സ്പീക്കറെ നീക്കണമെന്ന് പ്രതിപക്ഷത്തിന്റെ നോട്ടീസ്; കാരണം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധം

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെ പ്രതിപക്ഷത്തിന്റെ നോട്ടിസ്. സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ട് എം ഉമ്മര്‍ എംഎല്‍എയാണ് നോട്ടിസ് നല്‍കിയത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷത്തിന്റെ നടപടി.

നേരത്തെ ഇതേ ആവശ്യം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. അന്ന് സര്‍ക്കാരിനെതിരായ അവിശ്വാസത്തിന്റെ ഭാഗമായാണ് സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷം നോട്ടീസ് നല്‍കിയത്. ഡോളര്‍ അടങ്ങിയ ബാഗ് സ്പീക്കര്‍ തങ്ങള്‍ക്ക് കൈമാറിയെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്നയും സരിത്തും നിര്‍ണായക മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്പീക്കറെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് തയ്യാറെടുക്കവെയാണ് പ്രതിപക്ഷം നോട്ടീസ് നല്‍കിയിരിക്കുന്നത്.

സ്വര്‍ണക്കടത്തിന്റെ ഭാഗമായ ഡോളര്‍ കടത്തില്‍ ഭരണഘടനാ പദവിയിലിരിക്കുന്ന ഉന്നത വ്യക്തി തന്നെ ഉള്‍പ്പെട്ടതോടെ വിദഗ്ദ്ധ നിയമോപദേശം കൂടി സ്വീകരിച്ചായിരിക്കും കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ തുടര്‍ നടപടികള്‍. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സ്പീക്കറെ മറ്റ് അന്വേഷണ ഏജന്‍സികളും ചോദ്യം ചെയ്യാന്‍ സാദ്ധ്യതയുണ്ട്.

Top