സ്പീക്കര്‍ ചെരുപ്പഴിക്കാന്‍ ബുദ്ധിമുട്ടുന്നതു കണ്ട് താന്‍ അറിഞ്ഞു സഹായിക്കുകയായിരുന്നു-ഡ്രൈവര്‍

തിരുവനന്തപുരം :ചെരുപ്പിന്റെ വാറഴിച്ചത് സ്പീക്കര്‍ പറഞ്ഞിട്ടല്ലെന്ന് ഡ്രൈവര്‍ ബിജു രംഗത്തെത്തി .ചെരിപ്പ് അഴിയ്ക്കാന്‍ തന്നോട് സ്പീക്കര്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും കുനിയാന്‍ ബുദ്ധിമുട്ടുള്ള സ്പീക്കര്‍ ചെരുപ്പഴിക്കാന്‍ ബുദ്ധിമുട്ടുന്നതു കണ്ട് താന്‍ അറിഞ്ഞു സഹായിക്കുകയായിരുന്നു എന്നും ബിജു വ്യക്തമാക്കി.തന്റെ അപ്രതീക്ഷിതമായ നീക്കം സ്പീക്കറെ ഇത്രയേറെ വിവാദങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കുമെന്ന് കരുതിയിരുന്നില്ലെന്നും ഇനി പൊതുജന മധ്യത്തില്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുമെന്നും ബിജു പറഞ്ഞു. സ്പീക്കര്‍ ഡ്രൈവറെക്കൊണ്ട് തന്റെ ചെരിപ്പിന്റെ വാറഴിപ്പിച്ചത് വിവാദമായതിന്റെ പശ്ചാത്തലത്തിലായിരുന്നു ഡ്രൈവറുടെ വിശദീകരണം.നിയമസഭയില്‍ ഇന്നലെ നടന്ന കൊയ്ത്തുത്സവത്തിനിടെ ആയിരുന്നു വിവാദ സംഭവങ്ങള്‍ ഉണ്ടായത്. കൊയ്ത്തുകഴിഞ്ഞ് നെല്ല് മെതിയ്ക്കാന്‍ സ്പീക്കറും മന്ത്രി കെ.പി മോഹനനും അടുത്ത് വിരിച്ചിരുന്ന പായയിലേയ്ക്ക് കയറവേയാണ് സ്പീക്കറുടെ ഡ്രൈവറായ ബിജു ചെരുപ്പഴിക്കാന്‍ സഹായിക്കാനെത്തിയത്.

സംഭവം വിവാദമായതോടെ, താന്‍ വളരെക്കാലമായി കുനിയാന്‍ പറ്റാത്ത അസുഖത്തിലാണെന്ന വിശദീകരണവുമായി സ്പീക്കര്‍ രംഗത്തെത്തി.ചെരിപ്പഴിപ്പിച്ച നടപടി വിവാദമായതിനെ തുടര്‍ന്ന് വിശദീകരണവുമായി നിയമസഭാ സ്പീക്കര്‍ എന്‍.ശക്തന്‍. കണ്ണിന് ഗുരുതര രോഗമുള്ളതിനാല്‍ ബന്ധുവും ഡ്രൈവറും കൂടിയായ ബൈജു ചെരുപ്പഴിച്ച് തരികയായിരുന്നെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നടപടി ഒരിക്കലും ബോധപൂര്‍വം ആയിരുന്നില്ല. അസുഖത്തിന്‍െറ ഭാഗമായി ഡ്രൈവര്‍ എടുത്ത മുന്‍ കരുതലാണിതെന്നും ശക്തന്‍ പറഞ്ഞു.
19 വര്‍ഷമായി അസുഖമുള്ളയാളാണ് താന്‍. കണ്ണിന്‍െറ കാഴ്ച നഷ്ടപ്പെടുന്ന രോഗമാണത്. രോഗത്തിന്‍െറ ഭാഗമായി ഒരുകണ്ണിന്‍െറ കാഴ്ച പൂര്‍ണമായും മറ്റൊരു കണ്ണിന്‍െറ കാഴ്ച ഭാഗികമായും നഷ്ടപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ രോഗമുള്ളവര്‍ക്ക് കുനിയാനോ ഭാരമുള്ള പ്രവൃത്തികളില്‍ ഏര്‍പ്പെടാനോ പാടില്ല. അതിനാല്‍ ഇതെല്ലാം അറിയുന്ന ഡ്രൈവര്‍ ആവശ്യപ്പെടാതെ തന്നെ സഹായിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് രോഗം വന്നതിന് ശേഷമാണ് ബന്ധു കൂടിയായ ബൈജുവിനെ ഡ്രൈവറായി നിയമിക്കുന്നത്. രോഗവിവരമറിയുന്നതിനാല്‍ യാത്രകളില്‍ ബൈജു എപ്പോഴും കൂടെയുണ്ടാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചെരിപ്പഴിക്കേണ്ട സന്ദര്‍ഭങ്ങളില്‍ സാധാരണ കെട്ടില്ലാത്തവയാണ് ഇടാറുള്ളത്. എന്നാല്‍ കറ്റമെതിക്കാന്‍ പോകുമ്പോള്‍ ചെരിപ്പഴിക്കേണ്ടതില്ളെന്ന് കരുതിയാണ് കെട്ടുള്ള ചെരിപ്പിട്ടതെന്നും സ്പീക്കര്‍ വിശദീകരിച്ചു.
കഴിഞ്ഞ 34 വര്‍ഷമായി താന്‍ ജനങ്ങളുടെ പ്രതിനിധിയാണ്. തലക്കനമുള്ള ഒരാളാണെന്ന് ആരും തന്നെ കുറിച്ച് പറഞ്ഞിട്ടില്ല. നിസാരമായ ഒരു കാര്യത്തിന് അമിത പ്രാധാന്യം നല്‍കി വിവാദമുണ്ടാക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top