കൊച്ചിയില്‍ ഐഎസ് ആക്രമണത്തിന് സാധ്യത..!! ലക്ഷ്യം മാളുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: കൊച്ചിയില്‍ ഐഎസ് ആക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കൊച്ചിയിലെ പ്രമുഖ ഷോപ്പിങ് മാളുകള്‍ ഉള്‍പ്പെടെ പ്രധാന സ്ഥാപനങ്ങള്‍ ആക്രമിക്കാന്‍ ഐഎസ് ഭീകരര്‍ ആസൂത്രണം നടത്തുന്നതായാണ് റിപ്പോര്‍ട്ട്. ഇക്കാര്യങ്ങള്‍ വിവരിക്കുന്ന കത്ത് ഇന്റലിജന്‍സ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ഇതോടെ കൊച്ചി വിമാനത്താവളത്തില്‍ അടക്കം സുരക്ഷ ശക്തമാക്കി.

കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കശ്മീര്‍ എന്നിവിടങ്ങളിലാണ് ഐഎസ് സാന്നിധ്യമുറപ്പിക്കുന്നത്. ടെലഗ്രാം മെസന്‍ജര്‍ വഴിയായിരുന്നു സന്ദേശങ്ങള്‍ കൈമാറിയിരുന്നത്. എന്നാല്‍ വിവരങ്ങള്‍ ചോരാന്‍ തുടങ്ങിയതോടെ ചാറ്റ് സെക്യുര്‍, സിങ്‌നല്‍ ആന്‍ഡ് സൈലന്റ്‌ െടക്സ്റ്റ് തുടങ്ങിയ ആപ്ലിക്കേഷന്‍ വഴിയാണ് ഇപ്പോള്‍ വിവരങ്ങള്‍ കൈമാറുന്നത്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളത്തില്‍നിന്നും 100 പേരെങ്കിലും ഐഎസില്‍ ചേരാന്‍ താല്‍പര്യപ്പെട്ടിരുന്നുവെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 21 കൗണ്‍സിലിങ് സെന്ററുകളിലായി 3000 േപരെ തീവ്രചിന്താഗതിയില്‍ നിന്നും മോചിപ്പിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവരില്‍ ഏറെയും വടക്കന്‍ കേരളത്തില്‍ നിന്നാണ്. ഇവരെ നിരീക്ഷിച്ചു വരുന്നതായും അധികൃതര്‍ പറഞ്ഞു. തീവ്രചിന്താഗതിക്കാരായ 30 പേരെ നിരീക്ഷിച്ചുവരുന്നതായി പൊലീസ് പറഞ്ഞു.

ഐഎസ് ഭീഷണി ഉയര്‍ന്നതോടെ കേരള തീരത്ത് സുരക്ഷ ശക്തമാക്കി. ഇന്ത്യന്‍ മഹാസമുദ്രത്തോട് ചേര്‍ന്നുള്ള ഇന്ത്യന്‍ തീരങ്ങളിലും ശ്രീലങ്കയിലുമാണ് ഏറ്റവും അധികം ഐഎസ് ഭീഷണിയുള്ളത്. സിറിയയിലും ഇറാഖിലും ശക്തി ക്ഷയിച്ചതോടെയാണ് പുതിയ സ്ഥലങ്ങളില്‍ ഐഎസ് വേരുറപ്പിക്കുന്നത്.

Top