ന്യൂഡല്‍ഹി: സൗമ്യവധ കേസില്‍ ഗോവനിന്ദ ചാമിയ്ക്ക് തൂക്കുകയറില്ല. കേസില്‍ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജി സുപ്രീം കോടതി തള്ളി. മുന്‍ സുപ്രീം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജുവിന്റെ വാദങ്ങള്‍ നിയമപരമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സുപ്രീം കോടതിയില്‍ നാടകീയ രംഗങ്ങളാണ് ഇന്ന് അരങ്ങേറിയത്.
എന്തുകൊണ്ട് ഗോവിന്ദചാമി ശിക്ഷിക്കപ്പെട്ടണമെന്ന കാര്യത്തില്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കാട്ജുവും സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയും കാര്യമായ വിശദീകരണം തന്നെ കോടതിയില്‍ നല്‍കിയെങ്കിലും പുനപരിശോധന ഹര്‍ജി അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല. തുടര്‍ന്നാണ് ഹര്‍ജി തള്ളുകയാണെന്നും പൊതുജനമധ്യത്തില്‍ കോടതിയെ അപമാനിച്ചതിന് മുന്‍സുപ്രീംകോടതി ജഡ്ജിയായ കാട്ജുവിനെതിരെ കേസെടുക്കണമെന്നും കോടതി ഉത്തരവിട്ടത്. കോടതി ഹാളില്‍ ഉണ്ടായിരുന്ന കാട്ജു ഇതോടെ എഴുന്നേറ്റു നില്‍ക്കുകയും കേസ് പരിഗണിക്കുന്ന ജഡ്ജി രഞ്ജന്‍ ഗൊഗോയിയുമായി വാദപ്രതിവാദത്തിലേര്‍പ്പെടുകയും ചെയ്തു.
സൗമ്യ വധക്കേസില്‍ സംസ്ഥാന സര്‍ക്കാരും സൗമ്യയുടെ അമ്മയും നല്‍കിയ പുനഃപരിശോധന ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധിക്കെതിരേയാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. മുമ്പ് നടത്തിയ വിധിയില്‍ എന്തെങ്കിലും പിഴവുണ്ടെന്നു തോന്നുന്നില്ലെന്നും പിഴവുണ്ടെന്നു തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം, കോടതിയിലേക്കു വിളിച്ചുവരുത്തിയ ജസ്റ്റീസ് മാര്‍ക്കണ്ഡേയ കട്ജുവിനെ അദ്ദേഹത്തിന്റെ വാദങ്ങള്‍ പറയാന്‍ അനുവദിച്ച കോടതി, അത് മുഴുവനും കേട്ട ശേഷമാണ് വിധി പ്രഖ്യാപിച്ചത്. അതേസമയം, കോടതിവിധി അംഗീകരിക്കുന്നില്ലെന്ന് കട്ജു കോടതിയെ അറിയിച്ചു.
സുപ്രീം കോടതി വിധിക്കെതിരേ ഫേസ്ബുക്കില്‍ കുറിപ്പെഴുതിയ ജസ്റ്റീസ് കട്ജുവിനെതിരേ കോടതിയലക്ഷ്യത്തിനു നോട്ടീസ് നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചു. കേസെടുക്കാതിരിക്കാന്‍ കാരണമെന്തെങ്കിലും ഉണ്ടെങ്കില്‍ അറിയിക്കാനും കോടതി കട്ജുവിനോടു പറഞ്ഞു. കോടതിയലക്ഷ്യ നടപടിയെ ഭയക്കുന്നില്ലെന്നു കോടതിയെ അറിയിച്ച ജസ്റ്റീസ് കട്ജുവിനെ, പുറത്തേക്കു വിളിച്ചുകൊണ്ടുപോകാനും കേസ് പരിഗണിച്ച ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് നിര്‍ദ്ദേശിച്ചു. ഇത് സംബന്ധിച്ച് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയിയും ജസ്റ്റീസ് കട്ജുവും തമ്മില്‍ കോടതിമുറിയില്‍ തര്‍ക്കവുമുണ്ടായി. അങ്ങനെ സൗമ്യ വധക്കേസ് സുപ്രീംകോടതിയില്‍ അതീവ നാടകീയ രംഗങ്ങളാണ് സൃഷ്ടിച്ചത്.
സൗമ്യ ട്രെയിനില്‍ നിന്ന് സ്വയം ചാടിയതായി കണ്ടയാള്‍ പറഞ്ഞുവെന്ന സാക്ഷി മൊഴിയാണ് സുപ്രീംകോടതി പ്രധാനമായും പരിഗണിച്ചത്. അതുകൊണ്ട് തന്നെ ഇതിനെ കൊലപാതകക്കുറ്റമായി കാണാനാകില്ലെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. എന്നാല്‍ സൗമ്യയെ ഗോവിന്ദചാമി ക്രൂരമായി ബലാല്‍സംഗത്തിന് വിധേയനാക്കി. ഇതിനെ തുടര്‍ന്ന് സൗമ്യ തീവണ്ടിയില്‍ നിന്ന് ചാടിയെങ്കില്‍ പോലും അതിനെ മരണത്തിലേക്ക് ഗോവിന്ദചാമി തള്ളിവിട്ടതായി കണക്കാക്കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ നിലപാട്. എന്നാല്‍ ഇത് സുപ്രീംകോടതി അംഗീകരിച്ചില്ല. അഡ്വക്കേറ്റ് ആളൂരിന്റെ വാദങ്ങള്‍ പരിഗണിച്ച് ഗോവിന്ദചാമിക്ക് ജീവപര്യന്തം ശിക്ഷമതിയെന്ന നിലപാട് എടുക്കുകയും ചെയ്തു.
