ആളുകള്‍ നോക്കിനില്‍ക്കെ പെണ്‍കുട്ടിയുടെ ദേഹത്ത് ഭാരമേറിയ സ്പീക്കര്‍ കയറ്റിവെച്ച് സുവിശേഷകനും കയറി ഇരുന്നു; പെണ്‍കുട്ടി ദാരുണമായി കൊല്ലപ്പെട്ടു

Pastor-Kills-Woman

പ്രിട്ടോറിയ: സുവിശേഷകനും സഹായികളും ചേര്‍ന്ന് പെണ്‍കുട്ടിയെ ദാരുണമായി കൊലപ്പെടുത്തി. ഞെട്ടിപ്പിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. ദൈവശക്തി കാണിച്ചു തരാമെന്ന് പറഞ്ഞ് സുവിശേഷകന്‍ പെണ്‍കുട്ടിയുടെ ദേഹത്ത് ഭാരമേറിയ സ്പീക്കര്‍ കയറ്റിവെക്കുകയായിരുന്നു.

സ്പീക്കര്‍ ദേഹത്തു കയറ്റിവച്ച് അതിനുമുകളില്‍ സുവിശേഷകനും കയറി ഇരുന്നു. സഹായികള്‍ ചുറ്റും നിന്ന് ചിരിച്ചു. ആമാശയവും ശ്വാസകോശവും വാരിയെല്ലും തകര്‍ന്നാണ് പെണ്‍കുട്ടി മരിച്ചത്. ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിലാണ് സംഭവം. ദൈവശക്തി കാണിച്ചു തരാമെന്നു പറഞ്ഞ് പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തിയ ശേഷമായിരുന്നു ഇയാളുടെ ശക്തിപ്രകടനം പെണ്‍കുട്ടി മരിച്ചപ്പോള്‍ ഉറച്ച ദൈവവിശ്വാസം ഇല്ലാത്തതിനാലാണെന്നു പറഞ്ഞ് കൈകഴുകുകയാണ് പാസ്റ്റര്‍ ചെയ്തത്.

പോളോക് വാനിയിലെ മൗണ്ട് സിയോണ്‍ ജനറല്‍ അസംബ്ലി പള്ളിയില്‍ കഴിഞ്ഞ ഞായറാഴ്ച രാത്രി ആരാധനയ്ക്കിടെയാണ് ദൈവത്തിന്റെ അത്ഭുത പ്രവൃത്തി വിശദീകരിക്കാന്‍ പാസ്റ്ററായ ലെതെബോ റബലങ്ങോ ഒരു പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചത്. യേശു വെള്ളത്തിന് മുകളിലൂടെ നടന്നതു പോലുള്ള അത്ഭുത പ്രവൃത്തി താന്‍ കാണിക്കാമെന്നും ദൈവാനുഗ്രഹത്താല്‍ വേദന അറിയില്ലെന്നും പറഞ്ഞു. പെണ്‍കുട്ടിയോട് തറയില്‍ കിടക്കാന്‍ ആവശ്യപ്പെട്ട ഇയാള്‍ സഹായികളോട് പെണ്‍കുട്ടിയുടെ ദേഹത്ത് ഭാരമേറിയ സ്പീക്കര്‍ കയറ്റി വെക്കാന്‍ നിര്‍ദ്ദേശിച്ചു. കണ്ണടച്ച് കിടന്ന പെണ്‍കുട്ടിക്ക് വേദനിക്കുന്നത് കണക്കിലെടുക്കാതെ ഇയാളും സ്പീക്കറിന് മുകളില്‍ കയറി ഇരുന്നു. മിനിറ്റുകള്‍ക്കും ശേഷം എഴുന്നേറ്റ് ഇയാള്‍ സ്പീക്കര്‍ മാറ്റിയെങ്കിലും പെണ്‍കുട്ടി കണ്ണു തുറന്നില്ല.

പിന്നീട് സുവിശേഷകന്റെ സഹായികള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ തൂക്കിയെടുത്ത് മാറ്റിക്കിടത്തി. വാരിയെല്ലിനും ശ്വാസകോശത്തിനും ആമാശയത്തിനും പരുക്കേറ്റ പെണ്‍കുട്ടിയെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു. സംഭവം നടന്നത് തന്റെ കുറ്റമല്ലെന്നും പെണ്‍കുട്ടിക്ക് ഉറച്ച ദൈവവിശ്വാസമില്ലാത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നുമാണ് സുവിശേഷകന്റെ വാദം. സംഭവത്തില്‍ പരാതികള്‍ ഇല്ലാത്തതിനെത്തുടര്‍ന്ന് ഇയാള്‍ക്കെതിരെ നടപടികളൊന്നും ഇതുവരെയും സ്വീകരിച്ചിട്ടില്ല.

Top