കൊച്ചി: ഉമ്മന്‍ചാണ്ടിയെ കൂടുതല്‍ കുരുക്കിലാക്കി വീണ്ടും സോളാര്‍ കമ്മീഷനില്‍ തെളിവ്. സരിത ജയിലില്‍ പോകുന്നതിന് മുമ്പ് തന്നെ ഉമ്മന്‍ ചാണ്ടിയുമായി പരിചയമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് പല മൊഴികളും. ഇതിന് പിന്നാലെയാണ് ജയിലില്‍ നിന്നും ഇറങ്ങിയ സരിതയുമായും മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടായിരുന്നു എന്ന് വെളിവാക്കുന്ന വിവരങ്ങള്‍ വീണ്ടും പുറത്തുവന്നു.
സരിത എസ് നായര്‍ ജയില്‍ മോചിതയായശേഷം മുന്മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന വാസുദേവശര്‍മയുമായി 34 തവണ ഫോണില്‍ ബന്ധപ്പെട്ടെന്ന വിവരമാണ് പുറത്തുവന്നത്. ഇത് സംബന്ധിച്ച ഫോണ്‍ കോള്‍ വിശദാംശരേഖ (സിഡിആര്‍). വാസുദേവ ശര്‍മയെ വിസ്തരിക്കവേ, സോളര്‍ കമ്മിഷന്‍ അഭിഭാഷകന്‍ സി. ഹരികുമാറാണു സിഡിആര്‍ കമ്മിഷനില്‍ ഹാജരാക്കിയത്. ഉമ്മന്‍ ചാണ്ടിയുടെ ഔദ്യോഗിക പരിപാടികളെക്കുറിച്ച് അന്വേഷിക്കാനായിരുന്നു ഫോണ്‍വിളികളെന്നും തന്നെ അഭിസംബോധന ചെയ്തിരുന്നതു ശര്‍മാജിയെന്നായിരുന്നെന്നും വാസുദേവശര്‍മ സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി.
ശര്‍മയുടെ നമ്പറില്‍നിന്ന് സരിതയുടെ നമ്പറിലേക്കും തിരിച്ചുമായി 2015 എപ്രില്‍ ആറു മുതല്‍ ഡിസംബര്‍ 18 വരെ 34 വിളികള്‍ നടന്നതായി സിഡിആറില്‍ വ്യക്തമാണ്. ഇതില്‍ ആറെണ്ണം ശര്‍മയുടെ നമ്പറില്‍നിന്നു സരിതയെ വിളിച്ചതാണ്. ശര്‍മ്മയെ വിളിച്ചതിലൂടെ അവര്‍ ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെ തന്നെയാണെന്നത് വ്യക്തമാണ്. ശര്‍മ്മ ഉപയോഗിച്ചിരുന്ന ലാന്‍ഡ് ലൈന്‍ നമ്പറിലേക്ക് ഒരു വിളിയുമുണ്ടായിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ വിളികളില്‍ ഒന്ന് 468 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ളതാണ്.
2015 നവംബര്‍ 22നാണ് ഈ ദൈര്‍ഘ്യമേറിയ സംഭാഷണം നടന്നത്. 288 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഫോണ്‍ സംഭാഷണവുമുണ്ട്. ശര്‍മയുമായി താന്‍ നടത്തിയ ഫോണ്‍ സംഭാഷണം എന്ന നിലയ്ക്കു സരിത ഹാജരാക്കിയിരുന്ന ശബ്ദരേഖ കമ്മിഷന്‍ സാക്ഷിയെ കേള്‍പ്പിച്ചു. ടെലിഫോണ്‍ രേഖകള്‍ സഹിതമാണ് കമ്മീഷന്‍ മൊഴിയെടുപ്പ് നടത്തിയത് എന്നതിനാല്‍ ആരോപണങ്ങള്‍ നിഷേധിക്കാനും സാധിച്ചിട്ടില്ല.