ഇതിന് വിമര്‍ശിച്ച് ജസ്റ്റീസ് കട്ജു ഫെയ്സ് ബുക്ക് പോസ്റ്റിട്ടു. ഇതിനെ ഗൗരവമായി കണ്ട സുപ്രീംകോടതി കട്ജുവിന് നോട്ടീസ് അയയ്ക്കുകയും കോടതിക്ക് മുമ്പിലെത്തി വിശദീകരിക്കാനും അവശ്യപ്പെട്ടു. അതിന് ആദ്യം കട്ജു സമ്മതം പ്രകടിപ്പിച്ചില്ല. എന്നാല്‍ പൊതു സമൂഹത്തിന്റെ ആഗ്രഹത്തിന് വഴങ്ങി കട്ജു കോടതിയിലെത്തി. എന്നാല്‍ സുപ്രീംകോടതിയില്‍ നിന്ന് വരിമിച്ച ജസ്റ്റീസിന്റെ വാദങ്ങളെ കോടതി അംഗീകരിച്ചില്ല. 101 ശതമാനം തെളിവുണ്ടെങ്കില്‍ മാത്രം കൊലപാതക കുറ്റം. സംശയം ഉണ്ടെങ്കില്‍ അതിന് കഴിയില്ലെന്ന് വ്യക്തമാക്കിയാണ് ഗോവിന്ദചാമിക്ക് ജീവപര്യന്തമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചത്.
സൗമ്യ വധക്കേസില്‍ ഹൈക്കോടതി ശരിവച്ച വധശിക്ഷ സുപ്രീംകോടതി സെപ്റ്റംബറിലാണ് റദ്ദാക്കിയത്. പകരം ബലാല്‍സംഗത്തിന് ഹൈക്കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ നിലനില്‍ക്കുമെന്ന് സുപ്രീംകോടതി വിധിന്യായത്തില്‍ വ്യക്തമാക്കി. വിചാരണക്കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ശരിവച്ചതിനെ തുടര്‍ന്ന് വധശിക്ഷ റദ്ദാക്കണമെന്ന പ്രതി ഗോവിന്ദച്ചാമിയുടെ ഹര്‍ജിയിലാണ് മൂന്നംഗ ബെഞ്ച് അന്ന് വിധി പറഞ്ഞത്. കേസില്‍ കൊലപാതകം തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഈ ബഞ്ച് തന്നെയാണ് പുനപരിശോധനാ ഹര്‍ജിയും പരിഗണിച്ചത്.
ഗോവിന്ദച്ചാമിക്കെതിരെ ചുമത്തിയ കുറ്റങ്ങളില്‍ ബലാത്സംഗം മാത്രമാണ് തെളിയിക്കപ്പെട്ടതെന്നായിരുന്നു സുപ്രീം കോടതി കണ്ടെത്തിയത്. ഇത് പ്രകാരം നല്‍കാവുന്ന പരമാവധി ശിക്ഷയാണ് ഇത്. ഗോവിന്ദച്ചാമി ഇതിനോടകം ജയിലില്‍ കഴിഞ്ഞ കാലയളവും ശിക്ഷാ കാലയളവായി പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. കേസില്‍ അന്തിമവാദം കേള്‍ക്കവെ കൊലപാതകത്തിന് കോടതി തെളിവുചോദിച്ചത് കേരളമനഃസാക്ഷിയെ ഞെട്ടിച്ചിരുന്നു. ഈ ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ പ്രോസിക്യൂഷന് സാധിച്ചിരുന്നുമില്ല. സൗമ്യവധക്കേസില്‍ തൃശൂര്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ശരിവച്ചതിനെ ചോദ്യം ചെയ്താണ് പ്രതി ഗോവിന്ദച്ചാമി സുപ്രീംകോടതിയെ സമീപിച്ചത്. 2014 ജൂലൈ മുപ്പതിന് ഗോവിന്ദച്ചാമിയുടെ വധശിക്ഷ സ്റ്റേ ചെയ്ത കോടതി കേസില്‍ വിശദമായ വാദം കേട്ടിരുന്നു. സൗമ്യയെ ഗോവിന്ദച്ചാമി ട്രെയിനില്‍ നിന്ന് തള്ളിയിട്ടതിന് കോടതിക്ക് തെളിവുകള്‍ നല്‍കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല.ശാസ്ത്രീയമായ തെളിവുകളും മൊഴികളും കൊലപാതകക്കുറ്റം തെളിയിക്കാന്‍ പര്യാപ്തമാണോ എന്ന ചോദ്യത്തിനും പ്രോസിക്യൂഷന് ഉത്തരംമുട്ടി.
2011 ഫെബ്രുവരി ഒന്നിന് എറണാകുളംഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനിലായിരുന്നു സംഭവം. വള്ളത്തോള്‍ നഗറില്‍ സൗമ്യയെ ട്രെയിനില്‍നിന്നു തള്ളിയിട്ടശേഷം മാനഭംഗപ്പെടുത്തിയെന്നാണു കേസ്. ഗുരുതരമായി പരുക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് ആശുപത്രിയില്‍ മരിച്ചു. ഗോവിന്ദച്ചാമിക്കു വിചാരണക്കോടതി നല്‍കിയ വധശിക്ഷ ഹൈക്കോടതി ശരിവച്ചിരുന്നു. ഈ വിധി ചോദ്യംചെയ്ത് ഇയാള്‍ നല്‍കിയ അപ്പീലിലാണ് പ്രതിയുടെ ശിക്ഷ ജീവപര്യന്തമാക്കിയത്.