സോളാറും ദിലീപും തിരിച്ചടിക്കും: കരുതലോടെ ചുവട് വച്ച് പിണറായി; കേസുകൾ തിരിച്ചടിക്കുമെന്ന ആശങ്കയിൽ സിപിഎം

പൊളിറ്റിക്കൽ ഡെസ്‌ക്

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ മുഖഛായ മാറ്റിമറിച്ച നടൻ ദിലീപിന്റെ അറസ്റ്റും, സോളാർ കേസിലെ നടപടിയും തിരിച്ചടിയാകുമെന്ന ഭീഷണിയിൽ സിപിഎം. നിലവിൽ രണ്ടു കേസുകളും സർക്കാരിന്റെ പ്രതിഛായ ഉയർത്തിയിരിക്കുകയാണ്. എന്നാൽ, കേസുകൾ മുന്നോട്ടുപോകുമ്പോൾ കോടതിയിൽ ഇത് നിലനിന്നില്ലെങ്കിൽ അടുത്ത തിരഞ്ഞെടുപ്പ് കാലത്ത് സർക്കാരിനു തിരിച്ചടിയാകും. ഇത് ഒഴിവാക്കാൻ കടുത്ത ജാഗ്രതയിൽ ചുവടുകൾ വച്ചാണ് പിണറായി വിജയൻ മുന്നോട്ടു പോകുന്നത്. സോളാറും ദിലീപിന്റെ അറസ്റ്റും പാർലമെന്റ് തിരഞ്ഞെടുപ്പിലും പിന്നീട് വരുന്ന നിയമസഭാതിരഞ്ഞെടുപ്പിലും ആയുധമാക്കാനുള്ള നീക്കത്തിൽ തന്നെയാണ് ഇടതു മുന്നണിയും സിപിഎമ്മും.
കൊച്ചിയിൽ കഴിഞ്ഞ ഫെബ്രുവരിയിലാണ് മലയാള സിനിമയിലെ പ്രമുഖ നടി ആക്രമിക്കപ്പെട്ടത്. ഇതിനു പിന്നാലെ കേസുമായി നേരിട്ട് ബന്ധമുള്ള പ്രതികളെ അറസ്റ്റ് ചെയ്യുകയും, കോടതിയിൽ ഇവർക്കെതിരായ കുറ്റപത്രം നൽകുകയും ചെയ്തു. ഇതിനു പിന്നാലെ അപ്രതീക്ഷിത നീക്കത്തിലൂടെയാണ് നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച അന്വേഷണ സംഘം നടൻ ദിലീപിനെ അറസ്റ്റ് ചെയ്യുന്നത്. നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതിയായ പൾസർ സുനിയ്ക്ക് ക്വട്ടേഷൻ നൽകിയത് നടൻ ദിലീപാണെന്നു കണ്ടെത്തിയ പൊലീസ് സംഘം ഇയാളെ അതിവേഗം അറസ്റ്റ് ചെയ്യുകയും റിമാൻഡ് ചെയ്യുകയുമായിരുന്നു. എല്ലാം അപ്രതീക്ഷിത നീക്കത്തിലൂടെയായിരുന്നതിനാൽ തന്നെ കേസിൽ 85 ദിവസം ദിലീപിനു ജാമ്യം പോലും ലഭിച്ചതുമില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ ദൃഢനിശ്ചയത്തോടെയുള്ള നീക്കങ്ങളാണ് ദിലീപിനെ ജയിലിൽ അടയ്ക്കുന്നതിൽ കലാശിച്ചത്. ഇതോടെ സർക്കാരിന്റെ പ്രതിഛായ വാനോളം ഉയരുകയും ചെയ്തു.
എന്നാൽ, ഈ പ്രതിഛായ നിലനിർത്തുക എന്ന അതി കഠിനമായ പരീക്ഷണമാണ് ഇപ്പോൾ സർക്കാരിനെ കാത്തിരിക്കുന്നത്. ദിലീപിനെ അറസ്റ്റ് ചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും നടിയെ ആക്രമിച്ച കേസിൽ രണ്ടാം കുറ്റപത്രം നൽകാൻ സർക്കാരിനു സാധിച്ചിട്ടില്ല. അതുകൊണ്ടു തന്നെ കേസിൽ ആദ്യമുണ്ടായിരുന്ന പ്രതിഛായയിൽ ഇടിവ് സംഭവിച്ചിട്ടുണ്ട്. അതു മാത്രമല്ല ഈ സർക്കാരിന്റെ കാലാവധി പൂർത്തിയാകും മുൻപു തന്നെ ഈ കേസിൽ വിചാരണ പൂർത്തിയാക്കാനും ദിലീപ് അടക്കമുള്ള പ്രതികൾക്കു ശിക്ഷവാങ്ങി നൽകാനും സർക്കാരിനു കഴിയണം. എന്നാൽ, നിലവിലുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ ഇത് എത്രത്തോളം സാധ്യമാകുമെന്ന ആശങ്കയാണ് പൊലീസ് ഉദ്യോഗസ്ഥർ തന്നെ പങ്കുവയ്ക്കുന്നത്.
