ് ക്ലീയോഫര്‍ പറയുന്നത്. സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ അവ നേരിടേണ്ടി വരുന്ന വെല്ലുവിളികള്‍ സാധാരണ ജീവികളേക്കാള്‍ കൂടുതലാണ്.
മുപ്പതു വര്‍ഷത്തിലേറെയായി വന്യജീവികളെക്കുറിച്ച് പഠനം നടത്തുകയാണ് ക്ലീയോഫര്‍. മനുഷ്യരില്‍ ഇരട്ടകള്‍ ഉണ്ടാവുന്നത് പോലെ തന്നെയാണ് പാമ്പുകളില്‍ ഇരട്ടത്തലയുള്ളവ കാണപ്പെടുന്നതെന്ന് ക്ലീയോഫര്‍ പറയുന്നു. വനപ്രദേശത്തോട് അടുത്തുള്ള മരപ്പാലത്തില്‍ നിന്നാണ് ഒഴാഴ്ച മുന്‍പ് പാമ്പിനെ ഒരു യുവതി കണ്ടെത്തിയത്. കുട്ടികളുടെ കളിസ്ഥലത്തോട് അടുത്തായി ആയിരുന്നു മരപ്പാലമുണ്ടായിരുന്നത്. വിഷപാമ്പാണോയെന്ന സംശയത്തെ തുടര്‍ന്നാണ് യുവതി വന്യജീവി വിഭാഗത്തെ വിവരമറിയിക്കുന്നത്. സ്ഥലത്തെത്തിയ വന്യജീവി വകുപ്പ് സാഹസികമായാണ് പാമ്പിനെ പിടികൂടിയത്. വിര്‍ജീനിയയില്‍ ഇത്തരം പാമ്പിനെആദ്യമായല്ല പിടികൂടുന്നത്.
ഇത്തരം പാമ്പിനെ ജീവനോടെ കണ്ടെത്താനായത് വലിയ കാര്യമെന്നാണ് വന്യജീവി വകുപ്പ് വിശദമാക്കുന്നത്. വന്യജീവി വിദഗ്ധര്‍ പാമ്പിനെക്കുറിച്ച് വിശദമായ അന്വേഷണങ്ങള്‍ നടത്തുകയാണ് ഇപ്പോള്‍. സാധാരണ ഇത്തരത്തില്‍ കണ്ടെത്തുന്ന അപൂര്‍വ്വ ജീവികളെ മൃഗശാലയിലേക്ക് നല്‍കുകയാണ് പതിവ്. കണ്ടെത്തിയ പാമ്പിന് രണ്ട് തല മാത്രമല്ല , രണ്ടെ നട്ടെല്ലുകള്‍ കൂടിയുണ്ടെന്നതാണ് വിചിത്രമായ കാര്യം.