കോട്ടയം: ഗോവിന്ദച്ചാമിക്ക് നിയമസഹായം എത്തിക്കുന്നതാരാണ്? ഇയാളുടെ മുംബൈ ബന്ധങ്ങള്‍? ആരുടെ ഇടപെടല്‍? എന്നിങ്ങനെ നൂറു ചോദ്യങ്ങള്‍ ബാക്കിയാണ്. ഗോവിന്ദച്ചാമിയുടെ മുംബൈ ബന്ധങ്ങളില്‍ ദുരൂഹത നിഴലിക്കുകയാണ്. അഭിഭാഷകന്‍ പ്രതിയുമായി ഒത്തുകളിച്ചുവെന്നും പറയുന്നുണ്ട്. ചെന്നൈ മുതല്‍ മുംബൈ വരെ നീളുന്നതാണ് ഗോവിന്ദച്ചാമിയുടെ ബന്ധങ്ങള്‍.
ട്രെയിനുകളില്‍ മാത്രം കുറ്റകൃത്യങ്ങള്‍ നടത്തുന്ന, ചെന്നൈ മുതല്‍ മുംബൈ പനവേല്‍ വരെ നീളുന്ന അധോലോക സംഘത്തിന്റെ പിന്തുണ ഗോവിന്ദച്ചാമിക്കുണ്ടെന്നതിനു സൂചനകള്‍ ആദ്യം മുതല്‍ക്കേ ഉണ്ടായിരുന്നു. ഇവരാണു മുംബൈയില്‍നിന്നു ധനസഹായവും നിയമസഹായവും എത്തിക്കുന്നതത്രേ.
ട്രെയിനിലെ കുറ്റവാളികളുടെ കേന്ദ്രം മുംബൈയിലെ പന്‍വേലിലാണ്. ഈ സംഘത്തിലെ പ്രധാനിയായിരുന്ന ഗോവിന്ദച്ചാമിക്കുവേണ്ടി അഭിഭാഷകരെ സമീപിച്ചത് പന്‍വേലിലെ ചില തമിഴ് സുഹൃത്തുക്കളാണെന്നാണു സൂചന. 2011 ജൂണില്‍ പന്‍വേല്‍ റെയില്‍വേ പൊലീസ് ട്രെയിനുകളില്‍ മോഷണം നടത്തുന്ന നാലുപേരെ പിടികൂടി. ഗോവിന്ദച്ചാമിയുമായി അടുത്തബന്ധമുണ്ടെന്നു സംശയിക്കുന്ന ചെന്നൈ സ്വദേശികള്‍ പിടിയിലായതോടെ ഞെട്ടിക്കുന്ന വിവരങ്ങളാണു ലഭിച്ചത്. പിടിയിലാകുന്ന സംഘാംഗങ്ങള്‍ക്കുവേണ്ടി മികച്ച അഭിഭാഷകരെ എത്തിക്കാന്‍ സംഘത്തിനു സ്ഥിരം സംവിധാനമുണ്ട്. ഇതിനായി ചെലവഴിക്കാന്‍ ആവശ്യത്തിനു പണവും.
സൗമ്യ വധക്കേസിനുശേഷം രാജ്യത്തെ ട്രെയിനുകളില്‍ റെയില്‍വെ പൊലീസും വിവിധ സംസ്ഥാന പൊലീസും സുരക്ഷ വര്‍ധിപ്പിച്ചുവെങ്കിലും മോഷണങ്ങള്‍ക്കു കുറവുണ്ടായില്ല. ‘ധൈര്യശാലികളായ ബുദ്ധിമാന്മാര്‍’ മുംബൈയില്‍ പന്‍വേല്‍ കേന്ദ്രീകരിച്ച ട്രെയിന്‍ കുറ്റവാളികളുടെ അധോലോകത്തില്‍ ദക്ഷിണേന്ത്യയില്‍നിന്നുള്ള പിടിച്ചുപറിക്കാര്‍ക്കുള്ള വിശേഷണം ഇതാണ്. ഗോവിന്ദച്ചാമിയെപ്പോലെ എന്തിനും പോന്നവരെയാണ് ട്രെയിനിലെ മോഷണസംഘത്തില്‍ കൂടുതലും ഉള്‍പ്പെടുത്തുന്നത്. എല്ലാ ദീര്‍ഘദൂര ട്രെയിനുകളും നിര്‍ത്തുന്ന റെയില്‍വേ ഹബ്ബാണു പന്‍വേല്‍, കൊങ്കണ്‍പാതയുടെ ആസ്ഥാനവുമാണ്. എപ്പോഴും തിരക്കേറിയ പന്‍വേല്‍ സ്റ്റേഷനും പരിസരത്തെ ചേരികളും കുറ്റവാളികള്‍ക്കു മാസങ്ങളോളം ഒളിച്ചിരിക്കാന്‍ പറ്റിയ സ്ഥലം കൂടിയാണ്.