ദിലീപിനെ കേസുമായി നേരിട്ടു ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും തന്നെ ആക്രമിക്കപ്പെട്ട നടിയിൽ നിന്നു പൊലീസിനു ലഭിച്ചിട്ടില്ല. ആകെയുള്ള മൊഴിയാകട്ടെ ക്വട്ടേഷൻ ഏറ്റെടുത്തു നടപ്പാക്കിയ പൾസർ സുനി എന്ന പ്രതിയുടേതാണ്. മുൻപും സമാന രീതിയിൽ പല നടിമാരെയും സുനി ആക്രമിച്ചതായി പൊലീസ് തന്നെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഈ ഒറ്റകാര്യം മാത്രം കോടതിയിൽ നിരത്തി ദിലീപിനു സുഖമായി ശിക്ഷയിൽ നിന്നു രക്ഷപെടാം. നടിയെ ആക്രമിച്ച ശേഷം പീഡന ദൃശ്യങ്ങൾ പകർത്തി എന്ന് സംശയിക്കുന്ന മൊബൈൽ ഫോൺ ഇനിയും പൊലീസിനു കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇതും കേസിൽ നിർണ്ണായകമാകും.
ഈ സാഹചര്യത്തിൽ സർക്കാരിന്റെ പ്രതിഛായ ഉയർത്തിയ കേസിൽ ദിലീപിനു ശിക്ഷലഭിച്ചില്ലെങ്കിൽ ഇത് അടുത്ത തിരഞ്ഞെടുപ്പിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കും. ഇത് പ്രതിപക്ഷം ആയുധമാക്കി മാറ്റും എന്നുറപ്പാണ്. അതുകൊണ്ടു തന്നെ അടുത്ത തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകാതിരിക്കാൻ നടിയെ ആക്രമിച്ച കേസിൽ കോടതിയിലേയ്ക്കുള്ള നടപടികൾ ശക്തമാക്കി മുന്നോട്ടു പോകാൻ കർശന നിർദേശവും, മേൽനോട്ടവും നടത്തണമെന്ന നിർദേശം മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നും ഉണ്ടാകും.
എന്നാൽ, ഇതിൽ നിന്നു നേരെ വ്യത്യസ്തമാണ് സോളാർ കേസിലെ സ്ഥിതി. സോളാർ കേസിൽ സരിതയുടെ മാത്രം മൊഴി വിശ്വസിച്ചാണ് സർക്കാർ മുൻ മുഖ്യമന്ത്രിയടക്കമുള്ളവർക്കെതിരെ ബലാത്സംഗം അടക്കമുള്ള കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ, ഈ കേസുകളിൽ ബലാത്സംഗപരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്താൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും, മന്ത്രിമാരെയും അടക്കമുള്ളവരെയും അറസ്റ്റ് ചെയ്യേണ്ടി വരും. ഇവരെ അറസ്റ്റ് ചെയ്യുകയും, കേസ് കോടതിയിൽ നിലനിൽക്കാതിരിക്കുകയും ചെയ്താൽ കോൺഗ്രസിനും യുഡിഎഫിനും ഇത് രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള വഴിതെളിയും. നിലവിൽ സോളാർ കേസ് കോടതിയിൽ നിലനിൽക്കില്ലെന്ന ഉപദേശമാണ് നിയമവൃത്തങ്ങൾ നൽകുന്നത്. എന്നാൽ, രാഷ്ട്രീയമായ ലക്ഷ്യത്തോടെ മാത്രമാണ് സർക്കാർ ഇപ്പോൾ കേസിൽ മുന്നോട്ടു പോകുന്നത്. ഇത് തിരിച്ചടിയാകുമെന്നു ഇപ്പോൾ തന്നെ സർക്കാർ ഭയക്കുന്നുമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top