
റിയാദ്: സൗദിയില്‍ നാളെ മുതല്‍ മൂന്നുമാസത്തെ പൊതുമാപ്പു പ്രഖ്യാപിച്ചു.രാജ്യത്ത് അനധികൃതമായി തങ്ങുന്ന എല്ലാ വിദേശികള്‍ക്കും ബാധകമായ മൂന്നു മാസത്തെ പൊതുമാപ്പാണ് സൗദിഅറേബ്യന്‍ ഭരണകൂടം പ്രഖ്യാപിച്ചത്. നാളെ-ജനുവരി 15; മുതല്‍ ഏപ്രില്‍ 12 വരെയാണ് പൊതുമാപ്പു കാലാവധി. അനധികൃതമായി സൗദിയില്‍ താമസിക്കുന്നവര്‍ക്ക് ശിക്ഷകൂടാതെ രാജ്യംവിടാനുള്ള അവസരമാണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്. വീസ കാലാവധി കഴിഞ്ഞിട്ടും സൗദിയില്‍ തുടരുന്ന ഹജ്ജ്, ഉംറ തീര്‍ത്ഥാടകര്‍ക്കും പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കും.
അനധികൃതമായി സൗദിയില്‍ തുടരുന്ന വിദേശികള്‍ക്ക് ലേബര്‍ ഓഫിസില്‍ ടിക്കറ്റ് ഉള്‍പ്പെടെയുള്ള യാത്രാരേഖകള്‍ ഹാജരാക്കി നടപടിയില്ലാതെ രാജ്യം വിടാനാകും. ഏപ്രില്‍ 12നു ശേഷവും രാജ്യംവിടാന്‍ തയാറാകാത്തവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും ഭരണകൂടും മുന്നറിയിപ്പു നല്കിയിട്ടുണ്ട്.
പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിന് സഹായിക്കാന്‍ പ്രവാസി ഗ്രൂപ്പുകള്‍ രംഗത്തെത്തി; അനധികൃതമായി രാജ്യത്ത് തങ്ങുന്നവരെ സ്വദേശത്തേക്ക് മടക്കി അയയ്ക്കാനുള്ള നടപടികളുമായി സംഘടനകള്‍.ക്രമിനല്‍ കുറ്റം ഒഴികെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവര്‍ക്കും പൊതുമാപ്പ് പ്രയോജനപ്പെടുത്താം. ട്രാഫിക് നിയമലംഘനങ്ങള്‍, ക്രിമിനല്‍കുറ്റം എന്നിവയ്ക്ക് പൊതുമാപ്പ് ബാധകമല്ല.അനധികൃത താമസക്കാരെ കയറ്റിവിടുമ്പോള്‍ വിരലടയാളമെടുത്ത് തിരിച്ചുവരുന്നതിന് വിലക്കേര്‍പ്പെടുത്തുന്ന നടപടി പൊതുമാപ്പ് കാലത്ത് നടപ്പാക്കില്ല. ലേബര്‍ ഓഫിസ് മുഖേന നടപടികള്‍ പൂര്‍ത്തിയാക്കി പാസ്‌പോര്‍ട്ട് ഓഫിസില്‍നിന്ന് ഫൈനല്‍ എക്‌സിറ്റ് വാങ്ങിയാണ് അനധികൃതമായി തങ്ങുന്നവര്‍ രാജ്യം വിടേണ്ടത്.