നേമത്ത് കുമ്മനത്തിനെതിരെ വിഎസ്: അരങ്ങൊരുങ്ങുന്നത് നിയമസഭാ ചരിത്രത്തിലെ ക്ലാസിക്ക് പോരാട്ടത്തിന്

രാഷ്ട്രീയ ലേഖകൻ

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ക്ലാസിക്ക് പോരാട്ടത്തിനാണ് ഇത്തവണ നേമം നിയമസഭാ മണ്ഡലം വേദിയാകുന്നതെന്നു റിപ്പോർട്ട്. നേമത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ തന്നെ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചതോടെയാണ് രാഷ്ട്രീയത്തിൽ വഴിത്തിരിവുണ്ടായിരിക്കുന്നത്.

 

നിയമസഭയിൽ അക്കൗണ്ട് തുറക്കാൻ രണ്ടും കൽപ്പിച്ചിറങ്ങുന്ന ബിജെപിയെ അവരുടെ മടയിൽ ചെന്നു തളക്കുക എന്ന തന്ത്രവുമായി സിപിഎം നേമത്ത് മത്സരത്തിനറങ്ങുന്നത് തങ്ങളുടെ മടയിലെ തുറുപ്പു ചീട്ടായ വിഎസിനെ തന്നെയാണെന്നാണ് റിപ്പോർട്ടുകൾ.
നേമത്ത് ശക്തമായ ബിജെപി അടിയൊഴുക്കുള്ള മണ്ഡലമാണെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. നിയമസഭയിൽ ഒരു അക്കൗണ്ട് തുറക്കുന്നതിനും ഭരണം പിടിക്കുന്നതിനും നേമം പോലൊരു നിയമസഭാ മണ്ഡലത്തിൽ സംസ്ഥാന പ്രസിഡന്റ് തന്നെ നേരിട്ടു മത്സര രംഗത്തിറങ്ങുന്നതു ഗുണം ചെയ്യുമെന്നും ബിജെപി സംസ്ഥാന നേതൃത്വം കണക്കു കൂട്ടുന്നു. ഇതേ തുടർന്നാണ് കുമ്മനം രാജശേഖരനെ തന്നെ ബിജെപി സംസ്ഥാന നേതൃത്വം ഇവിടെ സ്ഥാനാർഥിയായി നിർത്തിയത്.
നിയമസഭയിൽ അക്കൗണ്ട് തുറക്കുക മാത്രമല്ല, ഭരണം പിടിക്കുകയാണ് ലക്ഷ്യമെന്നു പ്രഖ്യാപിച്ചാണ് ബിജെപി കേരളത്തിൽ ഇത്തവണ തിരഞ്ഞെടുപ്പു പോരിനിറങ്ങുന്നത്. ദേശീയ നേതാക്കളുടെ ഒരു നിര തന്നെ കേരളത്തിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി എത്തുമെന്നും സൂചനയുണ്ട്. അതുകൊണ്ടു തന്നെയാണ് സിപിഎം വിഎസിനെ തന്നെ ബിജെപി സംസ്ഥാന അധ്യക്ഷനെതിരെ രംഗത്തിറക്കുന്നതെന്നു സൂചന ലഭിച്ചിരിക്കുന്നത്. ബിജെപിയെ നഖശിഖാന്തം എതിർക്കുക എന്ന നയമാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ സിപിഎം സ്വീകരിച്ചിരിക്കുന്നത്. ഇതിനു വിഎസ് തന്നെ നേതൃത്വം നൽകണമെന്നു കേന്ദ്ര നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്.
ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി കുമ്മനം രാജശേഖരനെ ഉയർത്തിക്കാട്ടുമ്പോൾ, സിപിഎമ്മിന്റെ ഏറ്റവും കരുത്തനായ നേതാവിനെ തന്നെയാണ് രംഗത്തിറക്കുന്നത്. ബിജെപി എസ്എൻഡിപി സഖ്യത്തിനെ എതിർക്കുന്നതിനായി ഇതേ വിഭാഗത്തിൽ നിന്നു തന്നെയുള്ള വിഎസിനെ സംസ്ഥാന നേതൃത്വം അഴിച്ചു വിട്ടിരിക്കുകയായിരുന്നു. നിയമസഭയിൽ ബിജെപി അക്കൗണ്ട് തുറക്കുന്നതു തടയാൻ ഇതേ വിഎസിനെ തന്നെയാണ് സിപിഎം നേതൃത്വം മുന്നിൽ നിർത്തുന്നതും.

Top