അച്ഛന്റെ ചിതയ്ക്കു തീ പകരുമ്പോള്‍ മുദ്രാവാക്യം മുഴക്കി മകന്‍

‘ഇല്ലായില്ല മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ…’ അച്ഛന്റെ ചിതയ്ക്കു തീ പകരുമ്പോള്‍ അഭിജിത്ത് ഉച്ചത്തില്‍ വിളിച്ച മുദ്രാവാക്യം ഓര്‍മകള്‍ ചൂടുപിടിപ്പിച്ചു. കൗണ്‍സില്‍ യോഗത്തിനു ശേഷം പ്രകടനത്തിനിടയില്‍ കുഴഞ്ഞു വീണ്, ചികിത്സയിലിരിക്കെ മരിച്ച കായംകുളം നഗരസഭാംഗം വി.എസ്.അജയന്റെ സംസ്‌കാരച്ചടങ്ങിനിടയിലാണു മകന്‍ അഭിവാദ്യംകൊണ്ട് അഞ്ജലിയര്‍പ്പിച്ചത്. സംസ്‌കാരച്ചടങ്ങിനെത്തിയ ജനാവലി ആ ശബ്ദം ഏറ്റുവിളിച്ചു. പനി ബാധിതനായിരുന്നെങ്കിലും കൗണ്‍സില്‍ യോഗത്തിനു പോയ അജയന്‍ കൗണ്‍സിലില്‍ അടിപിടിയുണ്ടായപ്പോള്‍ തര്‍ക്കം പരിഹരിക്കാന്‍ മുന്നില്‍ നിന്നിരുന്നു. തുടര്‍ന്ന്, പ്രകടനമായി സിപിഎം കൗണ്‍സിലര്‍മാര്‍ ഏരിയ കമ്മിറ്റി ഓഫിസിലേക്കു പോയപ്പോഴും അജയന്‍ മുന്നിലുണ്ടായിരുന്നു. അതിനിടയിലാണു ദേഹാസ്വാസ്ഥ്യമുണ്ടായി തളര്‍ന്നത്. എരുവയിലെ വീട്ടില്‍ അജയന്റെ ചിതയ്ക്കു തീ പകരുന്നതിനിടയില്‍ അഭിജിത് മുദ്രാവാക്യം വിളിച്ചതിന്റെ വിഡിയോ സമ!ൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.

Top