
മാതാപിതാക്കളേയും മകളേയും വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസിലെ പ്രതി പിണറായി വണ്ണത്താന്‍ വീട്ടില്‍ സൗമ്യയുടെ ഡയറികുറിപ്പുകളിലും കൊലപാതകങ്ങള്‍ നടത്തിയത് താനല്ലെന്ന് ആവര്‍ത്തിച്ച് എഴുതിയിരിക്കുന്നത് കേസിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്നു. വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന സൗമ്യ കഴിഞ്ഞദിവസമാണ് ജയിലിനുള്ളില്‍ തൂങ്ങിമരിച്ചത്. ജയില്‍വാസത്തിനിടയില്‍ നോട്ടുബുക്കുകളില്‍ എഴുതിയ കുറിപ്പുകളിലാണ് താനല്ല കൊലപാതകങ്ങള്‍ നടത്തിയതെന്ന് എഴുതിയിട്ടുള്ളത്. കഥകളും കവിതകളും ജയിലിലെ ജോലി സംബന്ധിച്ച കാര്യങ്ങളും ഡയറിയില്‍ കുറിച്ചിട്ടുണ്ട്.
കഥയിലും കവിതയിലും കേസിന്റെ തുടരന്വേഷണത്തിന് സഹായകരമായ എന്തെങ്കിലുമുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിക്കും. സൗമ്യയുടെ ആത്മഹത്യാകുറിപ്പിലും താനല്ല കൊലപാതകം നടത്തിയതെന്ന് എഴുതിയിരുന്നു. പിണറായി പടന്നക്കരയിലെ കല്ലട്ടി വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന്‍ (76), ഭാര്യ കമല (65 ), പേരക്കുട്ടി ഐശ്വര്യ കിശോര്‍ (എട്ട് ) എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സൗമ്യ എല്ലാവരും തന്നെ ഒറ്റപ്പെടുത്തുകയാണെന്നും താനല്ല മാതാപിതാക്കളെയും മകളേയും കൊന്നതെന്നും കൊലപാതകങ്ങളില്‍ തനിക്ക് പങ്കില്ലെന്നും എന്നെങ്കിലും സത്യം പുറത്തുവരുമെന്നും സഹ തടവുകാരോടും പലതവണ പറഞ്ഞിരുന്നു.
മൂന്ന് കൊലപാതകങ്ങളും സൗമ്യ തനിച്ചാണ് ചെയ്തതെന്ന് നാട്ടുകാരില്‍ ഭൂരിഭാഗവും വിശ്വസിക്കുന്നില്ല. സൗമ്യ പ്രതിയായ മൂന്നു കേസുകളുടെയും കുറ്റപത്രം തലശേരി ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലാണ്. ജില്ലാ സെഷന്‍സ് കോടതിയിലേക്ക് കേസ് കമ്മിറ്റ് ചെയ്ത ശേഷം സൗമ്യയുടെ മരണസര്‍ട്ടിഫിക്കറ്റ് പോലീസ് കോടതിയില്‍ ഹാജരാക്കും. തുടരന്വേഷണമില്ലെങ്കില്‍ കേസ് നടപടികള്‍ മരണസര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതോടെ അവസാനിക്കും.