മാളിലെ ടോയ്‌ലറ്റിലിരുന്ന് മുലയൂട്ടേണ്ട ഗതികേട് പങ്കുവച്ച് അമ്മയുടെ കുറിപ്പ്. കൊല്‍ക്കത്തയിലെ മാളിലാണ് യുവതിക്ക് ദുരനുഭവമുണ്ടായത്. മുലയൂട്ടാന്‍ കഴിയാത്തതിലെ വിഷമം പങ്കുവച്ചുകൊണ്ട് അരൂപ ദാസ് അധികാരി ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റ് വലിയ ചര്‍ച്ചയാകുകയാണ്.
കൊല്‍ക്കത്ത സൗത്ത് സിറ്റി മാളിലെത്തിയ തനിക്ക് മുലയൂട്ടുന്നതിന് സൗകര്യമുണ്ടായില്ലെന്നും ടോയ്ലറ്റില്‍ ഇരുന്ന് മുലയൂട്ടേണ്ടി വന്നുവെന്നും പറഞ്ഞുകൊണ്ടാണ് അരൂപ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്. ഇതിന് സൗത്ത് സിറ്റിമാള്‍ അധികൃതര്‍ നല്‍കിയ മറുപടിയാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്.
മാളിലെത്തിയ നിങ്ങള്‍ക്ക് മുലയൂട്ടാന്‍ കഴിയാത്തത് ഇത്രയും വലിയൊരു പ്രശ്നമായി കാണുന്നത് തമാശയാണെന്നും മറ്റുള്ളവരുടെ സ്വീകാര്യത മാനിക്കുന്നത് അടക്കമുള്ള നിരവധി പ്രശ്നങ്ങള്‍ കണക്കിലെടുത്ത് മാളില്‍ മുലയൂട്ടല്‍ അനുവദിക്കാന്‍ സാധിക്കില്ലെന്നുമായിരുന്നു മറുപടി. കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടേണ്ടത് വീട്ടില്‍ ഇരുന്നാണ്. അല്ലാതെയുള്ളപ്പോള്‍ എന്തെങ്കിലും കരുതിയിരിക്കണം. കൂടാതെ എപ്പോള്‍ വേണമെങ്കിലും മുലയൂട്ടാം എന്നത് മാറ്റി, ഓരോ ദിവസവും പ്ലാന്‍ ചെയ്ത് നീങ്ങണമെന്നും കമന്റില്‍ പറയുന്നു. സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടാനുള്ള അവകാശം നിഷേധിച്ചതിനും ഇത്തരത്തില്‍ മോശം പരാമര്‍ശം നടത്തിയതിനുമെതിരേ നിരവധി വിമര്‍ശനങ്ങളാണ് മാളിനെതിരേ ഉയര്‍ന്നിരിക്കുന്നത്.
തങ്ങളുടെ കമന്റിനെതിരേ വന്‍ വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് മാള്‍ ഉടമകള്‍ കമന്റുകള്‍ നീക്കം ചെയ്യുകയും ബുധനാഴ്ച ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍, അരൂപയുടെ പോസ്റ്റ് വന്നതോടെ സമാനമായ പരാതിയുമായി മറ്റ് സ്ത്രീകളും രംഗത്തെത്തി. കൂടാതെ മറ്റ് പല മാളുകളിലും ഇതിനുള്ള സൗകര്യം ലഭ്യമാണെന്നും അഭിലാഷയുടെ പോസ്റ്റിന് മറുപടിയായി ലഭിച്ചിട്ടുണ്ട്.
കുട്ടികളെ വീട്ടില്‍ മാത്രം ഇരുത്തേണ്ടവരല്ലെന്നും അവര്‍ക്ക് എപ്പോഴൊക്കെയാണോ വിശക്കുന്നത് അപ്പോഴൊക്കെ മുലപ്പാല്‍ നല്‍കണം എന്നതടക്കമുള്ള കമന്റുകളാണ് വന്നത്. സാരിയിലും ചുരിദാറിലുമെല്ലാം പൊതു ഇടങ്ങളില്‍ മുലയൂട്ടുന്ന അമ്മമാരുടെ കാഴ്ച ഇന്ന് രാജ്യത്തിന് സുപരിചിതമാണ്. അതില്‍ ഒരു അസ്വാഭാവികതയും കാണേണ്ടതില്ല, പൊതുപരിപാടികളിലും, പൊതുവാഹനങ്ങളിലുമെല്ലാം സ്ത്രീകള്‍ മുലയൂട്ടാറുണ്ടെന്നതടക്കം പ്രതികരണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.