2016 ജനുവരി 27ന് കമ്മിഷനില്‍ ഹാജരാകാന്‍ സരിതയ്ക്കു നോട്ടിസ് ലഭിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളാണു ശബ്ദരേഖയിലുള്ളത്. തമ്പാനൂര്‍ രവിയുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെക്കുറിച്ചും സംഭാഷണത്തില്‍ പരാമര്‍ശമുണ്ട്. അതിലെ ശബ്ദം തന്റേതാണെന്ന കാര്യത്തില്‍ ഉറപ്പില്ലെന്നു ശബ്ദരേഖ കേട്ടശേഷം ശര്‍മ പറഞ്ഞു. സരിതയെ താന്‍ കണ്ടിട്ടില്ല. ഫോണില്‍ മാത്രമാണു സംസാരിച്ചിട്ടുള്ളത്. ബെന്നി ബെഹനാന്‍ അടക്കമുള്ളവര്‍ സരിതയുമായി സംസാരിക്കുന്ന ഫോണ്‍ സംഭാഷണങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.
സോളര്‍ തട്ടിപ്പുകേസിലെ പ്രതികളിലൊരാളായ സരിത ജയില്‍നിന്ന് പുറത്തുവന്നശേഷം ഫോണില്‍ വിളിച്ചപ്പോള്‍, അതു നിരുത്സാഹപ്പെടുത്തിയില്ലേ എന്ന ലോയേഴ്സ് യൂണിയന്‍ സെക്രട്ടറി ബി. രാജേന്ദ്രന്‍ ആരാഞ്ഞു. വിളിക്കരുതെന്നു പറഞ്ഞിട്ടില്ലെന്നും എന്നാല്‍ അങ്ങനെ പറയേണ്ടതായിരുന്നുവെന്നും ശര്‍മ മറുപടി നല്‍കി. മുന്‍ ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യത്തെ ഇന്നു വീണ്ടും വിസ്തരിക്കും. നേരത്തെ സോളാര്‍ കമ്മീഷന്‍ മുമ്പാകെ സരിത നല്‍കിയ മൊഴിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ഉന്നയിച്ചത്.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഏഴ് കോടി രൂപ കോഴ ആവശ്യപ്പെട്ടുവെന്നാണ് സരിത നല്‍കിയ മൊഴി. ഇതില്‍ 1.90 കോടി രൂപ കൈമാറിയതായും സരിത വ്യക്തമാക്കി. മന്ത്രി ആര്യാടന്‍ മുഹമ്മദിന് 40 ലക്ഷം രൂപ നല്‍കിയെന്നും സരിത പറയുകയുണ്ടായി. സോളാര്‍ പദ്ധതി നടത്തിപ്പിന്റെ ഭാഗമായി ഏഴു കോടി രൂപ മുഖ്യമന്ത്രിക്കു വേണ്ടി അദ്ദേഹത്തിന്റെ പേഴ്സണല്‍ സ്റ്റാഫംഗം ജിക്കുമോനാണ് ആവശ്യപ്പെട്ടതെന്നാണ് സോളാര്‍ കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കിയത്. ജിക്കു പറഞ്ഞത് പ്രകാരം മുഖ്യമന്ത്രിയുടെ ഡല്‍ഹിയിലെ വിശ്വസ്തന്‍ തോമസ് കുരുവിളയ്ക്കാണ് പണം കൈമാറിയതെന്നുമാണ് സരിതയുടെ മൊഴി.
ഡല്‍ഹിയില്‍ ചൗന്ദ്നി ചൗക്കില്‍ വച്ച് 1.10 കോടി രൂപ തോമസ് കുരുവിളയ്ക്ക് കൈമാറി. 2012 ഡിസംബര്‍ 27നാണ് ആദ്യ ഗഡുവായി ഒരു കോടി 10 ലക്ഷം രൂപ നല്‍കിയത്. കുരുവിളയുടെ കാറില്‍ വച്ചാണ് പണം കൈമാറിയത്. രണ്ടാം ഗഡുവായി പണം നല്‍കിയത് തിരുവനന്തപുരം ഇടപ്പഴഞ്ഞിയിലെ തന്റെ വീട്ടില്‍ വച്ചാണ്. 80 ലക്ഷം രൂപയാണ് വീട്ടില്‍ വച്ച് കൈമാറിയതെന്നും സരിത മൊഴി നല്‍കുകയുണ്ടായി. വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിന് 40 ലക്ഷം രൂപ നല്‍കിയെന്നും സരിത ആരോപിച്ചിരുന്നു. അതേസമയം സരിത ഉന്നയിച്ച ആരോപണങ്ങള്‍ പൂര്‍ണ്ണമായും തെറ്റാണെന്നായിരുന്നും ജിക്കുമോനും തോമസ് കുരുവിളയും പ്രതികരിച്ചത്.