ജോഹന്നസ്ബര്‍ഗ്: കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ വിവിധ രാജ്യങ്ങൾ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള യാത്രകൾ നിരോധിക്കാൻ നിർദ്ദേശം നൽകി. ജർമനി, ഇറ്റലി, ബ്രിട്ടണ്‍ തുടങ്ങിയ രാജ്യങ്ങളാണ് യാത്രാവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. യാത്ര നിരോധിക്കാനുള്ള ബ്രിട്ടന്റെ തീരുമാനത്തിന് പിന്നാലെയാണ് ജര്‍മ്മനിയും ഇറ്റലിയും യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നത്.
അതേസമയം, വെള്ളിയാഴ്ച മുതല്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നും അവരുടെ അയല്‍രാജ്യങ്ങളില്‍ നിന്നുമുള്ള എല്ലാ വിമാനങ്ങളും നിരോധിക്കുമെന്ന് ബ്രിട്ടന്‍ പ്രഖ്യാപിച്ചു. എന്നാല്‍ ബ്രിട്ടന്റെ ഈ തീരുമാനത്തെ ശക്തമായി അപലപിച്ച് ദക്ഷിണാഫ്രിക്ക രംഗത്തെത്തി.
നിരവധി തവണ ജനിതകമാറ്റം സംഭവിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്ന കൊറോണ വൈറസ് വകഭേദത്തിന് ശാസ്ത്രജ്ഞര്‍ ‘B.1.1.529’ എന്നാണ് ലേബല്‍ ചെയ്തിരിക്കുന്നത്. ഡെല്‍റ്റയേക്കാള്‍ രോഗവ്യാപനശേഷിയും നിലവിലുള്ള വാക്‌സിനുകളോട് കൂടുതല്‍ പ്രതിരോധശേഷിയും ഈ വകഭേദത്തിന് ഉണ്ടാകുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം, നവംബര്‍ ആദ്യം മുതല്‍ ദക്ഷിണാഫ്രിക്കയില്‍ പ്രതിദിന കേസുകളുടെ എണ്ണത്തില്‍ പത്തിരട്ടി വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും പ്രധാനപ്പെട്ട വകഭേദമാണ് ‘B.1.1.529’ എന്നാണ് ബ്രിട്ടന്‍ പറയുന്നത്. പുതിയ ‘സൂപ്പര്‍-മ്യൂട്ടന്റ്’ കോവിഡ് വേരിയന്റിന് നിലവിലുള്ള വാക്സിനുകളുടെ കാര്യക്ഷമത 40 ശതമാനമെങ്കിലും കുറയ്ക്കാനാകുമെന്ന് യുകെ ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറയുന്നു.