തിരുവനന്തപുരം : ഉമ്മന്‍ചാണ്ടിക്ക് കൂനിൻമേൽ സരിതക്കുരുക്ക്.സോളാര്‍ കേസിൽ സരിതയുടെ കത്ത് ഒഴിവാക്കിയാലും അന്വേഷിക്കാമെന്നു നിയമോപദേശം സർക്കാരിന് കിട്ടി .നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിടുമെന്നറിയുന്നു .രാജ്യസഭാ സീറ്റ് വിവാദത്തേത്തുടര്‍ന്ന് കോണ്‍ഗ്രസില്‍ ആരോപണവിധേയനായ ഉമ്മന്‍ ചാണ്ടിക്കു കൂനിന്മേല്‍ കുരുവായി വീണ്ടും സോളാര്‍ കേസ് വന്നിരിക്കയാണ് . സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത എസ്. നായര്‍ ക്രൈംബ്രാഞ്ചിനു നല്‍കിയ മൊഴിപ്രകാരം പ്രഥമദൃഷ്‌ട്യാ കേസെടുക്കാമെന്നു ഡയറക്‌ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ (ഡി.ജി.പി) മഞ്ചേരി ശ്രീധരന്‍ നായര്‍ സര്‍ക്കാരിനു നിയമോപദേശം നല്‍കി.സോളാര്‍ കേസിനു തടസം സൃഷ്‌ടിച്ച മറ്റെല്ലാ നിയമോപദേശവും മറികടന്ന് അന്വേഷണം തുടരാനാണു ഡയറക്‌ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ ശിപാര്‍ശ. ഇതോടെ എത്രയുംവേഗം അന്വേഷണം പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിടുമെന്നാണു സൂചനയെന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നു .
സോളാര്‍ കേസില്‍ സരിതയുടെ പരാതിപ്രകാരം യു.ഡി.എഫ്. നേതാക്കളുടെ പങ്ക് അന്വേഷിക്കാനാണു സര്‍ക്കാര്‍ നീക്കം. കേസില്‍ സരിതയുടെ കത്ത് പരിഗണിക്കരുതെന്ന ഹൈക്കോടതി വിധി മാനിച്ചാകും അന്വേഷണം. കത്ത് പരിഗണിക്കാതെതന്നെ തട്ടിപ്പു കേസില്‍ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാമെന്നു ഡി.ജി.പിയുടെ നിയമോപദേശത്തില്‍ പറയുന്നു. ഹൈക്കോടതി നിര്‍ദേശമുള്ളതിനാല്‍ സരിതയുടെ കത്തിലെ വൈരുധ്യങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ ഇനി യു.ഡി.എഫ്. നേതാക്കള്‍ക്കു കഴിയുകയുമില്ല.
ജസ്‌റ്റിസ് ജി. ശിവരാജന്‍ അധ്യക്ഷനായ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ കഴിഞ്ഞ ഒക്‌ടോബറിലാണു സോളാര്‍ കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ചത്. അന്ന് ഉത്തരമേഖലാ ഡി.ജി.പിയായിരുന്ന രാജേഷ് ദിവാന് അന്വേഷണച്ചുമതല നല്‍കുകയും ചെയ്‌തു. സരിത കൈമാറിയ കത്തിന്റെ അടിസ്‌ഥാനത്തില്‍ തുടരന്വേഷണം നടത്താനായിരുന്നു കമ്മിഷന്റെ ശിപാര്‍ശ. എന്നാല്‍, ഈ കത്തും അതിന്റെ അടിസ്‌ഥാനത്തിലുള്ള നിഗമനങ്ങളും ശിപാര്‍ശയും ഉള്‍പ്പെട്ട റിപ്പോര്‍ട്ടിലെ ഭാഗങ്ങളും അതിന്റെ പേരിലുള്ള നടപടികളും ഹൈക്കോടതി റദ്ദാക്കി.രാജേഷ് ദിവാന്‍ വിരമിച്ചശേഷം ഹെഡ്‌ക്വാര്‍ട്ടേഴ്‌സ് ഐ.ജി: ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിലുളള പ്രത്യേകസംഘം സരിതയില്‍നിന്നു മൊഴിയെടുത്തിരുന്നു. ഹൈക്കോടതി വിധിയുടെ അടിസ്‌ഥാനത്തില്‍ ഒരിക്കല്‍കൂടി നിയമോപദേശം തേടാന്‍ കഴിഞ്ഞമാസമാണു മന്ത്രിസഭായോഗം തീരുമാനിച്ചത്. ഡയറക്‌ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം വൈകിപ്പിക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിച്ചെങ്കിലും മഞ്ചേരി ശ്രീധരന്‍ നായര്‍ ഇടപെട്ട് വേഗത്തിലാക്കുകയായിരുന്നു.