ഗൂഢാലോചന മുഖ്യമന്ത്രി തെളിയിക്കട്ടെ;സരിത മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു.മുഖ്യമന്ത്രിയെ ക്ളിഫ് ഹൗസിലും കണ്ടു സോളാര്‍ കമ്മീഷനില്‍ സരിതയുടെ മൊഴിയെടുക്കല്‍ തുടരുന്നു

കൊച്ചി: 1.90 കോടി കോഴ നല്‍കിയെന്ന ആരോപണത്തിന് പിന്നില്‍ മദ്യമുതലാളിമാരും സി.പി.എമ്മുമാണെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാദം സോളാര്‍ കേസിലെ പ്രതി സരിത എസ്.നായര്‍ തള്ളി. ഗൂഢാലോചനയുണ്ടെങ്കില്‍ അത് തെളിയിക്കാനും സരിത മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു. തനിക്ക് ബാറുകാരും സി.പി.എമ്മുകാരും പ്രശ്നമല്ലെന്നും സോളാര്‍ കമ്മിഷനില്‍ മൊഴി നല്‍കാന്‍ പോകുന്നതിനിടെ സരിത മാദ്ധ്യമങ്ങളോട് പറഞ്ഞു.
സോളാര്‍ കേസ് സംബന്ധിച്ച് തനിക്ക് ഇനിയും ഏറെ പറയാനുണ്ട്. സോളാര്‍ സംബന്ധിച്ച് സത്യങ്ങള്‍ ഇനിയെങ്കിലും വെളിപ്പെടുത്തിക്കൂടെയെന്ന് കുടുംബത്തിലെ സ്ത്രീകളടക്കമുള്ള പലരും എന്നോട് നേരത്തെ ചോദിച്ചിരുന്നതാണ്. എന്നാല്‍ താന്‍ അന്നൊക്കെ മൗനം പാലിച്ചു. പക്ഷേ, ഇനി അങ്ങനെ മൗനം പാലിക്കുന്നതില്‍ അര്‍ത്ഥമില്ല. എനിക്ക് ശരിയെന്ന ഉറച്ച വിശ്വാസമുള്ള കാര്യങ്ങളാണ് കമ്മിഷന്‍ മുന്പാകെ വെളിപ്പെടുത്തുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പിന്തുണ തനിക്ക് വേണ്ട.

രണ്ടു ലക്ഷം രൂപയുടെ ചെക്ക് മടങ്ങിയെന്ന് പറയുന്ന മുഖ്യമന്ത്രി നിയോഗിച്ച പ്രത്യേക സംഘമാണ് സോളാര്‍ കേസില്‍ പത്തുകോടിയുടെ തട്ടിപ്പ് നടന്നു എന്ന് റിപ്പോര്‍ട്ട് നല്‍കിയത്. അത് അദ്ദേഹം മറക്കരുതെന്നും സരിത പറഞ്ഞു. ചെക്ക് മടങ്ങിയതിന്റെ കാരണം പറയേണ്ടത് മുഖ്യമന്ത്രിയും ബിജു രാധാകൃഷ്ണനുമാണ്.രാഷ്ട്രീയക്കാര്‍ തങ്ങളുടെ വെള്ളക്കുപ്പായത്തില്‍ കറ പറ്രുമെന്ന് കണ്ടാല്‍ ആരോപണങ്ങള്‍ നിഷേധിച്ച് ഒന്നുകൂടി സൂപ്പര്‍ഫൈന്‍ ആക്കാറുണ്ട്. അതാണ് ഇപ്പോള്‍ നടക്കുന്നതെന്നും സരിത കൂട്ടിച്ചേര്‍ത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം സോളാര്‍ കമ്മീഷനില്‍ സരിതയുടെ മൊഴിയെടുക്കല്‍ തുടരുന്നു.സോളാര്‍ കമ്മീഷനു മുമ്പാകെ രണ്ടാം ദിവസവും മുഖ്യമന്ത്രിക്കെതിരെ വെളിപ്പെടുത്തലുകളുമായി സരിത. മുഖ്യമന്ത്രിയെ നേരില്‍ കണ്ടു സംസാരിച്ചുവെന്ന മൊഴി അവര്‍ ഇന്നും ആവര്‍ത്തിച്ചു. 2012ല്‍ കൊച്ചി ലേ മെറിഡിയന്‍ ഹോട്ടലില്‍ എത്താന്‍ തന്നോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നതായും, എന്നാല്‍ അതു സാധിക്കാഞ്ഞതിനാല്‍ പിന്നീട് ക്ലിഫ് ഹൗസില്‍ എത്തിയാണ് മുഖ്യമന്ത്രിയെ കണ്ടതെന്നും സരിത ഇന്ന് മൊഴി നല്‍കി.
എമേര്‍ജിംഗ് കേരള ലേ മെറിഡിയനില്‍ നടക്കുന്ന വേളയിലായിരുന്നു ഇതെന്നും സരിത പറഞ്ഞു. മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജിന്റെ ഫോണ്‍ വഴിയായിരുന്നു അന്നു താന്‍ ബന്ധപ്പെട്ടതെന്നും സരിത വ്യക്തമാക്കി.

ക്ലിഫ് ഹൗസില്‍ എത്തിയപ്പോള്‍ മുഖ്യമന്ത്രിയുടെ ഭാര്യയും മകനും അവിടെ ഉണ്ടായിരുന്നതായും, ഇവരെ മാറ്റി നിര്‍ത്തിയ ശേഷമാണ് തന്നോട് മുഖ്യമന്ത്രി സംസാരിച്ചതെന്നും സരിത മൊഴി നല്‍കി. ബിസിനസ് സംബന്ധമായ കാര്യങ്ങളാണ് സംസാരിച്ചത്. ബിജു രാധാകൃഷ്ണനുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ചയായെന്ന് സരിത പറഞ്ഞു.അതേ സമയം സരിതയെ ക്രോസ് വിസ്താരം ചെയ്യണമെന്ന ആര്യാടന്റെ അഭിഭാഷന്റെ ആവശ്യം കമ്മീഷന്‍ തള്ളി. സരിതയുടെ മൊഴിയെടുക്കല്‍ ഉച്ചയ്ക്കു ശേഷവും തുടരും.

Top