സുധീഷിനോടൊപ്പം ജോലിചെയ്തിരുന്ന കായംകുളം സ്വദേശി അജയൻ അവധിക്ക് നാട്ടിൽ വന്നിരുന്നു. അജയൻ സുധീഷിന്റെ വീട് സന്ദർശിച്ചശേഷം ഉയർന്ന സൈനിക ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. റഷ്യൻ നിർമ്മിത റഡാർ ഉപയോഗിച്ച് മഞ്ഞുമലയിൽ ജീവൻ നിലനിൽക്കുന്നുണ്ടോ എന്നറിയാനുള്ള പ്രത്യേക സ്കാനിംഗ് നടത്തിയപ്പോൾ സിഗ്നൽ അനുകൂലമായിരുന്നുവെന്ന സൂചനയാണ് ലഭിച്ചത്. ജീവന്റെ കണികപോലും ഇല്ലെങ്കിൽ ചുവന്ന സിഗ്നലും ജീവൻ ഉണ്ടെങ്കിൽ പച്ച സിഗ്നലും തെളിയുന്ന റഡാറിൽ പച്ച സിഗ്നലാണ് തെളിഞ്ഞതെന്ന് സൂചിപ്പിച്ചിരുന്നു. ഇതു സംബന്ധിച്ച് ബി. ബി.സിയിലും പരാമർശം വന്നതോടെയാണ് അജയൻ ഇവരുടെ കമാണ്ടന്റിനോട് വിവരങ്ങൾ ആരാഞ്ഞത്. ഇരുന്നൂറോളം സിവിലിയൻമാരും പത്തിലേറെ സൈനികരുമടങ്ങുന്ന സംഘം സ്ഥലത്ത് തിരച്ചിൽ നടത്തുന്നതായി അറിയിച്ചതായും സുധീഷിന്റെ സഹോദരി ഭർത്താവ് വർക്കല പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ജയപാലൻ കേരളകൗമുദി ഫ്ളാഷിനോട് പറഞ്ഞു. അഭ്യൂഹം യാഥാർത്ഥ്യമാകണേ എന്ന പ്രാർത്ഥനയിലാണ് ബന്ധുക്കളും നാട്ടുകാരും. മുളച്ചൽ ദേവക്ഷേത്രത്തിൽ ഇന്ന് രാവിലെ പ്രത്യേക പൂജയും പ്രാർത്ഥനയും നടത്തുന്നുണ്ട്.
എ. കെ. ആന്റണി സൈനിക നേതൃത്വവുമായി ബന്ധപ്പെട്ടു
സുധീഷിന്റെ സഹോദരി ഭർത്താവ് ജയപാലൻ വിളിച്ചറിയിച്ചതിനെ തുടർന്ന് മുൻ പ്രതിരോധമന്ത്രി എ. കെ. ആന്റണി ഉന്നത സൈനിക നേതൃത്വവുമായി ബന്ധപ്പെട്ടു. ഇന്ന് ഉച്ചയോടെ കൂടുതൽ വിവരങ്ങൾ ശേഖരിച്ച് നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. നേരത്തെ കൊടിക്കുന്നിൽ സുരേഷ് എം.പി കേന്ദ്ര പ്രതിരോധമന്ത്രി പരീക്കറുമായി ബന്ധപ്പെട്ടിരുന്നു. സഹോദരൻ സൈനികനായ സുരേഷും സൈനിക കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിക്കുന്നുണ്ട് .